Top

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി ദ്രാവിഡ് യുഗം തന്നെ; ഔദ്യോഗിക പ്രഖ്യാപനം വന്നു

നിലവിലെ പരിശീലകന്‍ രവി ശാസ്ത്രി ട്വന്റി 20 ലോകകപ്പിനു ശേഷം സ്ഥാനമൊഴിയുകയാണ്. ലോകകപ്പിനു പിന്നാലെ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കു മുമ്പായി ദ്രാവിഡ് പരിശീലകനായി സ്ഥാനമേല്‍ക്കും.

3 Nov 2021 3:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി ദ്രാവിഡ് യുഗം തന്നെ; ഔദ്യോഗിക പ്രഖ്യാപനം വന്നു
X

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു. ഇതു സംബന്ധിച്ച് ഇന്നു ബി.സി.സി.ഐയുടെ ക്രിക്കറ്റ് ഉപദേശക സമിതി തീരുമാനം കൈക്കൊണ്ടു. ഇന്ത്യന്‍ വനിതാ ടീം മുന്‍ വിക്കറ്റ് കീപ്പര്‍ സുലക്ഷണ നായ്ക്, മുന്‍ ഇന്ത്യന്‍ പേസര്‍ ആര്‍.പി. സിങ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

നിലവിലെ പരിശീലകന്‍ രവി ശാസ്ത്രി ട്വന്റി 20 ലോകകപ്പിനു ശേഷം സ്ഥാനമൊഴിയുകയാണ്. ലോകകപ്പിനു പിന്നാലെ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കു മുമ്പായി ദ്രാവിഡ് പരിശീലകനായി സ്ഥാനമേല്‍ക്കും.

നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം 2016-ല്‍ യുവതാരങ്ങളെ കണ്ടെത്തി വളര്‍ത്തിയെടുക്കാനുള്ള ദൗത്യം നല്‍കിയാണ് ബി.സി.സി.ഐ. ഈ ചുമതല ദ്രാവിഡിനെ ഏല്‍പിച്ചത്.

നിലവിലെ ഇന്ത്യന്‍ ടീമംഗങ്ങളായ ഋഷഭ് പന്ത്, പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, ഹനുമ വിഹാരി തുടങ്ങിയവര്‍ ജൂനിയര്‍ ടീമില്‍ രാഹുലിന്റെ ശിക്ഷണത്തില്‍ പ്രതിഭ തേച്ചു മിനുക്കിയവരാണ്. യശ്വസി ജയ്സ്വാള്‍, ആവേശ് ഖാന്‍, രവി ബിഷ്ണോയ് തുടങ്ങി മറ്റൊരു യുവ സംഘം ടീം ഇന്ത്യയുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നു. ഇതിനിടെ 2016 ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ലോകകപ്പ് റണ്ണറപ്പും 2018-ല്‍ ജേതാക്കളുമാക്കി.

30 വയസു പിന്നിട്ട നായകന്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്കു രണ്ടുവര്‍ഷത്തിനപ്പുറം പകരക്കാര്‍ വേണ്ടിയിരിക്കെ ഇന്ത്യയുടെ യുവസമ്പത്ത് വ്യക്തമായി അറിയാവുന്ന ദ്രാവിഡിന്റെ പുതുനിയോഗം ടീം ഇന്ത്യയുടെ ഭാവി കെട്ടിപ്പടുക്കുകയെന്നതാണ്.

ഇന്ത്യന്‍ ടീമില്‍ നിലവില്‍ രണ്ടു ചേരികള്‍ ഉണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോഹ്ലിയുടെ നേതൃത്വത്തില്‍ ഒന്നും രോഹിതിന്റെ നേതൃത്വത്തില്‍ മറ്റൊന്നായും ടീം തരംതിരിഞ്ഞു കഴിഞ്ഞുവെന്നും സ്ഥിരീകരിക്കപ്പെടാത്ത വാര്‍ത്തകള്‍ ഉണ്ട്. ഇതു ശരിയാണെങ്കില്‍ ഈ പ്രശ്നം ഒതുക്കുകയാകും ദ്രാവിഡിന്റെ ആദ്യത്തെ തലവേദന.

Next Story

Popular Stories