Top

മരുഭൂമിയിലേക്ക് മണല്‍ കയറ്റി അയയ്ക്കരുത്!!! ബി.സി.സി.ഐയ്ക്ക് മുന്നറിയിപ്പുമായി ജഡേജ

ക്രിക്കറ്റില്‍ അച്ചടക്കവും ആത്മസമര്‍പ്പണവും വേണമെങ്കില്‍ അതു കണ്ടു പഠിക്കേണ്ട വ്യക്തിത്വങ്ങളില്‍ ഒന്നാണ് ദ്രാവിഡെന്നും ജഡേജ പറഞ്ഞു.

5 Nov 2021 3:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മരുഭൂമിയിലേക്ക് മണല്‍ കയറ്റി അയയ്ക്കരുത്!!! ബി.സി.സി.ഐയ്ക്ക് മുന്നറിയിപ്പുമായി ജഡേജ
X

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിനെ നിയമിച്ചത് കഴിഞ്ഞ ദിവസമാണ്. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനു ശേഷം നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കു മുമ്പായി ദ്രാവിഡ് ഔദ്യോഗികമായി ചുമതലയേല്‍ക്കും. ക്രിക്കറ്റ് കളത്തിന് അകത്തും പുറത്തും ക്ഷമയുടെയും മാന്യതയുടെയും പര്യായമായ ദ്രാവിഡ് പരിശീലകനായി എത്തുമ്പോള്‍ ബി.സി.സി.ഐയ്ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് മുന്‍ താരം അജയ് ജഡേജ.

ദ്രാവിഡ് സ്ഥാനമേല്‍ക്കുമ്പോള്‍ ടീമിനെ എങ്ങനെ പരിശീലിപ്പിക്കണമെന്ന് അദ്ദേഹത്തെ പഠിപ്പിക്കാന്‍ ശ്രമിക്കരുതെന്നാണ് ജഡേജ ബി.സി.സി.ഐയോട് ആവശ്യപ്പെടുന്നത്. ക്രിക്കറ്റില്‍ അച്ചടക്കവും ആത്മസമര്‍പ്പണവും വേണമെങ്കില്‍ അതു കണ്ടു പഠിക്കേണ്ട വ്യക്തിത്വങ്ങളില്‍ ഒന്നാണ് ദ്രാവിഡെന്നും ജഡേജ പറഞ്ഞു.

''പരിശീലകര്‍ എപ്പോഴും ടീമംഗങ്ങള്‍ക്കു മാതൃകയാകേണ്ടവരാണ്. ടീമിലെ യുവതാരങ്ങള്‍ക്ക് പരിശീലകനില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് അച്ചടക്കവും സമര്‍പ്പണവും. അത് കണ്ട് പഠിക്കാന്‍ പറ്റിയ താരമാണ് ദ്രാവിഡ്. ഇന്ത്യയുടെ ട്വന്റി 20 ക്രിക്കറ്റ് ടീം ക്യാപ്റ്റനെ ദ്രാവിഡ് തെരഞ്ഞെടുക്കുകയാകും അഭികാമ്യം. ദ്രാവിഡിന് പരിശീലകനെന്ന നിലയില്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കണം.''- ജഡേജ പറഞ്ഞു.

''ദ്രാവിഡിനെപ്പോലൊരാള്‍ ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നെങ്കില്‍ അദ്ദേഹത്തിന് ഇഷ്ടത്തിന് അനുസരിച്ച് ടീമിനെ ഒരുക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കുകയാണ് വേണ്ടത്. അല്ലാതെ പരിശീലിപ്പിക്കേണ്ടതെങ്ങനെയെന്ന് ദ്രാവിഡിനെ പഠിപ്പിക്കാന്‍ പോകരുത്.''- കൂട്ടിച്ചേര്‍ത്തു.

Next Story

Popular Stories