Top

ധോണിയെ എന്തിന് 'ടീമിലെടുത്തു?'

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തില്‍ ഏറെ ശ്രദ്ധേയമായ നിയമനമായിരുന്നു ധോണിയുടേത്. മൂന്നു ഐ.സി.സി. ട്രോഫികള്‍ നേടിയ അനുഭവസമ്പത്തുള്ള മുന്‍ നായകനെ ടീമിന്റെ ഉപദേഷ്ടാവായി നിയമിക്കുന്നു. ടീം ഇന്ത്യക്ക് അല്ലാതെ മാറ്റാര്‍ക്കും ഇനി ലോകകപ്പ് കിട്ടില്ലെന്നാണ് ആരാധകര്‍ വാഴ്ത്തിപ്പാടിയത്.

1 Nov 2021 2:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ധോണിയെ എന്തിന് ടീമിലെടുത്തു?
X

ഓറഞ്ച് രാഹുല്‍, ഹിറ്റ്മാന്‍ രോഹിത്, കിങ് കൊഹ്ലി, 360 സൂര്യ, ഫിയര്‍ലെസ് പന്ത്, കുങ്ഫു പാണ്ഡ്യ, റോക്ക് സ്റ്റാര്‍ ജഡ്ഡു, ലോര്‍ഡ് താക്കൂര്‍, ഹീറോ ഷമി, ബും ബും ബുംറ, മിസ്റ്ററി വരുണ്‍... ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ആരംഭിക്കും മുമ്പ് വിരലില്‍ എണ്ണി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ ചൂണ്ടിക്കാട്ടിയിരുന്ന താരനിരയാണിത്.

രണ്ടു മാസം മുമ്പ് വരെ ഓസ്‌ട്രേലിയയിലും ശ്രീലങ്കയിലും(അതും യുവനിര) മറ്റും തകര്‍പ്പന്‍ പ്രകടനം കാട്ടി എതിരാളികളെ അമ്പരപ്പിച്ച താരനിര. 2021 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് മറ്റാരും കൊതിക്കേണ്ടെന്ന് ആരാധകര്‍ വീമ്പിളക്കിയതില്‍ കുറ്റംപറയാനാകുമോ? അമ്മാതിരി പെര്‍ഫോര്‍മന്‍സ് അല്ലെ ഇവര്‍ കാട്ടിയത്.

എന്നാല്‍ രണ്ടുമാസത്തിനിപ്പുറം 'പവനായി ശവമായി' എന്ന അവസ്ഥയിലായി ഈ ടീം. ഇതിനിടയില്‍ എന്താണ് സംഭവിച്ചത് എന്നു ചോദിച്ചാല്‍ ഒന്നും പറയാനില്ല. ആകെ ഒരു മാറ്റം മാത്രമേ വന്നിട്ടുള്ളൂ... ഈ ടീമിന്റെ ഉപദേഷ്ടാവായി മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ ബി.സി.സി.ഐ. നിയമിച്ചു. ബാക്കിയെല്ലാം പഴയതുപോലെ തന്നെ.

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തില്‍ ഏറെ ശ്രദ്ധേയമായ നിയമനമായിരുന്നു ധോണിയുടേത്. മൂന്നു ഐ.സി.സി. ട്രോഫികള്‍ നേടിയ അനുഭവസമ്പത്തുള്ള മുന്‍ നായകനെ ടീമിന്റെ ഉപദേഷ്ടാവായി നിയമിക്കുന്നു. ടീം ഇന്ത്യക്ക് അല്ലാതെ മാറ്റാര്‍ക്കും ഇനി ലോകകപ്പ് കിട്ടില്ലെന്നാണ് ആരാധകര്‍ വാഴ്ത്തിപ്പാടിയത്. എന്നിട്ടിപ്പോള്‍ കാര്യങ്ങള്‍ ഗുദാ ഹവാ...ശരിക്കും ടീം ഇന്ത്യക്ക് ഒരു ഉപദേശകന്റെ ആവശ്യമുണ്ടായിരുന്നോ. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരേ അവരുടെ മണ്ണില്‍ ട്വന്റി 20 പരമ്പതര 5-0ന് ജയിച്ചത് ആരുടെയെങ്കിലും ഉപദേശം കൊണ്ടായിരുന്നോ? പിന്നീട് ഓസ്‌ട്രേലിയയില്‍, ശ്രീലങ്കയില്‍... എവിടെയെങ്കിലും ഇന്ത്യന്‍ ടീമിന് ഉപദേശകന്റെ ആവശ്യം വേണ്ടി വന്നോ?

പിന്നെ എന്തായിരുന്നു ധോണിക്ക് ടീം ഇന്ത്യയിലെ റോള്‍? അതാണ് ആര്‍ക്കും മനസിലാകാത്തത്. മികച്ച പെര്‍ഫോമന്‍സ് നടത്തി വന്ന ഒരു ടീമിന് എന്തു ഉപദേശമാണ് കൂടുതല്‍ വേണ്ടത്. ടീം മെന്ററായ ശേഷം ധോണി നടത്തിയ ശ്രദ്ധേയ ഇടപെടല്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുമായി ബന്ധപ്പെട്ടാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഐ.പി.എല്‍. മത്സരങ്ങള്‍ക്കു ശേഷം ഹാര്‍ദ്ദിക്കിനെ നാട്ടിലേക്ക് തിരിച്ചയയ്ക്കാനും പകരം ഐ.പി.എല്ലില്‍ തിളങ്ങിയ വെങ്കിടേഷ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്താനും സെലക്ടര്‍മാര്‍ തീരുമാനമെടുത്തിരുന്നതാണ്. എന്നാല്‍ അതിനെ എതിര്‍ത്ത് പാണ്ഡ്യയെ നിലനിര്‍ത്തണമെന്ന് ധോണി വാശിപിടിച്ചുവെന്നാണ് ബി.സി.സി.ഐ. വൃത്തം ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

ധോണിയുടെ ആ തീരുമാനം ടീം ഇന്ത്യക്ക് വിനയായി തീരുകയും ചെയ്തു. സ്പിന്നിനെ തുണയ്ക്കുന്ന ദുബായിയിലെ പിച്ചില്‍ ഒരൊറ്റ സ്‌പെഷലിസ്റ്റ് സ്പിന്നറിനെ മാത്രം ഉള്‍പ്പെടുത്തി നാലു പേസര്‍മാരുമായി ഇറങ്ങുന്ന തന്ത്രമാണോ ധോണി ഉപദേശിച്ചത്? അതും രവിചന്ദ്രന്‍ അശ്വിനെപ്പോലൊരു അനുഭവസമ്പന്നന്‍ ബെഞ്ചിലിരിക്കുമ്പോള്‍.

2013 മുതല്‍ ടീം ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്ത് സ്ഥിര സാന്നിദ്ധ്യമായ രോഹിത് ശര്‍മയെ മധ്യനിരയിലേക്ക് മാറ്റി നിര്‍ണായക മത്സരത്തില്‍ കെ.എല്‍. രാഹുലിനെയും ഇഷാന്‍ കിഷനെയും ഓപ്പണിങ്ങിന് ഇറക്കിയത് ആരുടെ തന്ത്രമാണ്. മധ്യനിരയിലേക്കാള്‍ രോഹിത് ശോഭിക്കുക ഓപ്പണിങ്ങിലാണെന്ന് രോഹിതിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്ന ധോണിക്ക് അറിയാതെ പോയോ?

ഐ.പി.എല്‍. ഈ സീസണിലെ അവസാന മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനായി രോഹിത്-ഇഷാന്‍ സഖ്യം ക്ലിക്കായിരുന്നു. ഇതേക്കുറിച്ച് മുംബൈ കോച്ച് മഹേള ജയവര്‍ധനെ പറഞ്ഞത് വൈകി ഉദിച്ച വിവേകം എന്നായിരുന്നു. ഇരുതാരങ്ങളും തമ്മില്‍ നല്ല കെമിസ്ട്രിയാണെന്നും ഇവരെ നേരത്തെ ഓപ്പണിങ്ങില്‍ പരീക്ഷിച്ചിരുന്നെങ്കില്‍ മുംബൈ പ്ലേ ഓഫില്‍ കടന്നേനെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. അത്തരമൊരു സഖ്യത്തിനു പകരം രോഹിതിനെ താഴേക്കിറക്കിയ തന്ത്രം പാളിയെന്നു മനസിലാകാന്‍ അഞ്ചോവര്‍ മതിയായിരുന്നു.

പാകിസ്താനെതിരേയും ഇപ്പോള്‍ ന്യൂസിലന്‍ഡിനെതിരേയും ടീം തോറ്റതിലല്ല ആരാധകര്‍ രോഷം കൊള്ളുന്നത്. തോറ്റ രീതിയിലാണ്. മികച്ച പ്രകടനങ്ങള്‍ നടത്തി കരുത്തോടെ ലോകകപ്പിന് എത്തിയ ടീമിന് എങ്ങനെ പെട്ടെന്ന് പരാജിതരുടെ രൂപഭാവം വന്നു. അതിനായാണോ ഒരു ഉപദേശകന്‍?ടീം ഇന്ത്യയില്‍ അതിനും മുമ്പേ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതു കണ്ടറിഞ്ഞു പരിഹരിക്കാന്‍ ധോണി എന്ന മെന്റര്‍ തികഞ്ഞ പരാജയമായി എന്നു വേണം ടീം ഇന്ത്യയുടെ അവസ്ഥയിലൂടെ മനസിലാക്കാന്‍. ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് ടീം ഇന്ത്യയുടെ ഒത്തൊരുമയില്‍ വിള്ളല്‍ വീണത്. മുതിര്‍ന്ന ചില താരങ്ങളും നായകന്‍ വിരാട് കോഹ്ലിയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായതും അതു പരാതി രൂപത്തില്‍ ബി.സി.സി.ഐയുടെ മുന്നില്‍ എത്തിയതും വാര്‍ത്തയായതാണ്.

ഇതിനു പിന്നാലെയാണ് ട്വന്റി 20 ലോകകപ്പിനു ശേഷം നായക സ്ഥാനം ഒഴിയുമെന്ന് കോഹ്ലി പ്രഖ്യാപിക്കുന്നതും ടീം ഇന്ത്യയുടെ ഉപദേശകനായി ധോണി എത്തുന്നതും. ധോണിയെ ആ സ്ഥാനത്തേക്ക് നിയോഗിച്ചതിലൂടെ ടീമിന്റെ ഒത്തൊരുമ തിരികെക്കൊണ്ടുവരികയാണ് ഉദ്ദേശിച്ചതെന്ന് ധോണിയുടെ നിയമനത്തെക്കുറിച്ച് പറഞ്ഞ ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ വാക്കുകളില്‍ നിന്നു വ്യക്തം.

എന്നാല്‍ ആ ദൗത്യം ഏറ്റെടുത്തു വിജയിപ്പിക്കുന്നതിനു പകരം കൂടുതല്‍ വിള്ളലുകള്‍ സൃഷ്ടിക്കുകയായിരുന്നോ ധോണി എന്നു വേണം രോഹിതിന്റെ സ്ഥാന ചലനവും അശ്വിനെ ഒഴിവാക്കിയതും ഒക്കെ കൂട്ടിവായിക്കുമ്പോള്‍ മനസിലാക്കാന്‍. അപ്പോഴും ഒരു ചോദ്യം ബാക്കിയാണ്. ശരിക്കും ടീം ഇന്ത്യയില്‍ എന്തായിരുന്നു ധോണിയുടെ റോള്‍? അതു ശകുനിയുടേതോ അതോ ദ്രോണരുടേതോ എന്നു വരും ദിനങ്ങളില്‍ എങ്കിലും അറിയാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Next Story

Popular Stories