ബാംഗ്ലൂരില്‍ തുടരാന്‍ കോഹ്ലിയുടെയും സിറാജിന്റെയും ത്യാഗം; ഇതാണ് ലോയല്റ്റിയെന്ന് ആരാധകര്‍
കോഹ്ലിക്കായി 15 കോടി രൂപയും മാക്സ്വെല്ലിനായി 11 കോടി രൂപയും സിറാജിനായി ഏഴു കോടി രൂപയുമാണ് ബാംഗ്ലൂര്‍ വില നല്‍കുന്നത്.
1 Dec 2021 8:00 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മെഗാ ലേലത്തിനു മുമ്പ് നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക കൈമാറേണ്ട അവസാന ദിനം ഇന്നലെയായിരുന്നു. ഇന്നലെ വൈകിട്ടോടെ തന്നെ മുഴുവന്‍ ടീമുകളും വരുന്ന സീസണിനു മുന്നോടിയായി നിലനിര്‍ത്തിയ താരങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിരുന്നു.
ഇതില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയ താരങ്ങളുമായി ബന്ധപ്പെട്ട ചില വിവരങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. മുന്‍ നായകന് വിരാട് കോഹ്ലി, ഓസ്ല്രേിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്, പേസര്‍ മുഹമ്മദ് സിറാജ് എന്നീ മൂന്നു താരങ്ങളെയാണ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയത്.
കോഹ്ലിക്കായി 15 കോടി രൂപയും മാക്സ്വെല്ലിനായി 11 കോടി രൂപയും സിറാജിനായി ഏഴു കോടി രൂപയുമാണ് ബാംഗ്ലൂര്‍ വില നല്‍കുന്നത്. ഈ തുക സംബന്ധിച്ച വെളിപ്പെടുത്തലുകളാണ് ശ്രദ്ധേയമാകുന്നത്. ബാംഗ്ലൂരില്‍ തന്നെ തുടരാന്‍ കോഹ്ലിയും സിറാജും പ്രതിഫലക്കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്കു തയാറാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കോഹ്ലി വാങ്ങിയ തുകയേക്കാള്‍ കുറവാണ് ഇപ്പോള്‍ ബംഗ്ലൂര് താരത്തെ നിലനിര്‍ത്താനായി നല്‍കുന്നത്. 2021 ഐ.പി.എല്‍. സീസണില്‍ 17 കോടി രൂപയാണ് ബാംഗ്ലൂര്‍ ടീമില്‍ കളിക്കുന്നതിനു കോഹ്ലിക്കു ലഭിച്ചത്. പുതിയ സീസണില്‍ രണ്ട് കോടി രൂപ കുറച്ചാണ് ബാംഗ്ലൂര്‍ താരത്തെ നിലനിര്‍ത്തിയത്.
ടീമിനുവേണ്ടി കോഹ്ലി പ്രതിഫലത്തുക കുറയ്ക്കുകയായിരുന്നെന്നാണു ഇതു സംബന്ധിച്ച് ബാംഗ്ലൂര്‍ മുന്‍ താരം കൂടിയായ പാര്‍ഥിവ് പട്ടേല്‍ വെളിപ്പെടുത്തിയത്. 33 വയസുകാരനായ കോഹ്ലിയെ സംബന്ധിച്ചിടത്തോളം ഇതു ശരിയായ തീരുമാനമാണെന്നും പാര്‍ഥിവ് പറഞ്ഞു. ടീമില്‍ നിലനിര്‍ത്തുകയാണെന്ന് അറിയിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ സമ്മതം അറിയിക്കുകയായിരുന്നെന്നു വിരാട് കോഹ്ലി നേരത്തേ പ്രതികരിച്ചിരുന്നു.
അതേസമയം സിറാജാകട്ടെ ബാംഗ്ലൂര്‍ ഇപ്പോള്‍ വാഗദാനം ചെയ്യുന്ന ഏഴുകോടി രൂപയുടെ അത്രതന്നെ തുക വേണ്ടെന്നുവച്ചാണ് ടീമിനൊപ്പം തുടരുന്നത്. ഇക്കഴിഞ്ഞ സീസണില്‍ ഇന്ത്യക്കും ബാംഗ്ലൂരിനും വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച സിറാജിനായി ലീഗിലേക്കു പുതുതായി വന്ന ലഖ്നൗ ഫ്രാഞ്ചൈസി രംഗത്തുണ്ടായിരുന്നു.
സിറാജിനു വേണ്ടി 14 കോടി രൂപവരെ ലഖ്നൗ വാഗ്ദാനം ചെയ്തിരുന്നതായാണ് അനൗദ്യോഗിക വിവരം. എന്നാല്‍ ആ തുക വേണ്ടെന്നു വച്ച സിറാജ് പ്രതിസന്ധി ഘട്ടങ്ങളില്‍ തന്നെ പിന്തുണച്ച ബാംഗ്ലൂരിനൊപ്പം തുടരാന്‍ ലഖ്നൗ വാഗ്ദാനം ചെയ്ത തുകയുടെ പകുതി തുകയ്ക്കു സമ്മതിക്കുകയായിരുന്നു.
കോഹ്ലിയുടെയും സിറാജിന്റെയും ഈ തീരുമാനങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പണത്തിനു പിന്നാലെ പോകുന്ന താരങ്ങള്‍ ഇവരെക്കണ്ടു പഠിക്കണമെന്നും ഇതാണ് യഥാര്‍ഥ ലോയല്റ്റിയെന്നുമാണ് ആരാധര്‍ സോഷ്യല്‍മീഡിയയില്‍ പ്രതികരിക്കുന്നത്. അതേസമയം കഴിഞ്ഞ സീസണില്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ ഹര്‍ഷല്‍ പട്ടേലിനെയും യുസ്വേന്ദ്ര ചഹാലിനെയും ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനെയും ബാംഗ്ലൂര്‍ നിലനിര്‍ത്തിയില്ല.