Top

മാന്യമായി അല്ലാതെ ഒരു റണ്ണും വേണ്ട; ഇതാണ് കിവീസ്, സല്യൂട്ട് മിച്ചല്‍ - വീഡിയോ

"വിവാദം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ സന്തോഷത്തോടെയാണ് ആ സിംഗിള്‍ വേണ്ടെന്നുവെച്ചത്"

11 Nov 2021 12:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാന്യമായി അല്ലാതെ ഒരു റണ്ണും വേണ്ട; ഇതാണ് കിവീസ്, സല്യൂട്ട് മിച്ചല്‍ - വീഡിയോ
X

നിലവില്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും മാന്യതയും പരസ്പര ബഹുമാനവും പുലര്‍ത്തുന്ന ടീം ഏതാണെന്ന ചോദ്യത്തിന് ക്രിക്കറ്റ് പ്രേമികള്‍ കണ്ണുംപൂട്ടി ഉത്തരം നല്‍കും ന്യൂസിലന്‍ഡ് എന്ന്. ക്രിക്കറ്റ് ലോകത്ത് ഹേറ്റേഴ്‌സ് ഇല്ലാത്ത ടീമാണ് കിവീസ് എന്നും പറയാം. രാജ്യാതിര്‍ത്തികള്‍ക്കപ്പുറം ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം ആരാധിക്കുന്ന ക്രിക്കറ്റ് താരവും ഒരു കിവീസ് താരമാണ്. അവരുടെ നായകന്‍ കെയ്ന്‍ വില്യംസണ്‍.

എന്തുകൊണ്ട് അവര്‍ ഇങ്ങനെയായി എന്നു ചോദിച്ചാല്‍ കളത്തിനകത്തും പുറത്തും അവര്‍ക്കു കാത്തു സൂക്ഷിക്കുന്ന മാന്യതയും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റും കാരണം എന്നായിരിക്കും മറുപടി. അത്തരമൊരു പെരുമാറ്റത്തിനും സ്പിരിറ്റിനും ഇന്നലെ നടന്ന ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് മത്സരവും സാക്ഷ്യം വഹിച്ചു.

ഇന്നലെ നടന്ന ആദ്യ സെമിയില്‍ ഇംഗ്ലണ്ടിനെതിരേ അഞ്ചുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ന്യൂസിലന്‍ഡ് നേടിയത്. മിന്നുന്ന സര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഡാരില്‍ മിച്ചല്‍(47 പന്തില്‍ 72 റണ്‍സ്) ആയിരുന്നു അവരുടെ വിജയശില്‍പി. ടീമിനെ വിജയത്തില്‍േക്ക് നയിച്ചതിനൊപ്പം കളത്തില്‍ കാഴ്ചവച്ച 'മാന്യത'യ്ക്കു കൂടി കൈയടി നേടുകയാണ് ഇപ്പോള്‍ മിച്ചല്‍.


മത്സരത്തില്‍ ജയിക്കാന്‍ 18 പന്തില്‍ നിന്ന് 34 റണ്‍സ് വേണമെന്ന നിലയില്‍ 18-ാം ഓവറില്‍ നിര്‍ണായക സമയത്ത് വിലയേറിയ റണ്‍ വേണ്ടെന്നു വച്ച മിച്ചലിന്റെ തീരുമാനമാണ് കൈയടി നേടുന്നത്. സ്പിന്നര്‍ ആദില്‍ റഷീദ് എറിഞ്ഞ ഓവറിന്റെ ആദ്യ പന്തില്‍ ജയിംസ് നീഷാം പന്ത് മിഡ്ഓഫിലേക്ക് തട്ടിയിട്ട് സിംഗിളിനായി ശ്രമിച്ചെങ്കിലും മിച്ചല്‍ വിലക്കുകയായിരുന്നു.

സിംഗിളെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ബൗളറുമായി കൂട്ടിയിടിക്കുകയും അതുവഴി ബൗളര്‍ക്ക് പന്ത് ഫീല്‍ഡ് ചെയ്യാനുള്ള അവസരം താന്‍ നഷ്ടപ്പെടുത്തിയെന്നും ബോധ്യപ്പെട്ടാണ് മിച്ചല്‍ റണ്‍ എടുക്കാന്‍ കൂട്ടാക്കാതിരുന്നത്. വിവാദമുണ്ടാക്കേണ്ട എന്നു കരുതിയാണ് ശ്രമം ഉപേക്ഷിച്ചതെന്ന് മത്സരശേഷം മിച്ചല്‍ പറയുകയും ചെയ്തു.

''റഷീദിന്റെ വഴി ഞാന്‍ മുടക്കിയതായി തോന്നി. വിവാദം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ സന്തോഷത്തോടെയാണ് ആ സിംഗിള്‍ വേണ്ടെന്നുവെച്ചത്. ദൈവാനുഗ്രഹത്താല്‍ ആ റണ്‍ മത്സരഫലത്തെ സ്വാധീനിച്ചില്ല''- മിച്ചല്‍ പറഞ്ഞു.

മത്സരത്തില്‍ ഒരോവര്‍ ബാക്കിനില്‍ക്കെയാണ് കിവീസ് ജയിച്ചത. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 19 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി ഫൈനലില്‍ കടന്നു.

Next Story

Popular Stories