Top

പവര്‍പ്ലേയില്‍ 'ഷോ', ശേഷം വീണു, വീണ്ടും എഴുന്നേറ്റ് ഡല്‍ഹി; ചെന്നൈയ്ക്ക് ലക്ഷ്യം 173

അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ ഓപ്പണര്‍ പൃഥ്വി ഷായും നായകന്‍ റിഷഭ് പന്തുമാണ് അവരെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. പ്രിഥ്വി 34 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 60 റണ്‍സ് നേടിയപ്പോള്‍ പന്ത് 35 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം പറുത്താകാതെ നിന്നു.

10 Oct 2021 3:57 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പവര്‍പ്ലേയില്‍ ഷോ, ശേഷം വീണു, വീണ്ടും എഴുന്നേറ്റ് ഡല്‍ഹി;  ചെന്നൈയ്ക്ക് ലക്ഷ്യം 173
X

ഐ.പി.എല്‍ 2021 സീസണിന്റെ ആദ്യ ക്വാളിഫയറില്‍ ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു നല്‍കിയത് 173 റണ്‍സ് വിജയലക്ഷ്യം. ദുബായിയില്‍ നടന്ന മത്സരത്തില്‍ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ അവര്‍ക്കു 172 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.

അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ ഓപ്പണര്‍ പൃഥ്വി ഷായും നായകന്‍ റിഷഭ് പന്തുമാണ് അവരെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. പ്രിഥ്വി 34 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 60 റണ്‍സ് നേടിയപ്പോള്‍ പന്ത് 35 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം പറുത്താകാതെ നിന്നു.

ഇവര്‍ക്കു പുറമേ 24 പന്തുകളില്‍ നിന്നു മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 37 റണ്‍സ് നേടിയ മധ്യനിര താരം ഷിംറോണ്‍ ഹെറ്റ്മയറാണ് ഡല്‍ഹിയ്ക്കായി മികച്ച സ്‌കോര്‍ നേടിയ മറ്റൊരു താരം. ഇവരെക്കൂടാതെ 11 പന്തുകളില്‍ നിന്ന് 10 റണ്‍സ് നേടിയ അക്‌സര്‍ പട്ടേലാണ് രണ്ടക്കം കടന്ന മറ്റൊരു ഡല്‍ഹി ബാറ്റ്‌സാ്മാന്‍.

200-നു മേല്‍ സ്‌കോര്‍ സ്വപ്‌നം കണ്ട തുടക്കത്തിനു ശേഷമാണ് ഡല്‍ഹി 172-ല്‍ ഒതുങ്ങിയത്. ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങി പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് എന്ന നിലയിലായിരുന്നു അവര്‍. ഓപ്പണര്‍ ശിഖര്‍ ധവാന്‍(7), മൂന്നാമന്‍ ശ്രേയസ് അയ്യര്‍(1) എന്നിവരാണ് പവര്‍പ്ലേയില്‍ വീണത്. ഇരു വിക്കറ്റും ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡിനായിരുന്നു.

ഇവിടെ നിന്നു പിടിച്ചു കയറുമെന്നു കരുതിയെങ്കിലും മധ്യ ഓവറുകളില്‍ ഡല്‍ഹിക്ക് തകര്‍ച്ച നേരിട്ടു. രണ്ടു വിക്കറ്റുകള്‍ കൂടി നഷ്ടമായതിനു പുറമേ റണ്‍സ് കണ്ടെത്താനും വിഷമിച്ചു. 10.2 ഓവറില്‍ നാലിന് 80 എന്ന നിലയില്‍ പതറിയ അവരെ അഞ്ചാം വിക്കറ്റില്‍ പന്ത്-ഹെറ്റ്‌മെയര്‍ സഖ്യമാണ് രക്ഷിച്ചത്. 8.2 ഓവറില്‍ ഇരുവരും ചേര്‍ന്ന് 83 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

നേരത്തെ ടോസ് നേടിയ ചെന്നൈ നായകന്‍ എം എസ് ധോണി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലെ ഇലവനേ അതേപടി നിലനിര്‍ത്തി. ഇതോടെ ഉപനായകന്‍ സുരേഷ് റെയ്‌ന ആദ്യ ഇലവനില്‍ ഇടംപിടിച്ചില്ല. ഡല്‍ഹി നിരയില്‍ ഒരു മാറ്റമുണ്ട്. റിപാല്‍ പട്ടേലിനു പകരം ഇംഗ്ലീഷ് താരം ടോം കറന്‍ ഇലവനില്‍ ഇടംനേടി.

പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായി പ്ലേഓഫിലേക്ക് എത്തിയ ഡല്‍ഹി കന്നിക്കിരീടമാണ് ലക്ഷ്യമിടുന്നത്. അതേസമയം കഴിഞ്ഞ സീസണില്‍ യു.എ.ഇ. മണ്ണില്‍ മോശം പ്രകടനം കാഴ്ചവച്ച ശേഷം ഇക്കുറി വന്‍ തിരിച്ചുവരവ് നടത്തിയ ചെന്നൈ നായകന്‍ ധോണിക്ക് കിരീടത്തോടെ യാത്രയയപ്പ് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ധോണിയുടെ അവസാന ഐ.പി.എല്‍. സീസണാകും ഇതെന്നാണ് സൂചന. നാലാം കിരീടമാണ് ധോണിയുടെയും സംഘത്തിന്റെയും സ്വപ്നം.

നേരത്തേ ലീഗ് ഘട്ടത്തില്‍ രണ്ടു തവണ ചെന്നൈയും ഡല്‍ഹിയും ഏറ്റുമുട്ടിയപ്പോഴും വിജയം ഡല്‍ഹിക്കൊപ്പമായിരുന്നു. അതേ പ്രകടനം ആവര്‍ത്തിക്കാനാണ് ഡല്‍ഹി ശ്രമിക്കുന്നത്. പക്ഷെ നോക്കൗട്ട് മല്‍സരങ്ങളില്‍ ജയിച്ച് അനുഭവസമ്പത്തുള്ള ചെന്നൈയ്ക്കെതിരേ ഡി.സിക്കു ജയം ഒരിക്കലും എളുപ്പമാവില്ല.

Next Story

Popular Stories