വിസിലടിക്കാന്‍ ആരാധകരുടെ ജഡ്ഡു തിരിച്ചെത്തുമോ; റെയ്നയുടെ വഴിയിലാണെന്ന് മുന്‍താരങ്ങള്‍
ഐപിഎല്ലിലെ ഏറ്റവും മികച്ച ഓള് റൗണ്ടര്‍മാരില്‍ ഒരാളാണ് ജഡേജ
13 May 2022 1:46 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുംബൈ : പരുക്കിനെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്‍ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ ടീമിലേക്ക് തിരിച്ചെത്തുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. ജഡേജ ചെന്നൈയിലേക്ക് തിരികെ വരാന്‍ സാധ്യതയില്ലെന്നാണ് ഒരു വിഭാഗം താരങ്ങള്‍ കരുതുന്നത്. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോണും ജഡേജ തിരികെ എത്താന്‍ സാധ്യതയില്ലെന്നാണ് കരുതുന്നവരാണ്. ഡല്ഹിയുമായിട്ടുള്ള മത്സരത്തില്‍ ആദ്യ ഇലവനില്‍ ജഡേജയെ ഉള്‍പ്പെടുത്തിയില്ല. മുംബൈക്കെതിരെയുള്ള മത്സരത്തിന് മുമ്പാണ് ജഡേജയുടെ പരുക്കിനെക്കുറിച്ച് മാനേജ്മെന്റ് പുറത്തറിയിച്ചത്. പരുക്കിനെത്തുടര്‍ന്ന് ജഡേജ നാട്ടിലേക്ക് മടങ്ങിയെന്നും സീസണില്‍ ചെന്നൈക്ക് വേണ്ടികളിക്കില്ലെന്നുമാണ് മാനേജ്മെന്റ് അറിയിച്ചത്.
I really Feel for Ravindra Jadeja. Let's hope it doesn't effect him as a cricketer in a negative way.
— Irfan Pathan (@IrfanPathan) April 30, 2022
എന്നാല്‍ എന്ത് പരുക്കാണ് ജഡേജക്ക് പറ്റിയതെന്ന മാനേജ്മെന്റ് വ്യക്തമാക്കാത്തത് സംശയാസ്പദമാണെന്ന് മൈക്കിള്‍ വോണ്‍ ചൂണ്ടിക്കാട്ടുന്നു.ജഡേജയുടെ ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് ജഡേജയുടെ 'പരുക്കിന് ' പിന്നിലുള്ളതെന്നാണ് വിലയിരുത്തല്‍. 2021ല്‍ സുരേഷ് റെയ്നയെപ്പോലെ ചെന്നൈ മാനേജ്മെന്റ് ജഡേജക്കും പുറത്തേക്കുള്ള വഴി തുറന്നു കൊടുത്തിരിക്കുകയാണെന്ന് ആകാശ് ചോപ്ര വിലയിരുത്തുന്നു.
അതേസമയം ഐപിഎല്ലിലെ ഏറ്റവും മികച്ച ഓള് റൗണ്ടര്‍മാരില്‍ ഒരാളാണ് ജഡേജ. 210 മത്സരങ്ങളില്‍ നിന്ന് 2502 റണ്ണും 132 വിക്കറ്റും ജഡേജയുടെ പേരിലുണ്ട്. എന്നാല്‍ ക്യാപ്റ്റനായി ഈ സീസണില്‍ ജഡേജക്ക് നല്ല പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല.
2021ല്‍ ചെന്നൈയില്‍ നിന്ന് പുറത്തായ ശേഷം റെയ്നയെ ഈ സീസണില്‍ ഒരു ടീമും സ്വന്തമാക്കിയില്ല. അതിനാല്‍ 33 കാരനായ ജഡ്ഡുവും റെയ്നയുടെ വഴിയിലാണെന്ന് ആരാധകരില്‍ ഭൂരിഭാഗവും വിശ്വസിക്കുന്നത്.
STORY HIGHLIGHTS : Chennai Super Kings-Ravindra Jadeja rift