Top

ടോസിലൊന്നും ഒരു കാര്യവുമില്ല; തകര്‍പ്പന്‍ പ്രകടനത്തില്‍ ലങ്കയെ വീഴ്ത്തി അപരാജിതരായി ഇംഗ്ലണ്ട്

നാണയഭാഗ്യം തുണയ്ക്കാതെ തന്നെ മിന്നുന്ന ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ശ്രീലങ്കയെ 26 റണ്‍സിനു തോല്‍പിച്ച് അവര്‍ അപരാജിതരായി സെമിയില്‍ കടന്നു.

1 Nov 2021 6:10 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടോസിലൊന്നും ഒരു കാര്യവുമില്ല; തകര്‍പ്പന്‍ പ്രകടനത്തില്‍ ലങ്കയെ വീഴ്ത്തി അപരാജിതരായി ഇംഗ്ലണ്ട്
X

ടോസ് ജയിക്കുന്ന ടീം ജയിക്കും എന്ന 2021 ലോകകപ്പ് മന്ത്രം ഇംഗ്ലണ്ട് പൊളിച്ചെഴുതി. നാണയഭാഗ്യം തുണയ്ക്കാതെ തന്നെ മിന്നുന്ന ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ശ്രീലങ്കയെ 26 റണ്‍സിനു തോല്‍പിച്ച് അവര്‍ അപരാജിതരായി സെമിയില്‍ കടന്നു. ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് അയയ്ക്കപ്പെടുകയും പവര്‍പ്ലേയില്‍ ബാറ്റിങ് തകര്‍ന്ന് 10 ഓവറില്‍ മൂന്നിന് 47 എന്ന നിലയില്‍ പതറുകയും ചെയ്ത ശേഷം മാന്യമായ സ്‌കോറില്‍ എത്തി പിന്നീട് എതിരാളികളെ എറിഞ്ഞൊതുക്കിയാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 19 ഓവറില്‍ 137-ന് പുറത്തായി. ടൂര്‍ണമെന്റില്‍ പ്രഥമ സെഞ്ചുറി കണ്ടെത്തിയ ഓപ്പണര്‍ ജോസ് ബട്‌ലറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ടിന് തുണയായത്. ബട്‌ലറാണ് കളിയിലെ കേമനും.

ഓപ്പണര്‍ ജെയ്‌സന്‍ റോയ് (9), മധ്യനിര താരങ്ങളായ ഡേവിഡ് മലാന്‍ (6), ജോണി ബെയര്‍‌സ്റ്റോ(0) എന്നിവരെ നഷ്ടമായി 5.2 ഓവറില്‍ മൂന്നിന് 35 എന്ന നിലയില്‍ പതറിയിടത്തു നിന്ന് ബട്‌ലര്‍-നായകന്‍ ഓയിന്‍ മോര്‍ഗന്‍ സഖ്യമാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്.

നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 112 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 18-ാം ഓവറിന്റെ രണ്ടാം പന്തില്‍ 36 പന്തില്‍ നിന്ന് 40 റണ്‍സ് നേടിയ മോര്‍ഗന്‍ പുറത്തായെങ്കിലും ഇന്നിങ്‌സിലെ അവസാന പന്ത് സിക്‌സറിനു പറത്തി ബട്‌ലര്‍ തന്റെ കന്നി ടി 20 സെഞ്ചുറി നേടി ടീമിനെ 160 കടത്തി. അവസാന 10 ഓവറില്‍ 116 റണ്‍സാണ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ അടിച്ചെടുത്തത്.

67 പന്തില്‍ നിന്ന് ആറു സിക്‌സറും ആറ ഫോറും അടക്കം 101 റണ്‍സുമായാണ് ബട്‌ലര്‍ പുറത്താകാതെ നിന്നത്. രണ്ടു പന്തില്‍ നിന്ന് ഒരു റണ്ണുമായി മൊയീന്‍ അലിയായിരുന്നു കൂട്ടായി ക്രീസില്‍. ലങ്കയ്ക്കു വേണ്ടി നാലോവറില്‍ 21 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ വാനിന്ദു ഹസരങ്കയാണ് തിളങ്ങിയത്. ദുഷ്മന്ത ചമീരയ്ക്കാണ് ഒരു വിക്കറ്റത്.

തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. പവര്‍പ്ലേ അവസാനിക്കും മുമ്പേ മൂന്നു വിക്കറ്റുകള്‍ നഷ്ടമായ അവര്‍ 11-ാം ഓവറില്‍ അഞ്ചിന് 76 എന്ന നിലയിലേക്ക് തകര്‍ന്നതാണ്.

എന്നാല്‍ ആറാം വിക്കറ്റില്‍ നായകന്‍ ദസുന്‍ ഷനകയും മധ്യനിര താരം വാനിന്ദു ഹസരങ്കയും ചേര്‍ന്ന് ടീമിനെ കരകയറ്റി. 53 റണ്‍സ് കൂട്ടിച്ചേര്‍ ഇരുവരും ലങ്കയ്ക്ക് വിജയപ്രതീക്ഷയും നല്‍കി. എന്നാല്‍ സ്‌കോര്‍ 16.5 ഓവറില്‍ 129-ല്‍ നില്‍ക്കെ ഹസരങ്കയെ വീഴ്ത്തി സ്പിന്നര്‍ ലിയാം ലിവിങ്‌സ്റ്റണ്‍ ഇംഗ്ലണ്ടിനെ കളിയിലേക്ക് തിരികെയെത്തിക്കുകയായിരുന്നു. 21 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 34 റണ്‍സാണ് ഹസരങ്ക നേടിയത്.

തൊട്ടടുത്ത ഓവറില്‍ ഷനകയെ(25 പന്തില്‍ 26) ബട്‌ലര്‍ റണ്ണൗട്ടാക്കുകയും ചെയ്തതോടെ ലങ്കന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. പിന്നീട് വന്നവരെല്ലാം ക്രീസ് സന്ദര്‍ശിച്ചു മടങ്ങിയതോടെ ഒരോവര്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് ജയം കണ്ടു. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മൊയീന്‍ അലി, ആദില്‍ റഷീദ്, ക്രിസ് ജോര്‍ദാന്‍ എന്നിവരും ഓരോ വിക്കറ്റുകളുമായി ക്രിസ് വോക്‌സ്, ലിവിങ്‌സ്റ്റണ്‍ എന്നിവരും ഇംഗ്ലീഷ് ജയത്തില്‍ പങ്കുവഹിച്ചു.

Next Story

Popular Stories