Top

നായകനു പിന്നാലെ ടീം ഇന്ത്യക്ക് ഉപനായകനെയും നിര്‍ദേശിച്ച് സേവാഗ്; ഇക്കുറി സര്‍പ്രൈസ് താരം

മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരത്തെയാണ് ടീമിന്റെ നായകനോ, ഉപനായകനോ ആക്കേണ്ടതെന്നും സേവാഗ് പറഞ്ഞു.

9 Nov 2021 9:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നായകനു പിന്നാലെ ടീം ഇന്ത്യക്ക് ഉപനായകനെയും നിര്‍ദേശിച്ച് സേവാഗ്; ഇക്കുറി സര്‍പ്രൈസ് താരം
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ സെമിഫൈനല്‍ കാണാതെ ടീം ഇന്ത്യ പുറത്തായതോടെ ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് ലോകകപ്പ് അവസാനിച്ചു. ഇന്ത്യന്‍ ടീമിന്റെ വരുന്ന മത്സരങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ അവരുടെ ചര്‍ച്ചകള്‍. ന്യൂസിലന്‍ഡിനെതിരേയാണ് ഇന്ത്യ അടുത്തതായി കളിക്കാന്‍ ഇറങ്ങുന്നത്.

14-ന് ലോകകപ്പ് അവസാനിച്ച ശേഷം 17 മുതലാണ് ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനം. മൂന്നു ട്വന്റി 20 മത്സരങ്ങളും രണ്ടു ടെസ്റ്റുകളുമാണ് പര്യടനത്തില്‍ ഉള്ളത്. ഇതിനു മുമ്പ് ടീം ഇന്ത്യയുടെ പുതിയ പരിശീലകനായി രാഹുല്‍ ദ്രാവിഡ് ചുമതലയേല്‍ക്കും. വിരാട് കോഹ്ലിക്കു പകരം പുതിയ നായകനും എത്തും.

നായകന്‍ ആരെന്നതു സംബന്ധിച്ച് ഔദ്യോഗിക തീരുമാനം വന്നിട്ടില്ലെങ്കിലും നിലവിലെ ഉപനായകന്‍ രോഹിത് ശര്‍മ അടുത്ത നായകനാകുമെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. മുന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ രോഹിതിനെയാണ് ഈ സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത്.

രോഹിതിന് സഹായിയായി ടീമിന്റെ ഉപനായകന്‍ ആരാകുമെന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്. കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത് എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്. എന്നാല്‍ ഇവര്‍ക്കു പകരം ടീം ഇന്ത്യക്ക് ഒരപ്രതീക്ഷിത ഉപനായകനെ നിര്‍ദേശിക്കുകയാണ് മുന്‍ താരം വിരേന്ദര്‍ സേവാഗ്.

രാഹുലിനേയും, പന്തിനേയും മാറ്റിനിര്‍ത്തി പേസര്‍ ജസ്പ്രീത് ബുംറയെയാണ് സേവാഗ് പിന്തുണയ്ക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരത്തെയാണ് ടീമിന്റെ നായകനോ, ഉപനായകനോ ആക്കേണ്ടതെന്നും സേവാഗ് പറഞ്ഞു.

''മൂന്ന് ഫോര്‍മ്മാറ്റിലും കളിക്കുന്ന ഒരാളെയാണ് ഒരു ടീമിന്റെ ക്യാപ്റ്റനോ, വൈസ് ക്യാപ്റ്റനോ ആക്കേണ്ടത്. അങ്ങനെ കണക്കിലെടുത്താല്‍ ബുംറയേക്കാള്‍ മികച്ച മറ്റൊരു ഓപ്ഷന്‍ ഇല്ല. രാഹുലും, പന്തും അവിടെയുണ്ട് മികച്ച താരങ്ങളാണ്. പക്ഷേ അവര്‍ മൂന്നു ഫോര്‍മാറ്റിലും ഉണ്ടാകുമെന്ന് ഉറപ്പില്ല. അവര്‍ക്ക് ബുംറയെപ്പോലെ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയുമോ എന്നും സംശയമുണ്ട്''- സേവാഗ് പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ബൗളര്‍മാര്‍ക്ക് നേതൃനിരയിലേക്ക് കടന്നു വരാന്‍ അവസരം കുറവാണെന്നും കപില്‍ ദേവിനും അനില്‍ കുംബ്ലയ്ക്കും ശേഷം ഇനി ബുംറ വരട്ടെയെന്നും സേവാഗ് പറഞ്ഞു.

Next Story

Popular Stories