ഗാംഗുലിക്കും ദ്രാവിഡിനും ലക്ഷ്മണിനും പിന്നാലെ സച്ചിനും; ഇന്ത്യയുടെ ഫാബ് ഫോര്‍ വീണ്ടും ഒന്നിക്കുന്നു
ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ് തുടങ്ങി സച്ചിന്റെ സമകാലീനരായ മൂന്നുപേരും നിലവില്‍ ദേശീയ ക്രിക്കറ്റുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്.
12 Jan 2022 1:21 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഫാബുലസ് ഫോര്‍ എന്നറിയപ്പെട്ടിരുന്ന സച്ചിന് തെണ്ടുല്‍ക്കര്‍-സൗരവ് ഗാംഗുലി-രാഹുല്‍ ദ്രാവിഡ്-വി.വി.എസ്. ലക്ഷ്മണ് കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു. ഗാംഗുലിക്കും ദ്രാവിഡിനും ലക്ഷ്മണും പിന്നാലെ സച്ചിനെയും ബി.സി.സി.ഐയിലെ ഉന്നത സ്ഥാനത്തേക്ക് എത്തിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്.
ബി.സി.സി.ഐ. അധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് ഇതിനായി ആദ്യം നീക്കം ആരംഭിച്ചത്. കോവിഡ് ബാധിച്ച് ഗാംഗുലി ചികിത്സയിലായതോടെ ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ ഈ ചുമതല ഏറ്റെടുത്തു മുന്നോട്ടുപോകുകയാണ്. സച്ചിനുമായി ജയ്ഷാ ഇക്കാര്യം ചര്‍ച്ച ചെയ്തതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചശേഷം കാര്യമായ ഉത്തരവാദിത്വങ്ങള്‍ സച്ചിന് ഏറ്റെടുത്തിട്ടില്ല. ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ് തുടങ്ങി സച്ചിന്റെ സമകാലീനരായ മൂന്നുപേരും നിലവില്‍ ദേശീയ ക്രിക്കറ്റുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. ഈ രീതിയില്‍ യുവ കളിക്കാര്‍ക്ക് നേട്ടമാകുന്ന രീതിയില്‍ സച്ചിനെ നിയമിക്കാനാണ് ആലോചന.
മുംബൈ ഇന്ത്യന്‍സിന്റെ ഉപദേശകനെന്ന നിലയില്‍ മാത്രമാണ് സച്ചിന് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വികസനവുമായി ബന്ധപ്പെട്ട് സച്ചിന് കാര്യമായ പങ്കുവഹിക്കാന്‍ സാധിക്കുമെന്നാണ് ബി.സി.സി.ഐയുടെ കണക്കുകൂട്ടല്‍.
നേരത്തെ ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡിനെ എത്തിക്കുന്നതില്‍ ഷാ പ്രധാന പങ്കുവഹിച്ചിരുന്നു. ഈ രീതിയില്‍ സച്ചിനേയും ക്രിക്കറ്റ് സംഘാടക രംഗത്തെത്തിക്കുകയാണ് ലക്ഷ്യം. ലക്ഷ്മണിനെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാക്കിയത് അടുത്തിടെയാണ്. രാഹുല്‍ ദ്രാവിഡ് ദേശീയ ടീമിന്റെ പരിശീലകനായതോടെയാണ് ലക്ഷ്മണിന് വഴിതുറന്നത്.