Top

ദക്ഷിണാഫ്രിക്ക തകര്‍ന്നു; ലോകകപ്പിലെ ആദ്യ ജയത്തിന് ഓസ്‌ട്രേലിയയ്ക്കു വേണ്ടത് 119 റണ്‍സ്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക കൂട്ടത്തകര്‍ച്ചയ്ക്കു ശേഷം ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സില്‍ ഒതുങ്ങി.

23 Oct 2021 11:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദക്ഷിണാഫ്രിക്ക തകര്‍ന്നു; ലോകകപ്പിലെ ആദ്യ ജയത്തിന് ഓസ്‌ട്രേലിയയ്ക്കു വേണ്ടത് 119 റണ്‍സ്
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ സുപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് തുടക്കം. ഇന്നു നടന്ന ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഓസ്‌ട്രേലിയയ്ക്ക് 119 റണ്‍സ് വിജയലക്ഷ്യം. അബുദബിയില്‍ വൈകിട്ട് 3:30ന് ആരംഭിച്ച് സൂപ്പര്‍ 12 ഗ്രൂപ്പ് ഒന്നിലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക കൂട്ടത്തകര്‍ച്ചയ്ക്കു ശേഷം ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സില്‍ ഒതുങ്ങി.

36 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 40 റണ്‍സ് നേടിയ മധ്യനിര താരം എയ്ഡന്‍ മര്‍ക്രമിനു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. മര്‍ക്രമിനെ പുറമേ മറ്റാര്‍ക്കും 20 കടക്കാനായില്ല. 23 പന്തുകളില്‍ നിന്ന് ഒരു സിക്‌സറും ഒരു ഫോറും സഹിതം 19 റണ്‍സ് നേടി പുറത്താകാതെ നിന്ന വാലറ്റക്കാരന്‍ കാഗിസോ റബാഡയാണ് മികച്ച രണ്ടാമത്തെ സ്‌കോറര്‍.

ഡേവിഡ് മില്ലര്‍(18 പന്തില്‍ 16), ഹെന്റ്‌റിച്ച് ക്ലാസന്‍(13 പന്തില്‍ 13), നായകന്‍ തെംബ ബാവ്മ(ഏഴു പന്തില്‍ 12), ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക്(7), മധ്യനിര താരം റാസി വാന്‍ഡെര്‍ ഡസന്‍(2) എന്നിവര്‍ നിരാശപ്പെടുത്തി.

നേരത്തെ ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ തീരുമാനത്തെ ന്യായീകരിച്ചു പന്തെറിഞ്ഞ ഓസീസ് ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക പരുങ്ങലിലാകുകയായിരുന്നു.

നാലോവറില്‍ വെറും 19 റണ്‍സ് മാത്രം രണ്ടു വിക്കറ്റ് വീഴ്ത്തിയ പേസര്‍ ജോഷ് ഹേസില്‍വുഡാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. രണ്ടു വീതം വിക്കറ്റുകളുമായി മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ എന്നിവര്‍ ഹേസില്‍വുഡിന് മികച്ച പിന്തുണ നല്‍കി. ഗ്ലെന്‍ മാക്‌സ്‌വെല്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ഗ്രൂപ്പ് ഒന്നില്‍ ഈ രണ്ടു ടീമുകള്‍ക്കു പുറമേ ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ് എന്നിവരും യോഗ്യതാ റൗണ്ട് കളിച്ചെത്തിയ ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരുമാണുള്ളത്. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്നു രാത്രി 7:30ന് ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും കൊമ്പുകോര്‍ക്കും.




Next Story

Popular Stories