Top

മികച്ച ജയത്തോടെ ഓസീസ്; സെമി ബെര്‍ത്തിന് ഒരുപടി കൂടി അരികെ

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് അയയ്ക്കപ്പെട്ട ലങ്ക നിശ്ചിത 20 ഓവറില്‍ ശ്രീലങ്ക ആറു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് മൂന്നോവര്‍ ബാക്കിനില്‍ക്കെ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. അര്‍ധസെഞ്ചുറിയുമായി ഫോമിലേക്ക് തിരിച്ചെത്തിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് അവരെ മികച്ച ജയത്തിലേക്ക് നയിച്ചത്.

28 Oct 2021 5:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മികച്ച ജയത്തോടെ ഓസീസ്; സെമി ബെര്‍ത്തിന് ഒരുപടി കൂടി അരികെ
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്നു നടന്ന മത്സരത്തില്‍ ആധികാരിക ജയവുമായി സെമി ബെര്‍ത്തിനോട് ഒരുപടി കൂടി അടുത്ത് ഓസ്‌ട്രേലിയ. ദുബായിയില്‍ നടന്ന പോരാട്ടത്തില്‍ ഏഴുവിക്കറ്റിന് ശ്രീലങ്കയെയാണ് അവര്‍ വീഴ്ത്തിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് അയയ്ക്കപ്പെട്ട ലങ്ക നിശ്ചിത 20 ഓവറില്‍ ശ്രീലങ്ക ആറു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് മൂന്നോവര്‍ ബാക്കിനില്‍ക്കെ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. അര്‍ധസെഞ്ചുറിയുമായി ഫോമിലേക്ക് തിരിച്ചെത്തിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് അവരെ മികച്ച ജയത്തിലേക്ക് നയിച്ചത്.

42 പന്തില്‍ നിന്ന് 10 ബൗണ്ടറികളോടെ 65 റണ്‍സാണ് വാര്‍ണര്‍ നേടിയത്. 23 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 37 റണ്‍സ് നേടിയ നായകന്‍ ആരോണ്‍ ഫിഞ്ച്, 26 പന്തുകളില്‍ നിന്ന് 28 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്ത്, ഏഴു പന്തില്‍ നിന്ന് 16 റണ്‍സ് നേടിയ മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.

നേരത്തെ കുശാല്‍ പെരേര(35), അസലങ്ക(35), രാജപക്ഷ(33*) എന്നിവരുടെ ഭേദപ്പെട്ട ബാറ്റിങ് പ്രകടനങ്ങളാണ് ശ്രീലങ്കക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, സ്പിന്നര്‍ ആദം സാംപ, എന്നിവരാണ് ലങ്കയെ തകര്‍ത്തത്. മൂവരും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ലോകകങ്ങില്‍ തങ്ങളുടെ ആദ്യ മത്സരം ജയിച്ചാണ് ഇരുടീമുകളും എത്തിയത്. ആദ്യ മത്സരത്തില്‍ ശ്രീലങ്ക ബംഗ്ലാദേശിനെ തകര്‍ത്തപ്പോള്‍ ഓസ്‌ട്രേലിയയുടെ ജയം ദക്ഷിണാഫ്രിക്കയോടായിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച അതേ ടീമിനെ ഓസീസ് നിലനിര്‍ത്തിയപ്പോള്‍ അതേസമയം, ബംഗ്ലാദേശിനെതിരെ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ലങ്ക ഇറങ്ങിയത്. ഫെര്‍ണാണ്ടോക്ക് പകരം മഹീക്ഷ തീക്ഷ്ണ ലങ്കയുടെ അന്തിമ ഇലവനിലെത്തി.

Next Story

Popular Stories