Top

ഇതാണ് ആരാധകര്‍ കാത്തിരുന്ന ടീം ഇന്ത്യ; നിര്‍ണായക മത്സരത്തില്‍ തകര്‍ത്തടിച്ച് കൂറ്റന്‍ സ്‌കോറില്‍

ട്വന്റി 20 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ തന്നെ മികച്ച രണ്ടാമത്തെ സ്‌കോറാണിത്. 2007-ലെ പ്രഥമ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ നേടിയ 218 റണ്‍സാണ് ഇന്ത്യയുടെ ഏറ്റവും മികച്ച സ്‌കോര്‍.

3 Nov 2021 4:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇതാണ് ആരാധകര്‍ കാത്തിരുന്ന ടീം ഇന്ത്യ; നിര്‍ണായക മത്സരത്തില്‍ തകര്‍ത്തടിച്ച് കൂറ്റന്‍ സ്‌കോറില്‍
X

ജയിച്ചേ തീരൂയെന്ന നിലയില്‍ ഫോമിന്റെ പാരമ്യതയിലേക്ക് ഉയര്‍ന്ന ടീം ഇന്ത്യക്ക് അഫ്ഗാനിസ്ഥാനെതിരേ കൂറ്റന്‍ സ്‌കോര്‍. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമെന്ന നിലയില്‍ ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അടിച്ചുകൂട്ടിയത് 210 റണ്‍സ്.

അബുദബിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാന്‍ നായകന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും(74) കെ.എല്‍. രാഹുലും(69) തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുമായി പാകിയ മികച്ച അടിത്തറയില്‍ നിന്ന് ഹാര്‍ദ്ദിക് പാണ്ഡ്യയും(35 നോട്ടൗട്ട്), റിഷഭ് പന്തും(27 നോട്ടൗട്ട്) ഫിനിഷിങ് നടത്തിയപ്പോള്‍ ഇന്ത്യ നേടിയത് ഈ ലോകകപ്പില്‍ ഏതൊരു ടീമിനും നേടാന്‍ കഴിയാത്ത ഉയര്‍ന്ന സ്‌കോര്‍.

ട്വന്റി 20 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ തന്നെ മികച്ച രണ്ടാമത്തെ സ്‌കോറാണിത്. 2007-ലെ പ്രഥമ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ നേടിയ 218 റണ്‍സാണ് ഇന്ത്യയുടെ ഏറ്റവും മികച്ച സ്‌കോര്‍. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കു വേണ്ടി രോഹിതും രാഹുലും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്.

ഒന്നാം വിക്കറ്റില്‍ 14.4 ഓവറില്‍ 140 റണ്‍സ് അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരുടെയും നാലാമത്തെ രാജ്യാന്തര സെഞ്ചുറി കൂട്ടുകെട്ടാണിത്. തകര്‍പ്പന്‍ ബാറ്റിങ്ങുമായി കുതിച്ച ഇന്ത്യക്ക് 15-ാം ഓവറിന്റെ നാലാം പന്തിലാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്.

കരീം ജന്നത് എറിഞ്ഞ ഓവറില്‍ രോഹിതിനെ എക്‌സ്ട്രാ കവറില്‍ അഫ്ഗാന്‍ നായകന്‍ നബി പിടികൂടുകയായിരുന്നു. 47 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതമായിരുന്നു രോഹിതിന്റെ 72 റണ്‍സ്.

രണ്ടോവറിനുള്ളില്‍ രാഹുലും മടങ്ങിയതോടെ ഇന്ത്യ തകര്‍ച്ചയിലേക്കു വീഴുമെന്നു തോന്നിപ്പിച്ചു. 17-ാം ഓവറിന്റെ മൂന്നാം പന്തില്‍ രാഹുലിനെ ഗുല്‍ബദിന്‍ നൈബ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. 48 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളുടെയും രണ്ടു സിക്‌സറുകളുടെയും അകമ്പടിയോടെയാണ് രാഹുല്‍ 68-ല്‍ എത്തിയത്.

പിന്നീട് ഹാര്‍ദിക്-റിഷഭ് ഷോയായിരുന്നു അബുദബി കണ്ടത്. അഫ്ഗാന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച അവര്‍ അവസാന 21 പന്തുകളില്‍ നിന്ന് 63 റണ്‍സാണ് അടിച്ചു കൂട്ടിയത്. 13 പന്തുകളില്‍ നിന്നാണ് നാലു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതമാണ് പാണ്ഡ്യ 35-ല്‍ എത്തിയതെങ്കില്‍ 13 പന്തില്‍ നിന്ന് ഒരു ഫോറും മൂന്നു സിക്‌സറുകളുമാണ് റിഷഭിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്.

നേരത്തെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നായകന്‍ വിരാട് കോഹ്ലിയെ നാണയ ഭാഗ്യം തുണയ്ക്കാതിരുന്നപ്പോള്‍ ടോസ് നേടിയ അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ജയം നിര്‍ണായകമായ മത്സരത്തില്‍ ഇന്ത്യ രണ്ടു മാറ്റങ്ങളുമായാണ് ഇറങ്ങിയത്.

പരുക്കില്‍ നിന്നു മുക്തനായി സൂര്യകുമാര്‍ യാദവ് തിരിച്ചെത്തിയപ്പോള്‍ ഇഷാന്‍ കിഷന്‍ ഇലവനു പുറത്തായി. ബൗളിങ് നിരയില്‍ യുവ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കു പകരം രവിചന്ദ്രന്‍ അശ്വിന്‍ ഇടംനേടി. അഫ്ഗാന്‍ നിരയിലും രണ്ടു മാറ്റങ്ങളുണ്ട്. കഴിഞ്ഞ മത്സരത്തിനു ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ച അസ്ഗര്‍ അഫ്ഗാനു പകരം നജീബുള്ള സദ്രാനഒം സ്പിന്നര്‍ മുജീബ് റഹ്മാനു പകരം ഷറഫുദ്ദീന്‍ അഷ്‌റഫും ടീമില്‍ ഇടംനേടി.

Next Story

Popular Stories