Top

4-4-0-2... എറിഞ്ഞ നാല് ഓവറും മെയ്ഡന്‍; ഇതിലും പെര്‍ഫക്ട് സ്‌പെല്‍ സ്വപ്‌നങ്ങളിലുമില്ല

9 Nov 2021 11:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

4-4-0-2... എറിഞ്ഞ നാല് ഓവറും മെയ്ഡന്‍; ഇതിലും പെര്‍ഫക്ട് സ്‌പെല്‍ സ്വപ്‌നങ്ങളിലുമില്ല
X

ട്വന്റി 20 ക്രിക്കറ്റില്‍ ഒരു ബൗളര്‍ക്ക് ആകെ എറിയാവുന്ന പരമാവധി ഓവറുകളുടെ എണ്ണം നാലാണ്. അതു മുഴുവന്‍ എറിഞ്ഞിട്ടും ഒരു റണ്‍ പോലും വിട്ടുകൊടുക്കാതെ നാല് ഓവറും മെയ്ഡന്‍ ആക്കിയ ആദ്യ ബൗളര്‍ എന്ന റെക്കോഡ് ഇനി വിദര്‍ഭ യുവ സ്പിന്നര്‍ അക്ഷയ് കര്‍നേവാറിന് സ്വന്തം.

സയിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മണിപ്പൂരിനെതിരേയായിരുന്നു ആരാലും തകര്‍ക്കപ്പെടാനാകാത്ത റെക്കോഡ് പ്രകടനവുമായി അക്ഷയ് മിന്നിത്തിളങ്ങിയത്. നാലോവറില്‍ നാലും മെയ്ഡനാക്കിയ അക്ഷയ് രണ്ടു വിക്കറ്റുകളും പിഴുതു. ഈ പ്രകടനത്തോടെ ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം എന്ന റെക്കോഡ് പാകിസ്താന്‍ പേസര്‍ മുഹമ്മദ് ഇര്‍ഫാനില്‍ നിന്ന് അക്ഷയ് സ്വന്തമാക്കി.

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാര്‍ബഡോസ് ട്രൈഡന്റ്‌സിനായി നാലോവര്‍ എറിഞ്ഞ് മൂന്നു മെയ്ഡനും ഒരു റണ്‍ വഴങ്ങി രണ്ടു വിക്കറ്റും(4-3-1-2) എന്നതായിരുന്നു ഇര്‍ഫാന്റെ റെക്കോഡ്. അതാണ് അക്ഷയ് തകര്‍ത്തത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ നിശ്ചിത 20 ഓവറില്‍ 222 എന്ന കൂറ്റന്‍ സ്‌കോറാണ് നേടിയത്. ജിതേഷ് ശര്‍മ്മ(72) അപൂര്‍വ് വാങ്കഡെ(71) എന്നിവരുടെ ഇന്നിങ്സുകളാണ് വിദര്‍ഭക്ക് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. മറുപടി ബാറ്റിങില്‍ മണിപ്പൂരിനെ 16.3 ഓവറില്‍ 55 റണ്‍സിനു പുറത്താക്കി വിദര്‍ഭ 167 റണ്‍സിന്റെ കൂറ്റന്‍ ജയവും വിദര്‍ഭ നേടി.

ഇടംകയ്യന്‍ സ്പിന്‍ ബൗളറാണ് അക്ഷയ് കര്‍നേവര്‍. ഇതുവരെ 15 ഫസ്റ്റ്ക്ലാസ് മത്സരങ്ങളും 37 ലിസ്റ്റ് എ മത്സരങ്ങളും 44 ട്വന്റി മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഫ്‌സ്റ്റ് ക്ലാസില്‍ 36 വിക്കറ്റുകളും ലിസ്റ്റ് എ യില്‍ 50ഉം ടി 20യില്‍ 43 മത്സരങ്ങളും നേടിയിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2016 മുതല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമാണ്. പക്ഷേ ഇതുവരെ അരങ്ങേറാന്‍ കഴിഞ്ഞിട്ടില്ല.

ന്യൂസിലന്‍ഡിനെതിരെ ഈ മാസം തുടങ്ങാനിരിക്കുന്ന ടി20 പരമ്പരയിലേക്കുള്ള ടീമില്‍ അക്ഷയ് ഇടം നേടുമോ എന്നാണ് ഏവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. യുവതാരങ്ങള്‍ക്കു പരിഗണന നല്‍കുന്ന രാഹുല്‍ ദ്രാവിഡ് പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പരമ്പരയില്‍ നിരവധി യുവതാരങ്ങളാണ് പ്രതീക്ഷയോടെ വിളി കാത്തിരിക്കുന്നത്.

Next Story

Popular Stories