വീണ്ടും രസംകൊല്ലിയായി മഴ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം

മഴകാരണം ഒരു മണിക്കൂര്‍ വൈകി ആരംഭിച്ച മത്സരം എട്ട് ഓവര്‍ പിന്നിട്ടപ്പോള്‍ വീണ്ടും തടസ്സപ്പെടുകയായിരുന്നു
വീണ്ടും രസംകൊല്ലിയായി മഴ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം

ഗയാന: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനല്‍ വീണ്ടും തടസ്സപ്പെടുത്തി മഴ. മഴകാരണം ഒരു മണിക്കൂര്‍ വൈകി ആരംഭിച്ച മത്സരം എട്ട് ഓവര്‍ പിന്നിട്ടപ്പോള്‍ വീണ്ടും തടസ്സപ്പെടുകയായിരുന്നു. മത്സരം നിര്‍ത്തിവെക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെന്ന നിലയിലാണ്.

ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കായിരുന്നു മത്സരം തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ മഴമൂലം ടോസ് വൈകുകയായിരുന്നു. പിന്നാലെ മഴ കുറഞ്ഞതിന് ശേഷം ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ വിരാട് കോഹ്‌ലിയെ (9) റീസ് ടോപ്ലി ബൗള്‍ഡാക്കി. വണ്‍ഡൗണായെത്തിയ റിഷഭ് പന്തിനും അതിവേഗം മടങ്ങേണ്ടിവന്നു. നാല് റണ്‍സെടുത്ത പന്തിനെ സാം കറന്‍ ജോണി ബെയര്‍സ്‌റ്റോയുടെ കൈകളിലെത്തിച്ചു.

പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് ഒപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് മികച്ച പിന്തുണ നല്‍കുമ്പോഴാണ് വീണ്ടും മഴയെത്തിയത്. മഴ കനത്തതോടെ മത്സരം നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുമ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും (37*) സൂര്യകുമാര്‍ യാദവുമാണ് (13*) ക്രീസില്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com