Top

സൂപ്പര്‍ ഹിറ്റായി രോ-രാ സഖ്യം; കടപുഴക്കിയത് നിരവധി റെക്കോഡുകള്‍, അപൂര്‍വ നേട്ടത്തില്‍ പാക് ജോഡികള്‍ക്കൊപ്പം

20 Nov 2021 5:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൂപ്പര്‍ ഹിറ്റായി രോ-രാ സഖ്യം; കടപുഴക്കിയത് നിരവധി റെക്കോഡുകള്‍, അപൂര്‍വ നേട്ടത്തില്‍ പാക് ജോഡികള്‍ക്കൊപ്പം
X

ന്യൂസിലന്‍ഡിനെതിരേ ഇന്നലെ റാഞ്ചിയില്‍ നടന്ന രണ്ടാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിലും ആധികാരിക ജയം നേടി പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. പുതിയ കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും പുതിയ നായകന്‍ രോഹിത് ശര്‍മയുടെയും കീഴില്‍ ആദ്യ പരമ്പരയില്‍ തന്നെ വിജയം കൊയ്യാനായത് ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നുണ്ട്.

രണ്ടാം ഏകദനിത്തില്‍ അരങ്ങേറ്റ താരം ഹര്‍ഷല്‍ പട്ടേലിന്റെ മിന്നുന്ന ബൗളിങ്ങും ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും കെ.എല്‍. രാഹുലിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങുമാണ് ഇന്ത്യക്ക് ആധികാരിക ജയമൊരുക്കിയത്. ഹര്‍ഷല്‍ തന്റെ ആദ്യ രാജ്യാന്തര മത്സരത്തില്‍ തന്നെ കളിയിലെ കേമനായപ്പോള്‍ രോഹിത്-രാഹുല്‍ സഖ്യം ഒരുപിടി റെക്കോഡുകള്‍ സ്വന്തമാക്കിയാണ് മത്സരം അവസാനിപ്പിച്ചത്.

രാജ്യാന്തര ട്വന്റി ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി കൂട്ടുകെട്ട് സ്വന്തമാക്കിയ സഖ്യമെന്ന റെക്കോഡിന് ഒപ്പമെത്തിയ ഇന്ത്യന്‍ ജോഡികള്‍ തുടര്‍ച്ചയായി അഞ്ച് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തുന്ന ആദ്യ ഇന്ത്യന്‍ സഖ്യമെന്ന റെക്കോഡും രാജ്യാന്തരതലത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ഏഴാമത്തെ ഓപ്പണിങ് ജോഡികള്‍ എന്ന റെക്കോഡും സ്വന്തമാക്കി.

ഇന്നലെ ഇരുവരും 117 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ എത്തിച്ചത്. ഇത് അഞ്ചാം തവണയാണ് ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തുന്നത്. ഇതോടെ ഇക്കാര്യത്തില്‍ പാകിസ്താന്‍ ജോഡികളായ ബാബര്‍ അസം-മുഹമ്മദ് റിസ്വാന്‍ സഖ്യത്തിന്റെ റെക്കോഡിന് ഒപ്പമെത്താനും അവര്‍ക്കായി. ഒന്നാം വിക്കറ്റില്‍ ഇരുവരുടെയും നാലാം സെഞ്ചുറി കൂട്ടുകെട്ടു കൂടിയായിരുന്നു ഇത്. ഇക്കാര്യത്തിലും ബാബര്‍-റിസ്വാന്‍ സഖ്യത്തിന്റെയും ഇന്ത്യയുടെ തന്നെ രോഹിത് ശര്‍മ-ശിഖര്‍ ധവാന്‍ സഖ്യത്തിന്റെയും റെക്കോഡിന് ഒപ്പവും രോഹിത്-രാഹുല്‍ സഖ്യം എത്തി.

കൂടാതെ ഇന്നലത്തെ പ്രകടനത്തോടെ രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയായ താരമെന്ന റെക്കോഡ് ഇന്ത്യന്‍ നായകന്‍ രോഹിത് സ്വന്തമാക്കി. ഇത് 12-ാം തവണയാണ് രോഹിത് സെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയാകുന്നത്. ഇക്കാര്യത്തില്‍ പാക് നായകന്‍ ബാബര്‍ അസമിനെയും ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെയുമാണ് രോഹിത് മറികടന്നത്.

12 തവണ സെഞ്ചുറി കൂട്ടുകെട്ടു പടുത്തുയര്‍ത്തിയതില്‍ അഞ്ചു തവണ രാഹുലിനൊപ്പം നാലു തവണ ധവാനൊപ്പവും മൂന്നു തവണ വിരാട് കോഹ്ലിക്കൊപ്പവുമാണ് രോഹിത് പങ്കാളിയായത്. ഇതിനു പുറമേയാണ് രോഹിത്-രാഹുല്‍ സഖ്യം ഓപ്പണര്‍മാര്‍ എന്ന നിലയില്‍ 1000 റണ്‍സ് തികച്ചത്.

ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ ഓപ്പണിങ് സഖ്യവും ഇന്ത്യയുടെ രണ്ടാമത്തെ ഓപ്പണിങ് ജോഡിയുമാണ്. ഇതിനു മുമ്പ് ഇന്ത്യക്കായി രോഹിത്-ധവാന്‍ ജോഡിയാണ് ആദ്യമായി ഈ നേട്ടം കൈവരിബ്ചത്. 52 ഇന്നിങ്‌സുകളില്‍ നിന്ന് ഈ സഖ്യം 1743 റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ വെറും 19 ഇന്നിങ്‌സില്‍ നിന്നാണ് ഇന്നലെ രോഹിത്-രാഹുല്‍ സഖ്യം 1000 റണ്‍സ് തികച്ചത്. ഇതോടെ ഒന്നാം വിക്കറ്റില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ രണ്ട് ഓപ്പണിങ് ജോഡികളുള്ള രണ്ടാമത്തെ ടീമായി ഇന്ത്യ മാറി. ഓസ്‌ട്രേലിയയ്ക്കാണ് ഈ നേട്ടം നേരത്തെയുള്ളത്.

കൂടാതെ ടി20യില്‍ തുടരെ അഞ്ച് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കുന്ന ആദ്യ ജോഡികള്‍ എന്ന റെക്കോഡും ഇവര്‍ നേടി. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരേ 140 റണ്‍സ് തികച്ച തുടങ്ങിയ അവര്‍ പിന്നീട് സ്‌കോട്ട്‌ലന്‍ഡിനെതിരേ 70 ഉം, നമീബിയയ്‌ക്കെതിരേ 86ഉം കുറിച്ചിരുന്നു. ശേഷം ഈ പരമ്പരയിലെ ആദ്യ മത്സരം 50 ഉം കൂട്ടിച്ചേര്‍ത്തിരുന്നു.

ഇന്നലെ 35 പന്തില്‍ നിന്ന അര്‍ധസെഞ്ചുറി നേടിയപ്പോള്‍ നായകന്‍ രോഹിത് മറ്റൊരു റെക്കോഡിനും ഒപ്പമെത്തി. കരിയറിലെ 25-ാം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ ടി20യില്‍ ഏറ്റവും കൂടുതുല്‍ അര്‍ധസെഞ്ചുറി നേടിയ താരമെന്ന മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ലോകറെക്കോഡിന് ഒപ്പമാണ് രോഹിത് എത്തിയത്. എന്നാല്‍ 25 അര്‍ധസെഞ്ചുറിക്കു പുറമേ നാലു സെഞ്ചുറിയും രോഹിതിനുള്ളപ്പോള്‍ കോഹ്ലിക്ക് ആ നേട്ടം അവകാശപ്പെടാനില്ല.

Next Story

Popular Stories