Top

നായകന്റെ ഇന്നിങ്‌സുമായി സഞ്ജു; മധ്യപ്രദേശിനെ വീഴ്ത്തി കേരളം പ്രീക്വാര്‍ട്ടറില്‍

9 Nov 2021 10:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നായകന്റെ ഇന്നിങ്‌സുമായി സഞ്ജു; മധ്യപ്രദേശിനെ വീഴ്ത്തി കേരളം പ്രീക്വാര്‍ട്ടറില്‍
X

സയിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ ത്രസിപ്പിക്കുന്ന പ്രകടനവുമായി മൂന്നാം ജയം സ്വന്തമാക്കി കേരളം. ഇന്നു ന്യൂഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ ശക്തരായ മധ്യപ്രദേശിനെയാണ് കേരളം തോല്‍പിച്ചത്. അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ടു വിക്കറ്റിനായിരുന്നു കേരളത്തിന്റെ ജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്. തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം രണ്ടോവര്‍ ബാക്കി നില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി ലക്ഷ്യം കണ്ടു.

തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയോടെ നായകന്റെ ഇന്നിങ്‌സുമായി മുന്നില്‍ നിന്നു നയിച്ച സഞ്ജു സാംസണാണ് കേരളത്തിന്റെ വിജയശില്‍പി. 33 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 56 റണ്‍സുമായി സഞ്ജു പുറത്താകാതെ നിന്നു. 27 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 51 റണ്‍സുമായി പുറത്താകാതെ നിന്ന സച്ചിന്‍ ബേബി സഞ്ജുവിന് മികച്ച പിന്തുണ നല്‍കി.

ഇരുവരും ചേര്‍ന്നുള്ള പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് അടിച്ചെടുത്ത 110 റണ്‍സാണ് കേരള ഇന്നിങ്‌സിന്റെ നട്ടെല്ല്. ഇവര്‍ക്കു പുറമേ ഓപ്പണര്‍മാരായ രോഹ്വന്‍ എസ്. കുന്നുമ്മല്‍(29), മുഹമ്മദ് അസഹ്‌റുദ്ദീന്‍(21) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ കേരളത്തിന് മികച്ച തുടക്കമാണ് രോഹന്‍-അസ്ഹര്‍ സഖ്യം നല്‍കിയത്.

നേരത്തെ ടോസ് നേടിയ കേരളാ നായകന്‍ സഞ്ജു മധ്യപ്രദേശിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഐ.പി.എല്‍. രണ്ടാം പാദത്തിലെ സൂപ്പര്‍ ബാറ്റ്‌സ്മാനായ വെങ്കിടേഷ് അയ്യരെ ആദ്യ ഓവറില്‍ തന്നെ പുറത്താക്കിയ മനു കൃഷ്ണന്‍ കേരളം ആഗ്രഹിച്ച തുടക്കമാണ് സമ്മാനിച്ചത്.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കുല്‍ദീപ് ഗേഹിയും രജത് പട്ടിദാറും ചേര്‍ന്ന് മധ്യപ്രദേശിനെ തകര്‍ച്ചയില്‍ നിന്നു കരകയറ്റി. 21 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 31 റണ്‍സ് നേടിയ ഗേഹിയെ ജലജ് സക്‌സേന പുറത്താക്കിയെങ്കിലും മൂന്നാം വിക്കറ്റില്‍ പട്ടിദാറിനൊപ്പം ചേര്‍ന്ന നായകന്‍ പാര്‍ഥ് സാഹ്നി അര്‍ധസെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയായി ടീമിനെ കൂറ്റന്‍ സ്‌കോറിലേക്കു നയിച്ചു.

51 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. 25 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 32 റണ്‍സാണ് സാഹ്നി നേടിയത്. നായകന്‍ പുറത്തായ ശേഷം പിന്നീടെത്തിയ സാരാംശ് ജയ്ന്‍(11) ക്ഷണത്തില്‍ മടങ്ങിയെങ്കിലും രാജേഷ് താക്കൂറിനെ കൂട്ടുപിടിച്ച് പട്ടിദാര്‍ ടീമിനെ 170 കടത്തി.

ഇന്നിങ്‌സിന്റെ അവസാന പന്തില്‍ പുറത്താകുമ്പോള്‍ 49 പന്തില്‍ ിന്ന് ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 77 റണ്‍സായിരുന്നു പട്ടിദാറിന്റെ സമ്പാദ്യം. താക്കൂര്‍ 13 റണ്‍സുമായി പുറത്താകാതെ നിന്നു. കേരളത്തിനായി എം.എസ്. അഖില്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മനു, ജലജ്, എസ്. മിഥുന്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

Next Story

Popular Stories