Football latest

റൊണാള്‍ഡോ ആദ്യകാല ക്ലബിലേക്ക്, പിന്തുണച്ചു കുടുംബം; കരിയര്‍ അവസാനിപ്പിക്കുക പോര്‍ചുഗല്‍ ക്ലബിലെന്നു താരത്തിന്റെ ഏജന്റ്

യുവന്റസില്‍ നിന്നു പടിയിറങ്ങിയാല്‍ മറ്റൊരു വമ്പന്‍ ക്ലബിലേക്കു പോകാതെ പിറന്ന നാട്ടിലേക്കു മടങ്ങാന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തയാറെടുക്കുന്നു. യുവന്റസുമായുള്ള തന്റെ കരാര്‍ പൂര്‍ത്തിയായ ശേഷം ആദ്യകാല ക്ലബായ സ്‌പോര്‍ട്ടിങ് ലിസ്ബണിലേക്കു മടങ്ങാനാണ് താരം ആഗ്രഹിക്കുന്നത്. കഴിഞ്ഞ ദിവസം റൊണാള്‍ഡോ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

പിന്നാലെ തീരുമാനത്തിനു പൂര്‍ണ പിന്തുണ അറിയിച്ചു കുടുംബാംഗങ്ങള്‍ റൊണാള്‍ഡോയെ ബന്ധപ്പെട്ടുവെന്നും കുടുംബത്തിന്റെ സമ്മതം ലഭിച്ച ശേഷം റൊണാള്‍ഡോയുടെ നിര്‍ദേശപ്രകാരം ലിസ്ബണ്‍ മാനേജ്‌മെന്റുമായി സംസാരിച്ചുവെന്നും താരത്തിന്റെ ഏജന്റ് ഹോര്‍ഗെ മെന്‍ഡിസ് പറഞ്ഞു.

ഇറ്റാലിയന്‍ സീരി എയില്‍ കിരീടം നഷ്ടമായതും ചാമ്പ്യന്‍സ് ലീഗില്‍ സെമി കാണാതെ പുറത്താകുകയും ചെയ്തതോടെയാണ് യുവന്റസില്‍ റൊണാള്‍ഡോയുടെ നിലനില്‍പ് ചോദ്യംചെയ്യപ്പെട്ടത്. മുപ്പത്തിയാറുകാരനായ താരത്തെ എങ്ങനെയെങ്കിലും വില്‍ക്കാനുള്ള ഒരുക്കത്തിലാണ് ഇറ്റാലിയന്‍ ടീം. അതുവഴി ലഭിക്കുന്ന തുക ഉപയോഗിച്ച് യുവതാരങ്ങളെ എത്തിച്ചു ടീം ശക്തിപ്പെടുത്താനാണ് യുവന്റസ് ലക്ഷ്യമിടുന്നത്.

അതേസമയം റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും പി.എസ്.ജിയും തയാറാണ്. എന്നാല്‍ 36 കഴിഞ്ഞ താരത്തിനായി യുവന്റസ് ചോദിക്കുന്ന തുക അംഗീകരിക്കാന്‍ ഈ ക്ലബുകള്‍ തയാറായിട്ടില്ല. റൊണാള്‍ഡോയുടെ വേതനം പകുതിയായി കുറയ്ക്കാമെങ്കില്‍ താരത്തിന് ഓള്‍ഡ്ട്രാഫോര്‍ഡില്‍ വീണ്ടും അവസരം നല്‍കാമെന്നാണ് യുണൈറ്റഡ് വ്യക്തമാക്കുന്നത്.

എന്നാല്‍ കരാര്‍ കാലാവധി കഴിയുന്നതു വരെ യുവന്റസില്‍ തുടരാനാണ് റൊണാള്‍ഡോ ഉന്നുന്നത്. അങ്ങനെ വന്നാല്‍ കരാര്‍ അവസാനിക്കുമ്പോള്‍ ഫ്രീ ട്രാന്‍സ്ഫറില്‍ തനിക്കു ഇഷ്ടമുള്ള ക്ലബ് തെരഞ്ഞെടുക്കാന്‍ റൊണാള്‍ഡോയ്ക്കാകും.

Covid 19 updates

Latest News