Top

ഇനി അംബാനിയും അദാനിയും ട്വന്റി-20യുമായി വരും

20 Dec 2020 1:16 AM GMT
സി.ആർ നീലകണ്ഠൻ

ഇനി അംബാനിയും അദാനിയും ട്വന്റി-20യുമായി വരും
X

കിഴക്കമ്പലത്ത് 2015 ല്‍ ഉദയം ചെയ്ത ട്വന്റി ട്വന്റി എന്ന മാതൃക ജനാധിപത്യത്തിന് വളരെയേറെ അപകടകരമാണെന്ന് തുടക്കം മുതല്‍തന്നെ പറഞ്ഞിട്ടുള്ളയാളാണ് ഞാന്‍. അതിനെതിരെ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചയാളുമാണ്. പക്ഷേ എന്തുകൊണ്ട് 2020 പോലെയുള്ള മാതൃകകളുണ്ടാകുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒരു കോര്‍പ്പറേറ്റിന് തന്റെ കൈയ്യില്‍ കുറേ പണമുണ്ടെങ്കില്‍ സിഎസ്ആര്‍ എന്ന പേരില്‍ ആ ഫണ്ടുപയോഗിച്ച് ഒരു പഞ്ചായത്തിലെ ജനങ്ങള്‍ക്ക് താത്കാലികമായി ചില ഗുണങ്ങളുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊടുക്കാം എന്നു തെളിയിച്ചതു വഴിയാണ് 2020 അധികാരത്തിലെത്തിയത്. കുറഞ്ഞവിലയ്ക്ക് ജീവിക്കാന്‍ ആവശ്യമുള്ള വസ്തുക്കള്‍ക്ക് എത്തിച്ചുകൊടുക്കുക എന്ന വളരെ ലളിതമായ കാര്യമാണ് അവര്‍ ചെയ്തത്.

ഒപ്പം പ്രത്യക്ഷത്തില്‍ അഴിമതിരഹിതമെന്ന് തോന്നിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി അതുവഴിയൊക്കെ 2020 ജനങ്ങളെ സ്വാധീനിച്ചു. അതിനു പിന്നിലെ കാരണം നിലവിലുള്ള അധികാര വികേന്ദ്രീകരണത്തിന്റെയും ജനകീയ ആസൂത്രണത്തിന്റെയും പരാജയമാണെന്ന് കാണാന്‍ ഒരു വിഷയവുമില്ല. നമ്മുടെ ഇടതു-വലത്-ബിജെപിയടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ അധികാരവികേന്ദ്രീകരണം കൈകാര്യം ചെയ്യുന്നത് തെറ്റായ രൂപത്തിലാണെന്നും അതിലൂടെ അഴിമതി കുറയും എന്ന വിശ്വാസം മാറി പകരം എല്ലാവരും അഴിമതിക്കാരാകുക എന്ന പ്രതിഭാസത്തിലേക്കെത്തിയെന്നും കഴിഞ്ഞ കാലങ്ങളില്‍ നാം കണ്ടു. അതുകൊണ്ടുതന്നെ ജനങ്ങള്‍ ഈ കക്ഷിരാഷ്ട്രീയത്തിനപ്പുറത്തേക്ക് ചില മാതൃകകളും ചില മാര്‍ഗങ്ങളും അന്വേഷിച്ച് പോയി എന്നത് സത്യമാണ്. ഒരര്‍ഥത്തില്‍ അഴിമതിക്കെതിരെ സമരം ചെയ്ത ആംആദ്മി പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വിജയത്തിന് ഇത് സഹായകമായിട്ടുണ്ടെന്ന് പറയാം. പക്ഷേ മറുവശത്ത് അതില്‍ നിന്നെല്ലാം വ്യത്യസ്തമായി കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ ഔദാര്യത്തില്‍ കഴിയുന്ന ഒരു ജനതയെന്ന അര്‍ഥത്തിലേക്കുള്ള തരംതാഴ്ത്തല്‍ ഒരു തെറ്റായ മാതൃക തന്നെയാണ്.

കിറ്റക്‌സ് ഫാക്ടറിയുടെ വന്‍ തോതിലുള്ള മലിനീകരണം തടയണമെന്ന് പഞ്ചായത്തിലെ ചില അധികൃതര്‍ ആവശ്യപ്പെട്ടതിന്റെ ഫലമായാണ് 2020 പഞ്ചായത്ത് പിടിക്കാന്‍ തീരുമാനിച്ചത് എന്നാണ് പറയപ്പെടുന്നത്. പക്ഷേ ആ മലിനീകരണം തടയാന്‍ നിലവിലുള്ള രാഷ്ട്രീയ കക്ഷികളോ സംസ്ഥാന സര്‍ക്കാരിന്റെ മലിനീകരണ ബോര്‍ഡോ ഒന്നും ചെയ്തില്ല എന്നു മാത്രവുമല്ല കേരളത്തിലറിയപ്പെടുന്ന എല്ലാ രാഷ്ട്രീയ നേതാക്കളും ഈ കമ്പനിയുടെ ഔദാര്യം പറ്റുന്നവരായി എന്നത് ഒരു സത്യമാണ്. ഉന്നതരായ രാഷ്ട്രീയ നേതാക്കള്‍ പോലും ഇവരുടെ വക്താക്കളായി മാറിയ കാഴ്ചയാണ് കണ്ടത്. കമ്പനിയുടെ നിയമലംഘനത്തിന് എല്ലാ വിധ പിന്തുണയും രാഷ്ട്രീയ പാര്‍ട്ടികളുടെ മേല്‍തട്ടുകളില്‍ നിന്ന് ലഭിച്ചിരുന്നു, ഇപ്പോഴുമുണ്ട് എന്നാണ് ഞാന്‍ കണക്കാക്കുന്നത്.

അതേസമയം താഴേതട്ടില്‍ പഞ്ചായത്ത് തലത്തില്‍ ഇതേ രാഷ്ട്രീയ പാര്‍ട്ടിയുടെ ജനങ്ങളും പ്രവര്‍ത്തകരും നേതാക്കളും മറ്റൊരു തരത്തില്‍ ഇതിനെ എതിര്‍ത്തു എന്നതും വസ്തുതയാണ്. പക്ഷേ ഡിവൈഎഫ്‌ഐയോ യൂത്ത് കോണ്ഗ്രസോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജനസംഘടനകളോ അവര്‍ക്കെതിരെ പ്രചരണം നടത്തുമ്പോള്‍ ജനങ്ങള്‍ അത് വിശ്വസിക്കില്ല. കാരണം 2007 മുതല്‍ സമരം നടത്തുന്ന അവര്‍ മാറിമാറി വരുന്ന ഒരു സര്‍ക്കാരും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാകാത്തതാണ് അവര്‍ കണ്ടിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ കിഴക്കമ്പലത്തുനിന്ന് മറ്റുനാലു പഞ്ചായത്തുകളിലേക്ക് അത് വ്യാപിക്കുന്നു. അതില്‍ ഐക്കരനാട് എന്ന പഞ്ചായത്തില്‍ പ്രതിപക്ഷമേയില്ല. ഒരു കക്ഷി മാത്രം ഭരിക്കുന്ന- 2020 മാത്രം ഭരിക്കുന്ന ഒരു പഞ്ചായത്ത്. മറ്റൊരു തരത്തിലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമായി മാറാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 2020 ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന രൂപത്തില്‍ പേരുതന്നെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നമുക്ക് പറയാവുന്നതെല്ലാം യഥാര്‍ഥ്യവുമാണ്. പക്ഷേ അതിനെ മറികടക്കുന്നതിന് അവരെ വിമര്‍ശിച്ചിട്ട് മാത്രം കാര്യമില്ല. അതിന് രാഷ്ട്രീയ കക്ഷികള്‍ അവരുടെ നിലപാട് മാറ്റുകയാണ് വേണ്ടത്.

ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാഷ്ട്രീയ കക്ഷികള്‍ പലപ്പോഴും പരിഗണിക്കാറില്ല. പരിസ്ഥിതി മലിനീകരണമാണെങ്കിലും പാറമടകളാണെങ്കിലും ഭൂമി ഏറ്റെടുക്കലുകളാണെങ്കിലും രാഷ്ട്രീയ കക്ഷികള്‍ ഭരിക്കുന്ന പഞ്ചായത്തുകള്‍ പലപ്പോഴും നിസംഗമാവുകയോ അല്ലെങ്കില്‍ ഈ കൊള്ളക്കാരുടെ കൂടെ നില്‍ക്കുകയോ ചെയ്യുന്ന അനുഭവമാണ് ഉള്ളത്. അത് മാറ്റുകയും ജനങ്ങളുടെ യഥാര്‍ഥ ജീവിതം രാഷ്ട്രീയമായി കൈകാര്യം ചെയ്യാന്‍ രാഷ്ട്രീയ കക്ഷികള്‍ തയ്യാറാവുകയും വേണം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇറാനോ മറ്റേതെങ്കിലും അന്താരാഷ്ട്ര- ദേശീയ പ്രശ്‌നങ്ങളോ ഒരു പക്ഷേ സംസ്ഥാന വിഷയങ്ങളോ മാത്രമുയര്‍ത്തിക്കാട്ടി നിങ്ങള്‍ക്കൊരു തെരഞ്ഞെടുപ്പിനെ നേരിടാനാകില്ല. പ്രാദേശികമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയണം. അതില്‍ സത്യസന്ധതയുണ്ടാകണം അഴിമതിക്കെതിരായ നിലപാടുണ്ടാകണം. അല്ലെങ്കില്‍ ഇത്തരം പ്രതിഭാസങ്ങള്‍ നമ്മുടെ പഞ്ചായത്തുകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഭരണം പിടിച്ചെടുക്കും, അതിനെ ഞാന്‍ അരാഷ്ട്രീയമെന്ന് മാത്രം പറയില്ല കാരണം നമ്മുടെ രാഷ്ട്രീയ കക്ഷികള്‍ തന്നെ പലപ്പോളും അരാഷ്ട്രീയമായാണ് പെരുമാറാറുള്ളത്.

എന്നാല്‍ അങ്ങനെ ഈ കോര്‍പ്പറേറ്റുകള്‍ക്ക് കീഴ്‌പ്പെടുന്നത് നല്ല പ്രവണതയല്ല. അത്തരം നീക്കങ്ങള്‍ തടയാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ കക്ഷികളുടെ ഭാഗത്തുനിന്നാണ് ഉണ്ടാവേണ്ടത് അല്ലെങ്കില്‍ നാളെ ഏത് അദാനിക്കും കേരളത്തിലെ ഒരു ജില്ലയോ പല ജില്ലകളോ കീഴ്‌പ്പെടുത്തി ഇത്തരത്തില്‍ 2020 യോ മറ്റേതെങ്കിലും പേരിലോ ഇതുപോലെയുള്ള പ്രതിഭാസങ്ങള്‍ സ്ഥാപിക്കാന്‍ കഴിയും. അതുതടയപ്പെടേണ്ടതാണ്. നമ്മുടെ ജനാധിപത്യത്തില്‍ ജനങ്ങള്‍ എന്തിനാണ് വോട്ടുചെയ്യുന്നത് എന്നൊരു ചോദ്യമുണ്ട്.

അവിടെയാണ് പലപ്പോഴും മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ജാതിക്കും മതത്തിനും അങ്ങനെ നമുക്ക് തൊട്ടറിയാന്‍ സാധിക്കാത്ത ആവശ്യങ്ങള്‍ക്കും വേണ്ടി മുദ്രാവാക്യം വിളിക്കാറുണ്ട്, വോട്ടുചോദിക്കാറുണ്ട്. അതിന് പകരം ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ രാഷ്ട്രീയ കക്ഷികള്‍ തയ്യാറാകാത്തതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്.

shevlin's world: It's all bright and shining

ഡിവൈഎഫ്‌ഐ സമരം ചെയ്താലും യൂത്ത് കോണ്‍ഗ്രസ് സമരം ചെയ്താലും അവരുടെ മുന്നണി അധികാരത്തിലെത്തുമ്പോള്‍ ഒരു നടപടിയുമുണ്ടാകില്ല. മാത്രവുമല്ല കോണ്‍ഗ്രസിന്റേയും സിപിഐഎമ്മിന്റെയും ബിജെപിയുടെയും നേതാക്കള്‍ ഈ കോര്‍പ്പറേറ്റ് മുതലാളിയുടെ ദാസന്മാരെപ്പോലെയാണ് പെരുമാറുന്നത്. കേരളത്തിലെ എല്ലാ ജനകീയ പ്രശ്‌നങ്ങളിലുമിടപെടുന്ന സഖാവ് വിഎസ് അടക്കമുള്ള ആളുകള്‍ പോലും ഈ വിഷയത്തില്‍ കമ്പനിക്കൊപ്പമാണ് നിന്നതെന്നതും നിര്‍ഭാഗ്യകരമാണ്. അതുകൊണ്ട് എങ്ങനെ പ്രചാരണം നടത്തിയാലും ജനങ്ങളവരുടെ കൂടെ നില്‍ക്കില്ല.

രാഷ്ട്രീയ കക്ഷികളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്നതിന്റെ ഒരു പ്രശ്‌നവുമുണ്ട്. ദേശീയ തലത്തില്‍ ഇടതുമുന്നണിയുടെയും വലതുമുന്നണിയുടേയും ശത്രു ബിജെപിയാണ്. എന്നിട്ട് കേരളത്തിലൊരിടത്തും ബിജെപി വരാതിരിക്കാന്‍ അവര്‍ ഒന്നിച്ച് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല (പലപ്പോഴും വോട്ടുമറിച്ചിട്ടിട്ടുണ്ടെന്ന് പറയുന്നു). തൊട്ടപ്പുറത്ത് ബിജെപി വിജയിക്കുമ്പോള്‍ ഇരുകൂട്ടരും വോട്ട് ഭിന്നിപ്പിച്ച് ബിജെപിയെ വിജയിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. എന്നിട്ട് 2020ക്കെതിരെ എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ച് സ്ഥാനാര്‍ഥികളെ നിര്‍ത്തിയെന്നത് അപഹാസ്യകരമായ കാര്യമാണ്.

ബിജെപിക്കെതിരെയാണ് അങ്ങനെ സംയുക്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനുള്ള രാഷ്ട്രീയം അവര്‍ക്കു പറയാനുണ്ട്. എന്നാല്‍ 2020ക്കെതിരെ ഒന്നിച്ച് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതില്‍ എന്ത് രാഷ്ട്രീയമാണ് അവര്‍ക്ക് പറയാനുള്ളത്. ഒന്നും പറയാനില്ല അതുകൊണ്ടുതന്നെയാണ് ജനങ്ങള്‍ അവരെ വിശ്വാസത്തില്‍ എടുക്കാത്തതും. ഇവര്‍ പറയുന്ന രാഷ്ട്രീയം അരാഷ്ട്രീയമാണെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. 2020യാണ് ബിജെപിയല്ല ഇവരുടെ ശത്രു എന്ന നിലപാടിവരെടുക്കുമ്പോള്‍ അതിന് പിന്നിലെ രാഷ്ട്രീയം വ്യക്തമാണ്.

ഇതൊരു ദുരന്തമാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കാരണം, ജനങ്ങളെ കിറ്റുകളുടെയും ചില സൗജന്യങ്ങളുടെയും അടിമകളാക്കിയാണ് ഈ കോര്‍പ്പറേറ്റുകള്‍ വളര്‍ന്നുവരുന്നത്. നമ്മുടെ നാട്ടിലെ എല്ലാ അഴിമതികള്‍ക്കും തുല്യമായ സംഗതി തന്നെയാണിത്. പക്ഷേ അഴിമതിയായി പിടികൂടാന്‍ നമ്മുടെ നാട്ടിലെ നിയമങ്ങള്‍ പര്യാപ്തമല്ല എന്നതാണ് പ്രശ്‌നം. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമെ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ബാധകമാവുകയുള്ളൂ എന്നത് മുതലാക്കി ഇത്തരം സൗജന്യങ്ങള്‍ നല്‍കാനാവര്‍ക്കാകുന്നു. ഈ സൗജന്യങ്ങള്‍ക്ക് കീഴ്‌പ്പെട്ടുനില്‍ക്കുന്നവര്‍ അവരുടെ അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു.

ഇത് അപകടകരമാകുന്നത് വേറെയര്‍ഥത്തിലാണ്. നാളെയിവര്‍ക്ക് നിയമസഭയിലേക്ക് വരാം, ലോക്‌സഭയിലേക്ക് വരാം എവിടേക്കും വരാം. ഇത്തരം സ്‌പോണ്‍സേര്‍ഡ് നേതാക്കന്മാര്‍ നമ്മുടെ ജനപ്രതിനിധികളായി വരുമ്പോള്‍ അവര്‍ പറയുന്നതായിരിക്കും തീരുമാനങ്ങള്‍ ഒരു പക്ഷേ ജനങ്ങള്‍ക്കുതന്നെ അക്കാര്യത്തില്‍ തങ്ങളുടെ നിലപാടുപറയാന്‍ അവസരം ലഭിച്ചുവെന്ന് വരില്ല. കാരണം അവിടെ എന്തുനിലപാടെടുക്കണമെന്ന് തീരുമാനിക്കുന്നത് ഒരു കോര്‍പ്പറേറ്റ് മുതലാളിത്തമാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തെ തീര്‍ത്തും മറ്റൊരു രൂപത്തിലുള്ള അരാഷ്ട്രീയമാക്കി മാറ്റാന്‍ അവര്‍ക്ക് സാധിക്കുന്നു. മാത്രമല്ല പണമുണ്ടെങ്കില്‍ ആരെയും വിലയ്ക്കുവാങ്ങാന്‍ അവര്‍ക്കുകഴിയുമെന്നത് ഉപയോഗിച്ച് ജനാധിപത്യത്തിന്റെ വില്‍പ്പനയാക്കി മാറ്റുന്നു.

Twenty20 Bhakshya Suraksha Market is a unique model for Country | | Twenty20  Kizhakkambalam

കോര്‍പ്പറേറ്റ് ജനാധിപത്യത്തില്‍ ജനങ്ങളുടെ ശ്വാസത്തെപ്പോലും നിയന്ത്രിക്കാന്‍ ഈ കോര്‍പ്പറേറ്റ് ധനതാത്പര്യത്തിന് കഴിയുമെന്നതാണ് ഇവിടുത്തെ പ്രശ്‌നം. ജനപ്രതിനിധികള്‍ കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥന്മാരാണ്. പാര്‍ലമെന്റില്‍ അംബാനിക്കും അദാനിക്കും ടാറ്റയ്ക്കുമെല്ലാം ബിര്‍ളയ്ക്കുമെല്ലാം അവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എംപിമാരുണ്ട്. അതുകൊണ്ട് അവര്‍ക്കെതിരെ എന്തെങ്കിലും വന്നാല്‍ പ്രതികരിക്കാന്‍ ഈ എംപിമാരെത്തും. അതെല്ലാം പരോക്ഷമാണ്. ഇവിടെയിതാ പ്രത്യക്ഷമായി കോര്‍പ്പറേറ്റുകളുടെ ദല്ലാള്‍മാര്‍ അല്ലെങ്കിലവരുടെ ഏജന്റുമാരാണ് ഭരണത്തിലേറുന്നത്.

അതുകൊണ്ട് അവരുടെ താത്പര്യങ്ങള്‍ നൂറുശതമാനം സംരക്ഷിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ ഈ ജനപ്രതിനിധികള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ജനങ്ങളുടെ താത്പര്യവുമായി അവര്‍ക്ക് സംഘര്‍ഷം വന്നാല്‍ അവര്‍ ജനങ്ങള്‍ക്കൊപ്പമല്ല കോര്‍പ്പറേറ്റുകള്‍ക്കൊപ്പമാണ് നില്‍ക്കുക. അവിടെ ജനാധിപത്യം പൂര്‍ണമായി പരാജയപ്പെടുകയാണ് ചെയ്യുന്നത്. ജനങ്ങളുടെ താത്പര്യമല്ല ജനപ്രതിനിധികള്‍ കൈകാര്യം ചെയ്യുന്നതെങ്കില്‍ അവിടെയൊരു ജനാധിപത്യം അവസാനിക്കുകയാണ്. ഒന്നുകില്‍ അവിടുത്തെ ജനങ്ങളോ ജനപ്രതിനിധികളോ രാഷ്ട്രീയ നേതൃത്വമോ ആണ് ഇതെല്ലാം നിയമപരമായി ചോദ്യം ചെയ്യേണ്ടത്. നടപടിയെടുക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം. 2007ല്‍ തന്നെ അവരുടെ ഒരു കമ്പനിയടച്ചുപൂട്ടാന്‍ തക്ക മലിനീകരണം അവിടെയുണ്ടായിരുന്നു. അല്ലെങ്കില്‍ അതിന് ട്രീറ്റ്‌മെന്റ് പ്ലാന്റ് പണിയാതെ മുന്നോട്ടുപോകാനാകില്ലെന്ന് പറയാനുള്ള നിയമങ്ങള്‍ ഈ രാജ്യത്തുണ്ടായിരുന്നു. എന്നിട്ട് എന്തുകൊണ്ട് ഒരു പൊല്ല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഉദ്യോഗസ്ഥരും അവിടെ കേറി ഇടപെട്ടില്ല എന്നതൊക്കെ ജനങ്ങള്‍ അന്വേഷിക്കേണ്ടതാണ്.

സര്‍ക്കാര്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമുള്‍പ്പെടുന്നതാണ്. ഉദ്യോഗസ്ഥര്‍ നിയമം പാലിക്കുന്നില്ലെങ്കില്‍ നമ്മുടെ നാട്ടില്‍ മന്ത്രിമാരുണ്ട്, നിയമസഭ പരിസ്ഥിതി കമ്മിറ്റിയുണ്ട്. ഇവരില്‍ ഒരാള്‍പ്പോലും ഇതിലിടപെടാതിരുന്നതെന്തുകൊണ്ടാണ്. കാരണം കമ്പനിയ്ക്ക് അവരുടെ മേലുള്ള വലിയ സ്വാധീനമാണ്. 2020ക്കെതിരെ പറയുന്ന പോസ്റ്റിടുന്ന പ്രാദേശിക നേതാക്കള്‍ അവരുടെ സ്വന്തം നേതാക്കളോടാണ് മറുപടി ചോദിക്കേണ്ടത്. അത് പിണറായിയോ രമേശ് ചെന്നിത്തലയോ അല്ലെങ്കില്‍ ബിജെപി നേതാക്കളോ ആകട്ടെ. അവരുടെ നേതാക്കളോടാണ് ചോദിക്കേണ്ടത്, എന്തുകൊണ്ട് ഇത്രകാലം ഈ കമ്പനിക്കെതിരെ ഒരു നടപടിയുമെടുത്തില്ല എന്ന്. അതിന്റെ കാരണം അന്വേഷിച്ചുപോയാല്‍ എളുപ്പത്തിലവര്‍ക്ക് കാര്യങ്ങള്‍ മനസിലാകും. അതോടുകൂടി താഴേത്തട്ടില്‍ പിന്നെ സാധാരണ ജനങ്ങളോട് ഒരക്ഷരം മിണ്ടാന്‍ അവര്‍ക്ക് കഴിയാതാകും.

ഇതിനുമുന്‍പ് മലിനീകരണം ആരംഭിച്ചപ്പോള്‍ തന്നെ ആ പ്രദേശത്തെ ജനങ്ങള്‍ ശക്തമായി സമരം ചെയ്തു. എന്നിട്ട് ഒരു ഫലവുമുണ്ടായില്ല. ഞാനടക്കമുള്ളവര്‍ക്കെതിരെ വികസനവിരുദ്ധരെന്നും കമ്പിനി പൂട്ടിക്കാന്‍ നടക്കുന്നവരെന്നും നിരന്തരം കേള്‍ക്കുന്ന ആരോപണങ്ങളാണ് അപ്പോള്‍ ഉയര്‍ന്നുവന്നത്. കയറ്റുമതിയുള്ള കമ്പനിയാണെന്നും അനേകം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന കമ്പനിയാണെന്നും അത് പൂട്ടിക്കാനാണ് എന്നെപ്പോലെയുള്ളവര്‍ ശ്രമിക്കുന്നതെന്നുമാണ് അന്നത്തെ രാഷ്ട്രീയ നേതാക്കള്‍ തന്നെ പറഞ്ഞത്. ചേലക്കുളം ഭാഗത്ത് വലിയ തോതിലുള്ള മലിനീകരണമുണ്ടായപ്പോഴാണ് അവിടുത്തെ ജനങ്ങള്‍ സമരം തുടങ്ങിയത്. ആ സമരം ഇന്നും ശക്തമായിത്തന്നെ തുടരുന്നു. ആ സമരം വിജയിക്കണമെങ്കില്‍ ശക്തമായ ഒരിടപെടല്‍ നിയമപരമായി ഭരണകൂടത്തില്‍ നിന്നുണ്ടാകണം. ഇപ്പോഴും ഇനിയൊരു കമ്പനിയവിടെ വരാതിരിക്കാന്‍ ഒരു വിഷമവുമില്ല.

കാരണം പഞ്ചായത്തിന്റെ അനുവാദം മാത്രമല്ല പൊല്ല്യൂഷന്‍ കണ്‍ട്രോളര്‍ ബോര്‍ഡിന്റെയും വ്യവസായ വകുപ്പിന്റെയടക്കമുള്ള അനുമതി വേണം അതിന. കേരളത്തിന്റെ വ്യവസായ വകുപ്പ് ഭരിക്കുന്നത് കിറ്റെക്‌സല്ലല്ലോ, ഇവിടുത്തെ രാഷ്ട്രീയ കക്ഷികളല്ലേ. ഇന്നത് സിപിഎമ്മാണെങ്കില്‍ നാളെയത് യുഡിഎഫോ വേറെയേതെങ്കിലും കക്ഷികളോ ആകാം. ആ രാഷ്ട്രീയ കക്ഷി കൃത്യമായ തീരുമാനമെടുത്ത് നിയമമനുസരിച്ച് ബ്ലീച്ചിംഗ് ആന്റ് ഡൈയിംഗ് പോലൊരു കമ്പനി ഇവിടെ വരാന്‍ പാടില്ലെന്ന് തീരുമാനിച്ചാല്‍ ഒരു സംശയവുമില്ല അത് വരില്ല. എന്നാല്‍ അവര്‍ അങ്ങനെയൊരു തീരുമാനമെടുക്കില്ല എന്നാണ് എന്റെ അനുഭവം. അവരെ സംരക്ഷിക്കാന്‍ ഉന്നത ഭരണകര്‍ത്താക്കളുണ്ടാകും. മറിച്ചൊരനുഭവമുണ്ടായാല്‍ ഞാനെന്റെ നിലപാട് മാറ്റും.

കേരളത്തില്‍ മലിനീകരണം നടക്കുന്നത് ചേലക്കുളത്ത് മാത്രമല്ല. അവിടെയെല്ലാം ആരാണ് നടപടിയെടുത്തത്? ഭരണകൂടം നടപടിയെടുക്കുമെന്ന വിശ്വാസമിപ്പോള്‍ ജനങ്ങള്‍ക്കില്ല. അതുകൊണ്ടുതന്നെയാണ് ജനങ്ങള്‍ 2020യോടൊപ്പം നില്‍ക്കുന്നത്. ഭരണകൂടം ശക്തമായ നടപടികളെടുത്ത് അവരെ ബോധ്യപ്പെടുത്തട്ടെ അപ്പോള്‍ ജനങ്ങള്‍ മാറി ചിന്തിക്കും. അല്ലാതെ സമരം ചെയ്ത് ആ കമ്പനിയെ പൂട്ടിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഇന്നു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാകുമെന്നല്ലാതെ കമ്പനി പൂട്ടുമെന്ന വിശ്വാസം അവര്‍ക്കില്ല. ജയലളിതയുടെ അടക്കം തമിഴ്‌നാട് രാഷ്ട്രീയത്തിന് സമാനമായി സാരി കൊടുത്തും ടിവി കൊടുത്തും രാഷ്ട്രീയ പാര്‍ട്ടികളും അതൊക്കെ തന്നെയാണ് ചെയ്തിരുന്നത്.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പോലും എല്‍ഡിഎഫിനുണ്ടായ മികച്ച വിജയിച്ചതിന് പിന്നിലെ ഒരു കാരണം കിറ്റുകൊടുത്തതാണ്. സര്‍ക്കാരാണ് ചെയ്യുന്നതെങ്കില്‍ പോലും എന്തെങ്കിലും കൊടുത്താല്‍ ജനങ്ങള്‍ മറ്റെല്ലാം മറക്കും എന്ന രൂപത്തില്‍ വരുന്ന രാഷ്ട്രീയം ശരിയല്ല. ചെറിയ ചെറിയ സൗജന്യങ്ങള്‍ കൊടുത്തുകൊണ്ടല്ല ജനങ്ങളെ കൂടെ നിര്‍ത്തേണ്ടത്. സര്‍ക്കാര്‍ പണം ഏറ്റവും സുതാര്യമായി വിനിയോഗിക്കുന്ന വികസന രാഷ്ട്രീയമാണ് കൊണ്ടുവരേണ്ടത്. അതിന് രാഷ്ട്രീയപാര്‍ട്ടികള്‍ മുന്നോട്ടുവരാത്ത കാലത്തോളം ഏത് കോര്‍പ്പറേറ്റിനും നിയന്ത്രിക്കാവുന്ന ഒന്നായി സര്‍വ്വസാക്ഷര കേരളത്തിലെ വളരെ പ്രബുദ്ധരെന്നു പറയുന്ന ജനത മാറിയിരിക്കുന്നുവെന്നാണ് 2020 കാണിക്കുന്നത്. ഇനി വരുന്ന സര്‍ക്കാരും ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു നിലപാടെടുക്കുമെന്ന് പ്രതീക്ഷയില്ല, എന്നാല്‍ ആഗ്രഹമുണ്ട്. ഇതുവരെ മാറി മാറി ഭരണം വന്നിട്ടും പാരിസ്ഥിതികമായ വിഷയങ്ങളിലോ സാമൂഹിക വിഷയങ്ങളിലോ നിലപാടെടുക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഒരിക്കലും തയ്യാറാകാറില്ല എന്നതാണ് സത്യം. പരിസ്ഥിതി വിഷയങ്ങളില്‍ സമരം ചെയ്യുന്നത് വികസനവിരുദ്ധമാണെന്ന് മുദ്രകുത്തുകയും ജനങ്ങള്‍ എന്തുതരം മലിനീകരണവും പാറമടകളും സഹിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന നമ്മുടെ രാഷ്ട്രീയ കക്ഷികള്‍ എങ്ങനെയാണ് കിഴക്കമ്പലത്തുവന്ന് കോര്‍പ്പറേറ്റെന്നു പറഞ്ഞ് നിയന്ത്രിക്കുക.

അധികാരത്തിന്റെ വേരുകള്‍ പടര്‍ത്തുക എന്നതാണ് കോര്‍പ്പറേറ്റുകളുടെ ആവശ്യം. അതിന്‌റെ ഛായ പകര്‍ത്തുക കൊമ്പുകള്‍ പടര്‍ത്തുക, അവരതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അവിടെ ജനങ്ങള്‍ക്ക് തിരിച്ചുചോദിക്കാന്‍ ഒരവകാശവുമില്ല. കാരണം അവര്‍ പഴയ രാജക്കന്മാരുടെ കാലത്തെപോലെ രാജാവിന്റെ ദയയില്‍ ദാനം കിട്ടി ജീവിക്കുന്നവരാണ്. ഇതൊരു ജനാധിപത്യമാണെന്ന് അവിടെ ഭരിക്കുന്നവര്‍ അംഗീകരിക്കുന്നതേയില്ല. ജനാധിപത്യത്തിന്റെ പ്രത്യേക സ്വാഭാവങ്ങളൊന്നും തന്നെയില്ല. വോട്ടുചെയ്യാന്‍ പോകുന്നത് പോലും ജനാധിപത്യ പ്രക്രിയയുടെ ഭാഗമായതുകൊണ്ടല്ല, പഴയ കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളെപ്പോലെ അവരെ തന്നെ തെരഞ്ഞെടുക്കണമെന്ന് കമ്പനി ആവശ്യപ്പെടുന്നു. അവര്‍ ജയിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് മറ്റു മാര്‍ഗമുണ്ടാകില്ല. ഈ പോക്ക് വളരെയധികം അപകടകരമാണ്.

ഏതെങ്കിലും തരത്തില്‍ പരിഹരിക്കപ്പെടാനുള്ള ശ്രമം നടക്കാത്തതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് അവിടെ അടിമകളായി ജീവിക്കാനെ പറ്റൂ. അല്ലെങ്കില്‍ അത്ര സഹിക്കവയ്യാതാകുമ്പോള്‍ ജനങ്ങള്‍ ഞങ്ങള്‍ക്കീ സൗജന്യങ്ങള്‍ വേണ്ട എന്നു പറഞ്ഞ് പുറത്തേക്കുവരണം. അത് ഇന്നത്തെ കാലത്ത് ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. എന്തെങ്കിലും സൗജന്യം കിട്ടിയാല്‍ അതിന് പിറകെ പോകുന്നവരായി ജനങ്ങളെ മാറ്റിയതും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളാണ്. പെന്‍ഷന്‍ കൂട്ടിയാല്‍, കൂടുതല്‍ കിറ്റുകൊടുത്താല്‍, സൗജന്യമായി മരുന്ന് കോടുത്താല്‍ ജനങ്ങള്‍ കൂടെ നില്‍ക്കും എന്ന തരത്തില്‍ ജനങ്ങളെ അവര്‍ മാറ്റിയെടുത്തു. ഇപ്പോള്‍ കോര്‍പ്പറേറ്റ് മെക്കാനിസത്തെ എതിര്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ക്ക് യഥാര്‍ഥ താത്പര്യമുണ്ടെങ്കില്‍ 2020ക്കെതിരായി, കിറ്റെക്‌സിനെതിരായി സമരത്തെ പിന്തുണച്ച് രംഗത്തുവരണം, അവര്‍ ആ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം.

രാഷ്ട്രീയ പാര്‍ട്ടികളും യുവജന പ്രസ്ഥാനങ്ങളും അതിന് വിരുദ്ധമായൊരു നിലപാടെടുക്കുന്നത് ആത്മഹത്യാപരമാണ്. അവരാണ് ഈ സമരത്തെ ശക്തിപ്പെടുത്തേണ്ടത്. അങ്ങനെയൊന്ന് ഉണ്ടായില്ലെങ്കില്‍ തന്നെ ശക്തിയുടെ പരിമിതികളെല്ലാം അറിഞ്ഞു വെച്ചുതന്നെ ഞങ്ങളെപ്പോലെയുള്ള ചിലര്‍ അപസിക്കപ്പെട്ടും എതിര്‍ക്കപ്പെട്ടും ഉപദ്രവിക്കപ്പെട്ടും അവസാന ശ്വാസം വരെ സമരങ്ങള്‍ക്ക് പിന്തുണ നല്‍കും. പിന്നെ വിജയപരാജയങ്ങള്‍ ചരിത്രമാണ് നിര്‍ണയിക്കുന്നത്, അത് ഇപ്പോള്‍ പറയാനാകില്ല.

Next Story

Popular Stories