കൊടകര കേസ്: മുഖ്യപ്രതി സിപിഐഎം പ്രവര്ത്തകന് രണ്ടു ലക്ഷം നല്കി?; റെജില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ കൊന്നക്കേസിലെ പ്രതി
കൊടകര കുഴല്‍പ്പണക്കേസിലെ മുഖ്യപ്രതി രഞ്ജിത്ത് കവര്‍ച്ചക്ക് ശേഷം സഹായത്തിനായി സിപിഐഎം പ്രവര്‍ത്തകനായ റെജിലിനെ സമീപിച്ചിരുന്നതായി സൂചന. കവര്‍ച്ചാ പണത്തില്‍ നിന്നും രണ്ട് ലക്ഷം രൂപ റെജിലിന് നല്‍കിയതായും അന്വേഷണസംഘം സംശയിക്കുന്നു. രണ്ട് ബിജെപി പ്രവര്‍ത്തകരെ വധിച്ച കേസിലെ പ്രതിയാണ് പ്രവര്‍ത്തകനായ റെജില്‍. രഞ്ജിത്തിന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം സ്വദേശിയായ റെജിലിലേക്ക് അന്വേഷണം എത്തിയത്. ഇയാളെയും ഇന്ന് പൊലീസ് ചോദ്യംചെയ്തിരുന്നു. ഇതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെയും ഡ്രൈവര്‍ […]
5 Jun 2021 3:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊടകര കുഴല്‍പ്പണക്കേസിലെ മുഖ്യപ്രതി രഞ്ജിത്ത് കവര്‍ച്ചക്ക് ശേഷം സഹായത്തിനായി സിപിഐഎം പ്രവര്‍ത്തകനായ റെജിലിനെ സമീപിച്ചിരുന്നതായി സൂചന. കവര്‍ച്ചാ പണത്തില്‍ നിന്നും രണ്ട് ലക്ഷം രൂപ റെജിലിന് നല്‍കിയതായും അന്വേഷണസംഘം സംശയിക്കുന്നു. രണ്ട് ബിജെപി പ്രവര്‍ത്തകരെ വധിച്ച കേസിലെ പ്രതിയാണ് പ്രവര്‍ത്തകനായ റെജില്‍. രഞ്ജിത്തിന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം സ്വദേശിയായ റെജിലിലേക്ക് അന്വേഷണം എത്തിയത്. ഇയാളെയും ഇന്ന് പൊലീസ് ചോദ്യംചെയ്തിരുന്നു.
ഇതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെയും ഡ്രൈവര്‍ ലെബീഷിനെയും അന്വേഷണസംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. സംസ്ഥാന നേതാക്കളുടെ മൊഴി തന്നെയാണ് സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറും ആവര്‍ത്തിച്ചത്. ഇതോടെ ബിജെപി നേതാക്കളുടെ മൊഴികള്‍ കൂട്ടായ തീരുമാനമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. കുഴല്‍പ്പണക്കേസില്‍ ഉള്‍പ്പെട്ട ധര്‍മ്മരാജനെ വിളിച്ചത് തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനാണെന്ന ബിജെപി നേതാക്കളുടെ മൊഴി ഇരുവരും ആവര്‍ത്തിക്കുകയായിരുന്നു. ധര്മരാജന് തെരഞ്ഞെടുപ്പ് സാമഗ്രികള്‍ ഒന്നും വിതരണം ചെയ്തിട്ടില്ലെന്ന് ചൂണ്ടികാട്ടിയപ്പോള്‍ അതേ കുറിച്ച് അറിയില്ലെന്ന് ഇരുവരും വിശദീകരിച്ചു. കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കാലത്തെ യാത്രകളും പരിപാടികളും സംബന്ധിച്ച വിവരങ്ങളും പൊലീസ് ചോദിച്ചറിഞ്ഞു.
അതേസമയം, കേസന്വേഷണത്തിന്റെ ഭാഗമായി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ മൊഴിയും അന്വേഷണസംഘം എടുത്തേക്കും. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ധര്‍മ്മരാജനും സംഘവും എത്തിയെന്നതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നത്. ഇതില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിനെകുറിച്ചും അന്വേഷിക്കും. ബിജെപി എ ക്ലാസ് മണ്ഡലമായിരുന്നു തൃശൂര്‍.
കേസില്‍ ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയും രംഗത്തെത്തി. മത്സരരംഗത്ത് നിന്ന് പിന്മാറാന് ബിജെപി രണ്ടരലക്ഷം രൂപ നല്‍കിയെന്ന് സുന്ദര പറഞ്ഞു. മണ്ഡലത്തിലെ ബിജെപി സ്ഥാനാര്ത്ഥിയായിന്ന കെ സുരേന്ദ്രന്റെ പേരിനോട് സാമ്യമുള്ളതിനാലാണ് പത്രിക പിന്‍വലിപ്പിക്കാന്‍ പണം നല്‍കിയത്. എന്നാല്‍ സുന്ദരയുടെ ആരോപണം ബിജെപി കാസര്‍ഗോഡ് ജില്ലാനേതൃത്വം തള്ളി.
കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും സിപിഐഎമ്മും രംഗത്തെത്തി. നിഷ്പക്ഷ അന്വേഷണം നടന്നാല്‍ നരേന്ദ്രമോദിയില്‍ എത്തുമെന്നും എന്നാല്‍ ഈ കേസില്‍ അന്തര്‍ധാര രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കെ മുരളീധരന് ആരോപിച്ചു. പുറത്തു വന്നത് ബിജെപിയുടെ പണ ഇടപാടിലെ ഒരംശം മാത്രമാണെന്നും സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. കേന്ദ്ര ഏജന്‍സി അന്വേഷിച്ചാല്‍ എന്താകുമെന്ന് അറിയാമല്ലോ എന്ന് ചോദിച്ച കോടിയേരി, സുന്ദരയുടെ വെളിപ്പെടുത്തലും അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടു. കൊടകര കുഴല്‍പ്പണം ഇടപാടില്‍ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും സിപിഐഎമ്മും രംഗത്തെത്തിയത്.