പന്തളത്തെ തോല്‍വിയില്‍ അടിമുടി കടുപ്പിച്ച് സിപിഐഎം; ഉടന്‍ നന്നായില്ലെങ്കില്‍ പുറത്താക്കുമെന്ന് താക്കീത്

പത്തനംതിട്ട: പന്തളം നഗരസഭയില്‍ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ ബിജെപി മുന്നേറ്റത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐഎം. പന്തളം സിപിഐഎം ഏരിയ കമ്മറ്റിക്ക് കര്‍ശന താക്കീത് നല്‍കിയിരിക്കുകയാണ് പാര്‍ട്ടി. ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ പുറത്താക്കുമെന്നാണ് ഏഴ് ഏരിയ കമ്മറ്റി നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
നേരത്തെ, ഏരിയ സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു. പന്തളത്തെ തിരിച്ചടി അതീവ ഗൗരവമുള്ളതാണെന്നാണ് പാര്‍ട്ടി വിലയിരുത്തവല്. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റ് മാത്രമായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. ഇത്തവണ അത് 18 ആവുകയും നഗരസഭാ ഭരണത്തിലേക്കെത്തുകയും ചെയ്തു. കഴിഞ്ഞ തവണ 15 സീറ്റുണ്ടായിരുന്ന എല്‍ഡിഎഫ് ഇക്കുറി എട്ടിലേക്ക് ചുരുങ്ങുകയും ചെയ്തു. ഇത് അതീവ ഗൗരവത്തോടെയാണ് സിപിഐഎം സംസ്ഥാന നേതൃത്വം കാണുന്നത്.
സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ജില്ലാ കമ്മിറ്റിയാണ് നടപടിയെടുത്തത്. സംസ്ഥാനത്തൊട്ടാകെ ഇടത് തരംഗമുണ്ടായെങ്കിലും പന്തളത്തെ ബിജെപി വളര്‍ച്ച നിസ്സാരമായി കാണാന്‍ കഴിയില്ലെന്ന നിലപാടിലാണ് പാര്‍ട്ടി. തെരഞ്ഞെടുപ്പ് ഫലം വന്നതുമുതല്‍ പ്രാദേശിക സിപിഐഎം നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഏരിയ-ലോക്കല്‍ തലത്തില്‍ പാര്‍ട്ടിക്കുണ്ടായ വീഴ്ചയാണ് പരാജയത്തിന് കാണമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍.
സിപിഐഎം നടത്തിയ ആഭ്യന്തര അന്വേഷണത്തിലും പ്രാദേശിക ഘടകത്തിലെ വീഴ്ചകള്‍ കണ്ടെത്തിയിരുന്നെന്നാണ് റിപ്പോര്‍ട്ട്. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ പന്തളത്തെ ഭൂരിപക്ഷ സമുദായ വോട്ടുകളുടെ ധ്രുവീകരണമുണ്ടായി. ഇത് തടയുന്നതില്‍ പ്രാദേശിക നേതൃത്വത്തിന് വീഴ്ച ഉണ്ടായെന്നും ജില്ലാ നേതൃത്വം കുറ്റപ്പെടുത്തി. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വിലയിരുത്തലിന് ചേര്‍ന്ന ജില്ലാ കമ്മിറ്റി, ഏരിയാ സെക്രട്ടറിയെ സ്ഥാനത്തു നിന്ന് നീക്കാന്‍ തീരുമാനിച്ചത്. റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് സംസ്ഥാന നേതൃത്വം തീരുമാനത്തിന് അംഗീകാരം നല്കി. പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിബി ഹര്‍ഷാകുമാറിനാണ് പകരം താല്കാലിക ചുമതല. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് നീക്കങ്ങള്‍.
നിയമസഭയില്‍ പട്ടിക ജാതി സംവരണ മണ്ഡലമായ അടൂരില്‍ ഉള്‍പ്പെടുന്നതാണ് പന്തളം. പന്തളത്ത് നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കാം എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ശബരിമല സ്ത്രീപ്രവേശന വിഷയവും പന്തളത്തെ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റണമെന്ന ആവശ്യത്തോട് ഇടത് ഭരണ സമിതി നിസംമഗത പുലര്‍ത്തിയതും ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി ഇവിടെ പ്രചരണം നടത്തിയിരുന്നത്. ഹിന്ദു വിഭാഗത്തിലെ യുവ വോട്ടര്‍മാരും സ്ത്രീ വോട്ടര്‍മാരും ബിജെപിയില്‍ ആകൃഷ്ടരായെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.