Top

തരൂരില്‍ എകെ ബാലന്റെ ഭാര്യ തന്നെ?; പികെ ജമീലയെ മത്സരിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സമിതി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയ എകെ ബാലനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഭാര്യ ഡോ പികെ ജമീലയെ മത്സരിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് സിപിഐഎം സംസ്ഥാന സമിതി. നേരത്തെ ജമീല മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇത് ചര്‍ച്ചയായിരുന്നില്ല. പികെ ജമീലയെ മത്സരിപ്പിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് സംസ്ഥാന സമിതിയംഗങ്ങള്‍ക്കുള്ളത്. ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ ഇത് തള്ളി ബാലന്‍ തന്നെ രംഗത്തെത്തിയിരുന്നു. പ്രചരണം ശുദ്ധ അസംബദ്ധമാണെന്നും പ്രാഥമിക ചര്‍ച്ചയില്‍ ആരുടെ പേര് […]

5 March 2021 2:18 AM GMT

തരൂരില്‍ എകെ ബാലന്റെ ഭാര്യ തന്നെ?; പികെ ജമീലയെ മത്സരിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സമിതി
X

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയ എകെ ബാലനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഭാര്യ ഡോ പികെ ജമീലയെ മത്സരിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് സിപിഐഎം സംസ്ഥാന സമിതി. നേരത്തെ ജമീല മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇത് ചര്‍ച്ചയായിരുന്നില്ല. പികെ ജമീലയെ മത്സരിപ്പിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് സംസ്ഥാന സമിതിയംഗങ്ങള്‍ക്കുള്ളത്.

ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ ഇത് തള്ളി ബാലന്‍ തന്നെ രംഗത്തെത്തിയിരുന്നു. പ്രചരണം ശുദ്ധ അസംബദ്ധമാണെന്നും പ്രാഥമിക ചര്‍ച്ചയില്‍ ആരുടെ പേര് വേണമെങ്കിലും വരാമെന്നുമായിരുന്നു ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഒരു സ്‌ക്രിപ്റ്റ് ഒരു കേന്ദ്രത്തില്‍ നിന്നും നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടുള്ള നാടകമാണ് നടന്നതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. നേരത്തെ ജമീലയുടെ നിയമനവുമായി ബന്ധപ്പെട്ട വലിയ വിവാദം നിലനിന്നിരുന്നു. ഡോ: ജമീലയെ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ആര്‍ദ്രം മിഷന്‍ പദ്ധതിയുടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി നിയമിച്ചതാണ് വിവാദത്തിലേക്കെത്തിയത്.

2011 മുതല്‍ എകെ ബാലന്‍ തരൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് മത്സരിക്കുന്നത്. 2016 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സി പ്രകാശിനെതിരെ 67,047 വോട്ടുകള്‍ നേടിയാണ് എകെ ബാലന്‍ വിജയിച്ചത്.

മന്ത്രിമാര്‍ക്ക് ഇളവുനല്‍കണമെന്ന ആവശ്യവും സംസ്ഥാന സമിതിയില്‍ ഉയര്‍ന്നിട്ടുണ്ട്. ആലപ്പുഴ, അമ്പലപ്പുഴ സീറ്റുകളില്‍ മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും മാത്രമാണാ വിജയസാധ്യതയെന്നായിരുന്നു ആലപ്പുഴ ജില്ലാ കമ്മറ്റി സംസ്ഥാന നേതൃത്വത്തിന് നല്‍കിയ ശുപാര്‍ശ. എന്നാല്‍ ഇക്കാര്യം പരിഗണിക്കാന്‍ സെക്രട്ടേറിയറ്റ് യോഗം തയ്യാറായിരുന്നില്ല. വ്യക്തി പ്രഭാവങ്ങള്‍ കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും പുതിയ മത്സരാര്‍ത്ഥികളെ ഇറക്കാന്‍ തയ്യാറാവണമെന്നുമായിരുന്നു സെക്രട്ടേറിയറ്റിന്റെ നിര്‍ദ്ദേശം. ഇതിനെതിരെ വലിയ വിമര്‍ശനമാണ് സംസ്ഥാന സമിതിയില്‍ ഉയര്‍ന്നത്. ഐസക്കിനെയും സുധാകരനെയും മാറ്റി നിര്‍ത്തിയാല്‍ അത് വലിയ പരാജയത്തിന് കാരണമായേക്കും എന്ന വിലയിരുത്തലും സംസ്ഥാന സമിതിയില്‍ ഉയര്‍ന്നു.

എന്നാല്‍ സി രവീന്ദ്രനാഥന്‍, എകെ ബാലന്‍, ഇപി ജയരാജന്‍ എന്നിവര്‍ പ്രതിനിധീകരിക്കുന്ന പുതുക്കാട്, തരൂര്‍, മട്ടന്നൂര്‍ മണ്ഡലങ്ങളുടെ കാര്യത്തില്‍ സെക്രട്ടേറിയറ്റ് തീരുമാനത്തോട് ചേര്‍ന്നുനില്‍ക്കുന്ന നിലപാടാണ് സംസ്ഥാന സമിതിയും സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ഇപി ജയരാജന്‍ മത്സരിക്കില്ലെന്ന കാര്യത്തില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്.

കണ്ണൂരിലെ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ മത്സരിപ്പിക്കുന്ന കാര്യം ജില്ലാ കമ്മറ്റി സംസ്ഥാന നേതൃത്വത്തിന് വിട്ടിരിക്കുകയായിരുന്നു. ജയരാജനെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനത്തിലാണ് നിലവില്‍ സംസ്ഥാന സമിതി.

ജില്ലാക്കമ്മറ്റികള്‍ നിര്‍ദ്ദേശിച്ച സാധ്യതാപട്ടികയിലും സംസ്ഥാന സമിതി മാറ്റങ്ങള്‍ വരുത്തുകയാണ്. അരുവിക്കരയില്‍ കെ മധുവിന്റെ പേരായിരുന്നു ജില്ലാക്കമ്മറ്റി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ജി സ്റ്റീഫന്റെ പേരാണ് സംസ്ഥാന സമിതി പരിഗണിക്കുന്നത്. അരുവിക്കരയിലെ സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചാണ് ആലോചന. പരമ്പരാഗതമായി യുഡിഎഫിനൊപ്പം നല്‍ക്കുന്ന മണ്ഡലത്തിലെ നാടാര്‍ വോട്ടുകളെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാനാണ് നീക്കം.

കൊട്ടാരക്കരയില്‍ അയിഷ പോറ്റിക്ക് പകരം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെഎന്‍ ബാലഗോപാലിനെത്തന്നെയാവും മത്സരിപ്പിക്കുക. കെഎന്‍ ബാലഗോപാലനെ മത്സര രംഗത്തേക്കിറക്കുന്നത് തെക്കന്‍ കേരളത്തില്‍ നേട്ടമുണ്ടാക്കാന്‍ സഹാകരമാകുമെന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍.

Next Story