ടിപി വധക്കേസില്‍ സാക്ഷിയായ യൂത്ത് ലീഗ് നേതാവിന്റെ കെട്ടിട നിര്‍മാണം തടഞ്ഞു ; ഓര്‍ക്കാട്ടേരിയില്‍ ലീഗ്-സിപിഐഎം സംഘര്‍ഷം

കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ മുസ്ലിം ലീഗ്-സിപിഐഎം സംഘര്‍ഷം. യൂത്ത് ലീഗ് നേതാവിന്റെ കെട്ടിടം പണി തടയാന്‍ സിപിഐഎം പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്. സ്ഥലത്ത് പൊലീസിനെ വിന്യസിച്ചു. ടിപി ചന്ദ്രശേഖരന് വധക്കേസില്‍ സാക്ഷി പറഞ്ഞ യൂത്ത് ലീഗ് നേതാവിന്റെ കെട്ടിടം പണിയാണ് തടഞ്ഞത്.
യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പിപി ജാഫറാണ് കോടതി ഉത്തരവുമായി കെട്ടിടം പണിക്കെത്തിയത്. എന്നാല്‍ അനുമതിയില്ലാതെയാണ് നിര്‍മാണമെന്ന് പറഞ്ഞ് സിപിഐഎം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഒരു നിലകെട്ടിടത്തിനാണ് അനുമതി നല്‍കിയത്. എന്നാല്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് രണ്ടാമത്തെ നില പണിയാന്‍ ശ്രമിച്ചതെന്ന് ഏറാമല പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. നിലവില്‍ കെട്ടിട നിര്‍മാണം തല്ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. പൊലീസ് എത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ അയഞ്ഞു.
കുറ്റ്യാടി-വടകര റോഡില്‍ റോഡ് വികസനത്തിനായി വ്യാപാരികള്‍ സ്ഥലം വിട്ടുകൊടുത്തിരുന്നു. ഈ സ്ഥലത്ത് കോടതി ഉത്തരവ് പ്രകാരം കെട്ടിടനിര്‍മാണം നടത്തുകയായിരുന്നു യൂത്ത് ലീഗ് നേതാവ്. ഒരു നിലയുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു.