Top

‘സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ’; പ്രതിഷേധങ്ങള്‍ പ്രാദേശിക തലത്തില്‍ മാത്രമുള്ളതെന്ന് സിന്ധുമോള്‍ ജേക്കബ്, മത്സരം രണ്ടിലയില്‍

കൊച്ചി: കേരള കോണ്‍ഗ്രസ് എം തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ അനുവാദത്തോടെയെന്ന് പിറവത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബ്. ഇനി കേരള കോണ്‍ഗ്രസില്‍ അംഗത്വമെടുക്കും. രണ്ടില ചിഹ്നത്തിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നും സിന്ധുമോള്‍ പറഞ്ഞതായി മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. സിന്ധുമോളെ സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐഎം പ്രാദേശിക നേതൃത്വം ഇവരെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയിരുന്നു. പാര്‍ട്ടിയുടെ അനുമതിയില്ലാതെയാണ് സ്ഥാനാര്‍ത്ഥിത്വം എന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാല്‍ ബ്രാഞ്ച് […]

11 March 2021 3:53 AM GMT

‘സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ’; പ്രതിഷേധങ്ങള്‍ പ്രാദേശിക തലത്തില്‍ മാത്രമുള്ളതെന്ന് സിന്ധുമോള്‍ ജേക്കബ്, മത്സരം രണ്ടിലയില്‍
X

കൊച്ചി: കേരള കോണ്‍ഗ്രസ് എം തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ അനുവാദത്തോടെയെന്ന് പിറവത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബ്. ഇനി കേരള കോണ്‍ഗ്രസില്‍ അംഗത്വമെടുക്കും. രണ്ടില ചിഹ്നത്തിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നും സിന്ധുമോള്‍ പറഞ്ഞതായി മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.

സിന്ധുമോളെ സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐഎം പ്രാദേശിക നേതൃത്വം ഇവരെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയിരുന്നു. പാര്‍ട്ടിയുടെ അനുമതിയില്ലാതെയാണ് സ്ഥാനാര്‍ത്ഥിത്വം എന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാല്‍ ബ്രാഞ്ച് കമ്മറ്റിയില്‍നിന്നും പുറത്താക്കിയത് സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് സിന്ധുമോള്‍ പറയുന്നത്. ചില വ്യക്തികളാണ് ഇതിന് പിന്നിലെന്നും പാര്‍ട്ടി അതിന് താക്കീത് നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

പിറവത്തും കടത്തുരുത്തിയിലും തന്റെ പേര് ചര്‍ച്ചയിലുണ്ടായിരുന്നതായി കേട്ടിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് കരുതിയിരുന്നില്ല. കഴിഞ്ഞ ദിവസം ജോസ് കെ മാണി വിളിച്ചറിയിച്ചപ്പോഴാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമുണ്ടായതായി അറിഞ്ഞത്. സിപിഐഎമ്മിന് സമ്മതമാണെങ്കില്‍ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതില്‍ കുഴപ്പമില്ലെന്നായിരുന്നു തന്റെ നിലപാടെന്നും സിന്ധുമോള്‍ ജേക്കബ് അറിയിച്ചു.

പാര്‍ട്ടി പ്രാദേശിക നേതൃത്വത്തോട് ആലോചിക്കാതെയാണ് സിന്ധുമോള്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പോയതെന്നാണ് സിപിഐഎം ബ്രാഞ്ച് കമ്മറ്റിയുടെ പ്രധാന വിമര്‍ശനം. ഇതേത്തുടര്‍ന്ന് ഇന്ന് രാവിലെ ബ്രാഞ്ച് കമ്മറ്റി യോഗം ചേര്‍ന്ന് സിന്ധുവിനെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുകയും ലോക്കല്‍ കമ്മറ്റി ഇത് നടപ്പാക്കുകയുമായിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ചെയ്തതിന് പുറത്താക്കുന്നു എന്നാണ് കമ്മറ്റികളുടെ വിശദീകരണം.

എന്നാല്‍ സിപിഐഎം കോട്ടയം ജില്ലാ കമ്മറ്റി സിന്ധുവിനെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സിന്ധു മത്സരിച്ചത് സ്വതന്ത്രയായിട്ടാണെന്നും സ്വതന്ത്രമായ തീരുമാനമെടുക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നുമാണ് കോട്ടയം ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്.

അതേസമയം, സിന്ധുമോളെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ കേരള കോണ്‍ഗ്രസില്‍ത്തന്നെ പ്രതിഷേധം രൂക്ഷമാവുകയാണ്. പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം രാജിവെച്ചിരുന്നു. കേരള കോണ്‍ഗ്രസിനെതിരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ജില്‍സിന്റെ രാജി. ജോസ് കെ മാണി കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ജില്‍സ് തുറന്നടിച്ചു. സിന്ധുമോള്‍ ജേക്കബിനെ സിപിഐഎം പുറത്താക്കിയ നടപടി നാടകമാണെന്നും ജില്‍സ് ആരോപിച്ചു. പുറത്താക്കിയ ആള്‍ക്കുവേണ്ടി സിപിഐഎം എങ്ങനെ പ്രചരണത്തിനിറങ്ങുമെന്നും ജില്‍സ് ചോദിച്ചു.

‘കച്ചവടത്തിന് വേണ്ടി മാത്രമാണ്ി ജോസ് കെ മാണി പിറവം സീറ്റ് വാങ്ങിയത്. ആ കച്ചവടശ്രമം പൊളിച്ചതുകൊണ്ട് മാത്രമാണ് എന്നെ സ്ഥാനാര്‍ത്ഥിത്വത്തില്‍നിന്നും മാറ്റി സിന്ധുമോളെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഒറ്റമിനുട്ടുകൊണ്ട് സിന്ധുമോളെ സിപിഐഎം പുറത്താക്കി. പോസ്റ്ററൊട്ടിക്കുന്നു. ഇതൊക്കെ എന്ത് നാടകമാണ്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയ സിന്ധുമോളെ ഉഴവൂരില്‍നിന്നും പുറത്താക്കിയവര്‍ പിറവത്ത് എങ്ങനെ ചുമക്കും?’, ജില്‍സ് പെരിയപുറം ചോദിച്ചു.

ജോസ് കെ മാണിക്ക് മുമ്പ് പാര്‍ട്ടിയില്‍ വന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ യുവജന സംഘടനയായ യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് സീറ്റ് നല്‍കാത്തതാണ് ജില്‍സിനെ ചൊടിപ്പിച്ചത്. ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ത്ഥി പരിഗണനാ പട്ടികയില്‍ ജില്‍സിന്റെ പേര് ഉയര്‍ന്നിരുന്നു. എന്നാല്‍ അന്തിമ പട്ടിക പുറത്ത് വന്നപ്പോള്‍ സിന്ധു മോള്‍ ജേക്കബിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

Next Story