Top

യുഡിഎഫ് വോട്ട് ഇത്തവണ ബിജെപിക്ക് മറിഞ്ഞില്ല; നേമം കാവി മാറി ചുവക്കുമെന്ന് സിപിഐഎം വിലയിരുത്തല്‍; ‘തലസ്ഥാന ജില്ലയില്‍ 11 സീറ്റ് വരെ’

കേരളത്തിലെ ഏക ബിജെപി അക്കൗണ്ടായ നേമം സീറ്റ് ഇത്തവണ ചുവക്കുമെന്ന് സിപിഐഎം. ശക്തമായ ത്രികോണ മത്സരം നടന്ന നേമത്ത് വി ശിവന്‍കുട്ടി തന്നെ ജയിച്ചു കയറുമെന്നാണ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. നേമത്ത് കോണ്‍ഗ്രസ് കെ മുരളീധരനെ രംഗത്തിറക്കിയതോടെ യുഡിഎഫ് വോട്ട് ബിജെപിക്ക് പോകാതിരുന്നത് തങ്ങളെ തുണയ്ക്കുമെന്നാണ് എല്‍ഡിഎഫ് അനുമാനം. 2016ല്‍ 8671 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഒ രാജഗോപാല്‍ നേമത്ത് നിന്ന് നിയമസഭയിലെത്തിയത്. ബിജെപി 67,813 വോട്ടുകളും സിപിഐഎം സ്ഥാനാര്‍ത്ഥിയായിരുന്ന വി ശിവന്‍കുട്ടി 59,142 വോട്ടുകളും […]

10 April 2021 9:36 AM GMT

യുഡിഎഫ് വോട്ട് ഇത്തവണ ബിജെപിക്ക് മറിഞ്ഞില്ല; നേമം കാവി മാറി ചുവക്കുമെന്ന് സിപിഐഎം വിലയിരുത്തല്‍; ‘തലസ്ഥാന ജില്ലയില്‍ 11 സീറ്റ് വരെ’
X

കേരളത്തിലെ ഏക ബിജെപി അക്കൗണ്ടായ നേമം സീറ്റ് ഇത്തവണ ചുവക്കുമെന്ന് സിപിഐഎം. ശക്തമായ ത്രികോണ മത്സരം നടന്ന നേമത്ത് വി ശിവന്‍കുട്ടി തന്നെ ജയിച്ചു കയറുമെന്നാണ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. നേമത്ത് കോണ്‍ഗ്രസ് കെ മുരളീധരനെ രംഗത്തിറക്കിയതോടെ യുഡിഎഫ് വോട്ട് ബിജെപിക്ക് പോകാതിരുന്നത് തങ്ങളെ തുണയ്ക്കുമെന്നാണ് എല്‍ഡിഎഫ് അനുമാനം.

2016ല്‍ 8671 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഒ രാജഗോപാല്‍ നേമത്ത് നിന്ന് നിയമസഭയിലെത്തിയത്. ബിജെപി 67,813 വോട്ടുകളും സിപിഐഎം സ്ഥാനാര്‍ത്ഥിയായിരുന്ന വി ശിവന്‍കുട്ടി 59,142 വോട്ടുകളും നേടി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിന്ന് ജെഡിയുവിന്റെ വി സുരേന്ദ്രന്‍ പിള്ളയ്ക്ക് 13,860 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഒ രാജഗോപാലിന്റെ വ്യക്തിപ്രഭാവം, 2008 മണ്ഡലപുനര്‍നിര്‍ണ്ണയം, മണ്ഡലം ജെഡിയുവിന് വിട്ടുകൊടുത്ത കോണ്‍ഗ്രസ് തീരുമാനം എന്നിങ്ങനെ വിവിധ കാരണങ്ങളാണ് ബിജെപിയുടെ അട്ടിമറി വിജയത്തിനു സഹായിച്ചതെന്ന് പിന്നീട് നിരീക്ഷിക്കപ്പെട്ടു. ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതുകൊണ്ടാണ് കഴിഞ്ഞ തവണ യുഡിഎഫ് തോറ്റ് ബിജെപി ജയിച്ചതെന്ന് നേമത്ത് മത്സരിക്കാനെത്തിയപ്പോള്‍ തന്നെ കെ മുരളീധരന്‍ പ്രസ്താവിച്ചിരുന്നു.

ഇത്തവണ തദ്ദേശതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലുണ്ടായ തിരിച്ചടി ബിജെപിക്ക് അത്ര ഗുണകരമല്ലാത്ത സൂചനയാണ് നല്‍കിയത്. 2016-ലെ 8621 ഭൂരിപക്ഷത്തില്‍ നിന്ന് 2204 വോട്ടുകളിലേക്ക് ഉണ്ടായ ഇടിവ് വിജയസാധ്യതയെ ബാധിക്കുമെന്ന് ബിജെപിക്ക് ആശങ്കയുണ്ടായിരുന്നു. രാജഗോപാലിനെ 2016-ല്‍ തുണച്ച ഘടകങ്ങള്‍ ഇത്തവണ കുമ്മനത്തിനൊപ്പം കാണുമോ എന്ന് സംശയമാണ്. രാജഗോപാലിന് നേമത്തുള്ള ജനസമ്മതിയും അദ്ദേഹത്തിന്റെ തുടര്‍ച്ചയായുള്ള തോല്‍വികള്‍ ജനങ്ങളിലുണ്ടാക്കിയ അനുകമ്പയുമായിരുന്നു 2016-ലെ അദ്ദേഹത്തിന്റെ വിജയത്തില്‍ എടുത്തുകാട്ടപ്പെട്ടിരുന്ന പ്രധാനഘടകങ്ങള്‍. കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ഒ രാജഗോപാല്‍ പ്രകടിപ്പിച്ച മികവും അദ്ദേഹത്തിന്റെ വിജയത്തില്‍ സുപ്രധാന പങ്ക് വഹിച്ചിരുന്നു. എന്നാലതൊന്നും ഇത്തവണ കുമ്മനം ‘രാജേട്ടന്’ നേമത്ത് നിന്ന് ലഭിക്കാനിടയില്ലെന്നും നിരീക്ഷണങ്ങളുണ്ട്.

തലസ്ഥാന ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളില്‍ 11 സീറ്റ് വരെ നേടാനായേക്കുമെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ പ്രതീക്ഷ. ജില്ലയില്‍ ആധിപത്യം തുടരാനാകുമെന്നും എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മികച്ച രീതിയില്‍ പ്രചരണം നടത്തിയെന്നും സിപിഐഎം വിലയിരുത്തി. യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റുകളായ തിരുവനന്തപുരം, കോവളം, അരുവിക്കര എന്നീ സീറ്റുകളിലാണ് ആത്മവിശ്വാസക്കുറവുള്ളത്. നേമം, കഴക്കൂട്ടം, കാട്ടാക്കട എന്നിവിടങ്ങളില്‍ ബിജെപി ശക്തമായ മത്സരം കാഴ്ച്ചവെച്ചെന്നും സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് നിരീക്ഷിച്ചു.

Next Story