
തിരുവനന്തപുരം കോവളത്ത് സിപിഐഎം പ്രവര്‍ത്തകര്‍ വീട്ടില്‍ക്കയറി നടത്തിയ ആക്രമത്തിനിടെ യുവതിയുടെ ഗര്‍ഭം അലസിപ്പോയതായി പരാതി. ഒന്നരമാസം ഗര്‍ഭിണിയായ സീബയുടെ ഗര്‍ഭം അലസിയതായാണ് ഭര്‍ത്താവ് ആരിഫ് ഖാന്റെ പരാതി. തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം രാത്രി സിപിഐഎം പ്രവര്‍ത്തകര്‍ വീട് കയറി ആക്രമിക്കുകയായിരുന്നുവെന്നും അതിനിടെ കാല് വഴുതിവീണ സീബയ്ക്ക് ഗര്‍ഭസ്ഥശിശുവിനെ നഷ്ടമാകുകയായിരുന്നുവെന്നും ഭര്‍ത്താവ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു ആരിഫ് ഖാന്റെ പ്രതികരണം.
എന്നാല്‍ യുവതിയുടെ ഗര്‍ഭം സ്വാഭാവികമായി അലസിപ്പോയതാണെന്നാണ് സീബയെ ചികിത്സിച്ച ആര്‍എംഒയുടെ വിശദീകരണം. വേദനയും രക്തസ്രാവവും ഉണ്ടായ സീബയെ രാത്രിതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചന്നും സ്കാനിംഗിലാണ് ഗര്‍ഭം അലസിയതായി കണ്ടെത്തിയതെന്നും ഡോക്ടര്‍ പറഞ്ഞു.
ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം വിഴിഞ്ഞം വടിവച്ചാലില് സിപിഐം- കോണ്‍ഗ്രസ് വാക്കേറ്റത്തെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് സീബയ്ക്ക് നേരെ സിപിഐഎം ആക്രമണം നടന്നതെന്നാണ് ഭര്‍ത്താവിന്റെ പരാതി. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റായ തന്നോടുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും ഇയാള്‍ പറയുന്നു. വീട്ടിലേക്ക് ഇരച്ചെത്തിയ സിപിഐഎം പ്രവര്‍ത്തകര്‍ സീബയുടെ മുടിയ്ക്ക് കുത്തിപ്പിടിച്ച് മര്‍ദ്ദിച്ചതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് അന്വേഷണം ആരംഭിച്ചു.