കേരളാ കോണ്‍ഗ്രസിന് മന്ത്രി സ്ഥാനം വിട്ടുനല്‍കില്ലെന്ന് സിപിഐ; വൈദ്യുത വകുപ്പില്‍ കണ്ണുവെച്ച് ജോസ് കെ മാണി
നിലവില്‍ ആവശ്യപ്പെട്ട പ്രകാരം രണ്ട് മന്ത്രി സ്ഥാനങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ഒരു നിര്‍ണായ വകുപ്പിലേക്ക് പാര്‍ട്ടിയെ പരിഗണിക്കണമെന്നാണ് ജോസ് കെ മാണിയുടെ ആവശ്യം. വൈദ്യുത വകുപ്പ് ആവശ്യപ്പെടുമെന്നും സൂചനയുണ്ട്.

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിന് മന്ത്രിസ്ഥാനം വിട്ടുനല്‍കില്ലെന്ന് സിപിഐ. ഇക്കാര്യത്തില്‍ നീക്കുപോക്കുകള്‍ക്ക് തയ്യാറല്ലെന്ന് പാര്‍ട്ടി സിപിഐഎമ്മിനെ അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന അവയ്ലെബിള്‍ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കേരളാ കോണ്‍ഗ്രസിന് ഏത് മന്ത്രി സ്ഥാനം നല്‍കണമെന്ന് യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. നേരത്തെ രണ്ട് മന്ത്രിസ്ഥാനം നല്‍കാനിവില്ലെന്ന് സിപിഐഎം കേരളാ കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു.
നിലവില്‍ ആവശ്യപ്പെട്ട പ്രകാരം രണ്ട് മന്ത്രി സ്ഥാനങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ഒരു നിര്‍ണായ വകുപ്പിലേക്ക് പാര്‍ട്ടിയെ പരിഗണിക്കണമെന്നാണ് ജോസ് കെ മാണിയുടെ ആവശ്യം. വൈദ്യുത വകുപ്പ് ആവശ്യപ്പെടുമെന്നും സൂചനയുണ്ട്. വൈദ്യുത, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകള്‍ നല്കാന് സിപിഐഎമ്മില്‍ എതിര്പ്പുകളൊന്നുമില്ലെന്നാണ് സൂചന. എന്നാല്‍ പുതുമുഖങ്ങള്‍ ഏറെയുള്ള മന്ത്രിസഭയില്‍ നിര്‍ണായക വകുപ്പില്‍ സാന്നിദ്ധ്യം ലഭിച്ചില്ലെങ്കില്‍ കേരളാ കോണ്‍ഗ്രസിന് രാഷ്ട്രീയ തിരിച്ചടിയുണ്ടായേക്കും. ജോസ് കെ മാണിയുടെ തോല്‍വിയുള്‍പ്പെടെ വലിയ പ്രതിസന്ധി പാര്‍ട്ടിക്കുള്ളില്‍ ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരിച്ചടികളുണ്ടായാല്‍ പാര്‍ട്ടിക്ക് ക്ഷീണമാവും.
മന്ത്രിസഭാ രൂപീകരണത്തിന് മുന്‍പ് ഇടതുമുന്നണിയുടെ നിര്‍ണായക യോഗം തിങ്കളാഴ്ച്ച ചേരാനിരിക്കുകയാണ്. ഈ യോഗത്തില്‍ ഘടക കക്ഷികളുടെ മന്ത്രി സ്ഥാനങ്ങളുടെ കാര്യത്തില്‍ തീരുമാനമുണ്ടാകും. സിപിഐ മന്ത്രി സ്ഥാനങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യില്ലെന്നാണ് സൂചന. ധനകാര്യം, വിദ്യഭ്യാസം, തദ്ദേശം, ആരോഗ്യം, ആഭ്യന്തരം തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളൊന്നും സിപിഐഎം വിട്ടുനല്‍കില്ല. കൃഷി വകുപ്പില്‍ കേരളാ കോണ്‍ഗ്രസിന് കണ്ണുണ്ടെങ്കിലും അത് നല്കാന് സിപിഐ തയ്യാറാകില്ല. ഇക്കാര്യം സിപിഐഎം നേതാക്കളെ സിപിഐ അറിയിച്ചു കഴിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.