Top

‘കൊവിഡ് നാവ് ‘, പുതിയ രോഗലക്ഷണമോ?; മുന്നറിയിപ്പുകളെ അവഗണിക്കരുതെന്ന് വിദഗ്ധർ

നാവ് വീർത്ത പോലെ ഇരിക്കുക, നാവിൽ നിറവിത്യാസം കാണുക, നാവിൽ തടിപ്പുകളും, വായ്പുണ്ണുകളും പ്രത്യക്ഷപ്പെടുക എന്നിവയൊക്കെയാണ് പുതിയ രോഗലക്ഷണങ്ങൾ.

2 Feb 2021 1:26 AM GMT

‘കൊവിഡ് നാവ് ‘, പുതിയ രോഗലക്ഷണമോ?; മുന്നറിയിപ്പുകളെ അവഗണിക്കരുതെന്ന് വിദഗ്ധർ
X

കൊറോണ വൈറസ് പുതിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വിദഗ്ധർ. ‘കൊവിഡ് ടംഗ് ‘ അഥവാ ‘കൊവിഡ് നാവ് ‘ എന്നറിയപ്പെടുന്ന ഈ രോഗലക്ഷണത്തിൽ നാവിന്റെ ഉപരിതലത്തിൽ ചെറിയ കുരുക്കൾ ഉണ്ടാകാം. കൂടാതെ നാവ് വീർത്ത പോലെ ഇരിക്കുക, നാവിൽ നിറവിത്യാസം കാണുക, നാവിൽ തടിപ്പുകളും, വായ്പുണ്ണുകളും പ്രത്യക്ഷപ്പെടുക എന്നിവയൊക്കെയാണ് പുതിയ രോഗലക്ഷണങ്ങൾ ആയി കണക്കാക്കപ്പെടുന്നത്.

ലണ്ടനിലെ കിംഗ്സ് കൊളേജിലെ ജനിതക സാംക്രമിക രോഗ ശാസ്ത്രവിഭാഗത്തിൽ (ജനറ്റിക് എപ്പിഡെമിയോളജി) പ്രൊഫസറായ ടിം സ്‌പെക്ടർ ആണ് ഈ പുതിയ രോഗലക്ഷണത്തെ പറ്റി ട്വീറ്റ് ചെയ്തിട്ടുള്ളത്. ഈ മുന്നറിയിപ്പുകളെ അവഗണിക്കരുതെന്നും ഇത്തരം അടയാളങ്ങൾ കണ്ടാൽ ശ്രദ്ധിക്കണമെന്നും ടിം സ്‌പെക്ടർ സൂചിപ്പിക്കുന്നു.

‘500 രോഗികളിൽ ഒരാൾക്കെന്ന നിലയിൽ ‘ കൊവിഡ് നാവ് ‘ ലക്ഷണം കണ്ടു വരുന്നു. നാവിൽ വെളുത്തതോ മഞ്ഞയോ ആയ ഒരു രോമാവരണം കാണപ്പെട്ടേക്കാം, കൂടാതെ നാവിന്റെ അരികുകൾക്ക് തടിപ്പും കണ്ടേക്കാം’. ഇത് മിക്കവാറും വേദനാജനകമാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ‘കൊവിഡ് നാവ് ‘ ഉള്ളവർക്ക് രുചിയോ ഗന്ധമായ തിരിച്ചറിയാനാകില്ലെന്നും, എന്നാൽ ഈ ലക്ഷണങ്ങൾ ഒരാഴ്ചക്കുള്ളിൽ താനെ അപ്രത്യക്ഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

‘കൊവിഡ് രോഗികളിൽ 35 ശതമാനത്തോളം പേർക്ക് ആദ്യമൂന്ന്‌ ദിനങ്ങളിൽ സാധാരണ രോഗലക്ഷണങ്ങൾ കാണാറില്ല. അതിനാൽ ചർമ്മത്തിൽ ഉണ്ടാകുന്ന തടിപ്പുകൾ, നിറവ്യത്യാസം, കൈ-കാൽ വിരലുകളിൽ കാണുന്ന തടിപ്പ്, നിറവ്യത്യാസം എന്നിവയും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്,’ ടിം സ്‌പെക്ടർ പറയുന്നു.

കൊറോണ വൈറസ് എന്തുകൊണ്ടാണ് ഇത്രയും ലക്ഷണങ്ങൾ കാണിക്കുന്നതെന്ന ചോദ്യത്തിനുത്തരം ഇപ്പോഴും അജ്ഞാതമാണ്. മാത്രമല്ല ഇതേപ്പറ്റി കൂടുതലായി അറിവുകൾ ലഭ്യമാകും വരെ ഏതെങ്കിലും ഔദ്യോഗിക രോഗലക്ഷണ പട്ടികയിൽ ‘കൊവിഡ് നാവ് ‘ ചേർക്കുന്നതും ചിലപ്പോൾ നേരത്തെയല്ലേ എന്നൊരു സംശയം പ്രകടിപ്പിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പക്ഷേ ദന്തഡോക്ടർമാർ, ഓറൽ സർജൻമാർ, ആളുകളുടെ വായ പരിശോധിക്കുന്ന മറ്റ് ഡോക്ടർമാർ എന്നിവർ ഇതേപ്പറ്റി അറിഞ്ഞിരിക്കണം എന്നും ഇത് അണുബാധയുടെ ആദ്യ ലക്ഷണങ്ങളിൽ ഒന്നായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്‌പെയിനിൽ കൊവിഡ് ബാധയുള്ള 666 രോഗികളെ പരിശോധിച്ചപ്പോൾ, അവരിൽ പത്തിലധികം പേർ അതായത് 78 പേർ വായയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രകടിപ്പിച്ചതായി ബ്രിട്ടീഷ് ജേണൽ ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. രോഗാരംഭത്തിൽ തന്നെ കൊവിഡ് രോഗികൾ അനുഭവിക്കുന്ന ഈ പ്രശ്നങ്ങൾ തങ്ങൾ നിരീക്ഷിക്കുകയാണെന്നാണ് അമേരിക്കൻ ഡെന്റൽ അസോസിയേഷൻ അറിയിക്കുന്നത്.

ഒട്ടനവധി ഗവേഷകരും കൊവിഡ് രോഗികളിൽ സമാനമായ രോഗലക്ഷണങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. എങ്കിലും രോഗ നിയന്ത്രണ നിവാരണ കേന്ദ്രങ്ങൾ പുറത്തിറക്കിയ രോഗലക്ഷണങ്ങളുടെ പട്ടികയിൽ വായയോ നാവുമായോ ബന്ധമുള്ള തൊണ്ടവേദന അല്ലാതെ മറ്റൊരു ലക്ഷണങ്ങളും പെടുത്തിയിട്ടില്ല. എന്നാൽ കൊറോണ വൈറസിന്റെ പുതിയ ലക്ഷണങ്ങൾ കൂടുതൽ പഠനത്തിന് വിധേയമാക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിക്കുന്നു

Next Story