Top

‘എല്ലാം വീഡിയോയില്‍ വ്യക്തം; എന്നിട്ടും കയറി പിടിച്ചെന്ന വാദം’; പ്രതികരിച്ച യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന രമ്യ ഹരിദാസിനെതിരെ സോഷ്യല്‍മീഡിയ

താന്‍ ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് പുറത്തുവിട്ട യുവാവിനെ രമ്യ ഹരിദാസ് എംപി കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി സൈബര്‍ ലോകത്തെ സിപിഐഎം പ്രവര്‍ത്തകര്‍. കോളേജ് വിദ്യാര്‍ഥിയായ യുവാവ് പൊതുയിടത്തില്‍, അതും പത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചുറ്റും നില്‍ക്കുമ്പോള്‍ എങ്ങനെയാണ് ഒരു എംപിയെ കയറി പിടിക്കാന്‍ ശ്രമിക്കുന്നതെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന ചോദ്യം. പുറത്തുവന്ന വീഡിയോ ലോകം മുഴുവന്‍ കണ്ടു, എന്നിട്ടും യുവാവ് തന്നെ കയറി പിടിക്കാന്‍ ശ്രമിച്ചെന്ന നുണ എന്തിനാണ് രമ്യ പറയുന്നതെന്നും സോഷ്യല്‍മീഡിയ ചോദിക്കുന്നു. സിന്ധു ജയകുമാര്‍ […]

26 July 2021 3:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘എല്ലാം വീഡിയോയില്‍ വ്യക്തം; എന്നിട്ടും കയറി പിടിച്ചെന്ന വാദം’; പ്രതികരിച്ച യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന രമ്യ ഹരിദാസിനെതിരെ സോഷ്യല്‍മീഡിയ
X

താന്‍ ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് പുറത്തുവിട്ട യുവാവിനെ രമ്യ ഹരിദാസ് എംപി കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി സൈബര്‍ ലോകത്തെ സിപിഐഎം പ്രവര്‍ത്തകര്‍. കോളേജ് വിദ്യാര്‍ഥിയായ യുവാവ് പൊതുയിടത്തില്‍, അതും പത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചുറ്റും നില്‍ക്കുമ്പോള്‍ എങ്ങനെയാണ് ഒരു എംപിയെ കയറി പിടിക്കാന്‍ ശ്രമിക്കുന്നതെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന ചോദ്യം. പുറത്തുവന്ന വീഡിയോ ലോകം മുഴുവന്‍ കണ്ടു, എന്നിട്ടും യുവാവ് തന്നെ കയറി പിടിക്കാന്‍ ശ്രമിച്ചെന്ന നുണ എന്തിനാണ് രമ്യ പറയുന്നതെന്നും സോഷ്യല്‍മീഡിയ ചോദിക്കുന്നു.

സിന്ധു ജയകുമാര്‍ എന്ന യുവതി അഭിപ്രായപ്പെട്ടത്: ”നീ വീഡിയോ എടുക്കുന്നോ എന്നു ചോദിച്ചാണ് ഡെലിവറി ബോയിയെ രമ്യയുടെ കൂടെയുള്ള കോണ്‍ഗ്രസുകാരന്‍ തല്ലിയത്. അതിനിടയില്‍ ഇവരെ ആര് കയറി പിടിച്ചു. അതും അത്രയും ആണുങ്ങള്‍ അനുയായികള്‍ ഉണ്ടായിട്ടും. ആ യുവാവ് മാഡം എന്നല്ലാതെ രമ്യയെ അഭിസംബോധന ചെയ്തില്ല. ആ പ്രായത്തിലും അവന്‍ എത്ര പക്വമതി ആണെന്ന് ഓര്‍ക്കണം. ആണായാലും പെണ്ണായാലും അവരവരുടെ അന്തസാണ് മുഖ്യം. ഒരാള്‍ കയറി പിടിക്കുക എന്നു പറഞ്ഞാല്‍ അത് അന്തസിന് കളങ്കം വരുത്തും. അതിനെ മാനഹാനി ആയിട്ടൊന്നും കരുതുന്നില്ല. പക്ഷെ നമ്മുടെ പേഴ്‌സണല്‍ ഇടത്തിലേക്ക് ഒരാള്‍ അതിക്രമിച്ചു കടക്കുന്നത് നമ്മുടെ അന്തസ്സിന്റെ വിഷയമാണ്. അത് കൊണ്ട് തന്നെ അതൊരു ഗുരുതര കൃത്യമാണ്. ആ സ്ത്രീ എത്ര ക്രിമിനല്‍ മൈന്‍ഡ് ഉണ്ടായിട്ടാണ് അവരെ കയറി പിടിച്ചു എന്ന് നുണ പറയുന്നത് എന്നോര്‍ക്കണം. ആ കുട്ടിയുടെ അവന്‍ കോളേജ് വിദ്യാര്‍ത്ഥി ആണ് പ്രായം പോലും കണക്കിലെടുക്കാതെ അങ്ങനൊരു വ്യാജ പരാതി ഉന്നയിക്കണം എങ്കില്‍ അവരെത്ര അധഃപതിച്ചു?”

ലോക്ക്ഡൗൺ നിർദേശ ലംഘനം : നുണ പറയുന്നത് രമ്യ ഹരിദാസ് എം പിയോ ? സനുഫോ ? ?

ലോക്ക്ഡൗൺ നിർദേശ ലംഘനം : നുണ പറയുന്നത് ആര്? രമ്യ ഹരിദാസ് എം പിയോ ? ചോദ്യം ചെയ്ത സനുഫോ ?

Posted by Reporter Live on Sunday, July 25, 2021

പികെ ശ്രീകാന്ത് അഭിപ്രായപ്പെട്ടത്: ”രമ്യാ ഹരിദാസും വി.ടി ബല്‍റാം ഉള്‍പ്പെടെ സമീപ മണ്ഡലങ്ങളില്‍ നിന്ന് തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും വാരാന്ത്യ ലോക്ഡൗണ് നില നില്‍ക്കുന്ന ദിവസം പാലക്കാടുള്ള ഒരു റെസ്റ്ററന്റില്‍ കയറി മാസ്‌ക് ധരിക്കാതെ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ വട്ടത്തിലിരുന്നു ഭക്ഷണം കഴിക്കാന്‍ പോകുന്നതിന് മുന്നേ ഒരു വിദ്യാര്‍ത്ഥി അത് ചോദ്യം ചെയ്യുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. മാസങ്ങളായി സാധാരണക്കാരായ മനുഷ്യര്‍ ഡൈനിങ് അനുവദിക്കാത്തതിനാല്‍ പാര്‍സല്‍ വാങ്ങി കാറിലും മറ്റുമിരുന്നു ഭക്ഷണം കഴിക്കുമ്പോള്‍ ഉത്തരവാദിത്വപെട്ട ഒരു സ്ഥാനത്തിരിക്കുന്ന ഒരു എം.പി തന്നെ കോവിഡ് പ്രോട്ടോകോള്‍ ഇങ്ങനെ ലംഘിക്കുന്നത് ശരിയാണോ എന്നാണ് ആ യുവാവ് ചോദിച്ചത്. തുടര്‍ന്ന് ചില കോണ്ഗ്രസുകാര്‍ ആ വിദ്യാര്‍ത്ഥിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇത്രയും എല്ലാവരും ആ വീഡിയോയില്‍ കണ്ടതാണ്. ചെയ്തത് തെറ്റായി പോയി, കോവിഡ് പ്രോട്ടോകോള്‍ നില നില്‍ക്കുമ്പോള്‍ ഡൈനിങ് ഇല്ലാത്ത റെസ്റ്ററന്റില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ലായിരുന്നു. ക്ഷമ ചോദിക്കുന്നു. മാന്യവും പക്വവുമായ പ്രതികരണം. വിഷയത്തോട് രമ്യ ഹരിദാസ് എം.പി പ്രതികരിച്ചത് ആ വിദ്യാര്‍ത്ഥി തന്നെ കയറി പിടിക്കാന്‍ ശ്രമിച്ചുവെന്ന്, അതിനാലാണ് അയാളെ കയ്യേറ്റം ചെയ്തതെന്ന്. പകല്‍ പോലെ വ്യക്തമായ ഒരു വീഡിയോ തെളിവ് നമ്മുടെ മുന്നില്‍ നില്‍ക്കുമ്പോഴാണ് അവര്‍ ഒരു ശരാശരി മനുഷ്യന് ഏറ്റവും ഹീനമായി തോന്നുന്ന ഒരു പച്ച കള്ളം ആരോപണമായി ഉന്നയിച്ച് അതിനെ നേരിടാന്‍ ശ്രമിക്കുന്നത്. ആ പയ്യന്റെ ഭാഗ്യത്തിനാണ് അയാള്‍ക്ക് സംഭവം വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ തോന്നിയത്. ഇല്ലെങ്കില്‍ ഇപ്പോള്‍ പത്തു പതിനഞ്ചു വകുപ്പ് ചേര്‍ത്തു ഉള്ളില്‍ കിടക്കാനുള്ള വകുപ്പ് എം.പി യും സംഘവും ഉണ്ടാക്കി കൊടുത്തേനെ.”

"കോൺഗ്രസ് നേതാക്കൾ കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപെടുത്തി,മര്‍ദ്ദിച്ചു ;പൊലീസ്‌ ഉപദേശിച്ചു"

"കോൺഗ്രസ് നേതാക്കൾ കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപെടുത്തി, മര്‍ദ്ദിച്ചു ;പൊലീസ്‌ ഉപദേശിച്ചു" രമ്യ ഹരിദാസ് എം.പി ലോക്ക്ഡൗണ്‍ നിർദേശം ലംഘിച്ച വീഡിയോ എടുത്ത യുവാക്കൾ

Posted by Reporter Live on Sunday, July 25, 2021

മാധ്യമപ്രവര്‍ത്തകന്‍ ടിസി രാജേഷ് പറഞ്ഞത്: ”രമ്യ ഹരിദാസ് എം.പിയും കൂട്ടരും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുകയോ ലംഘിക്കാന്‍ കൂട്ടുനില്‍ക്കുകയോ ചെയ്തുവെന്നതിന്റെ പേരില്‍ അവര്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങളോട് തെല്ലും യോജിപ്പില്ല. അത്തരമൊരു ആരോപണം ഉയര്‍ന്നപ്പോള്‍, അതിനു വഴിമരുന്നിട്ട യുവാവിനെതിരെ തികച്ചും നീചമായ ഒരാരോപണം അവരുന്നയിച്ചതിലാണ് എന്റെ പ്രതിഷേധം. അതവിടെ നില്‍ക്കട്ടെ. രമ്യ ഹരിദാസെന്നല്ല, സമൂഹത്തിലെ പ്രിവിലേജ്ഡ് ക്ലാസ് തുടര്‍ച്ചയായി ചെയ്തുവരുന്ന ഒന്നാണ് ഈ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം. കൂടിച്ചേരലുകള്‍ നടത്താന്‍ പാടില്ലെന്നു സര്‍ക്കാര്‍ പറയുമ്പോഴും വിവാഹവും പിറന്നാളാഘോഷവും ഉള്‍പ്പെടെ അത്തരത്തില്‍ പലതരത്തിലുള്ള കൂടിച്ചേരലുകളും നല്ല രീതിയില്‍ നടന്നുവരുന്നുണ്ട്. മറ്റ് നിര്‍വാഹമില്ലാത്തതിന്റെ പേരില്‍ അതില്‍ ചില കൂടിച്ചേരലുകളിലെങ്കിലും പങ്കെടുക്കേണ്ടി വരുന്ന വ്യക്തിയെന്ന കുറ്റബോധത്തോടെയാണ് ഞാനിതു പറയുന്നത്. രണ്ടു ഡോസ് വാക്‌സിനുകളും എടുത്തുവെന്നും മാസ്‌ക് ധരിക്കാറുണ്ടെന്നും അകലം പാലിക്കാറുണ്ടെന്നുമൊന്നും പറഞ്ഞിട്ട് കാര്യമില്ല, അതൊക്കെ വെറും ന്യായീകരണങ്ങള്‍ മാത്രമേ ആകൂ. ഇക്കാര്യത്തില്‍ ഭരണ പ്രതിപക്ഷ, കക്ഷി രാഷ്ട്രീയ, മത ജാതി ഭേദങ്ങളൊന്നുമില്ല. നിങ്ങള്‍ക്ക് കൂടിച്ചേരാനുള്ള സൗകര്യമുണ്ടെങ്കില്‍ അത് നടന്നിരിക്കും. പോലീസ് വരാതെ നോക്കിയാല്‍ മാത്രം മതി. കേസെടുക്കുന്ന ഇപ്പറയുന്ന പോലീസിലെ മേലധികാരികള്‍ മാസ്‌ക് പോലും വയ്ക്കാതെ നടത്തുന്ന കൂടിച്ചേരലുകള്‍ നാം കണ്ടതാണ്. നിയമസഭ ചേരുമ്പോള്‍, പ്രസംഗിക്കുമ്പോള്‍ മാസ്‌ക് ശരിയാംവണ്ണം ധരിക്കാനാകാത്ത ജനപ്രതിനിധികളെ നാം കാണുന്നതാകട്ടെ ഒരു സാംപിള്‍ മാത്രവുമാണ്. വാക്‌സിന്റെ മാത്രം ബലത്തിലല്ല, ഹോമിയോ പ്രതിരോധ മരുന്നിന്റെ വരെ ബലത്തില്‍ പലരും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നുണ്ട്. ഓരോരുത്തര്‍ക്കും ഓരോരോ രീതിയിലാണല്ലോ പ്രിവിലേജ് ലഭിക്കുക. തീവണ്ടിയിലും ബസിലും ഒരുമിച്ച്, അകലം പാലിക്കാനാകാതെ യാത്ര ചെയ്യുമ്പോഴില്ലാത്ത എന്തു പ്രശ്‌നമാണ് ഇത്തരം കൂടിച്ചേരലുകളില്‍ ഉണ്ടാകുന്നതെന്ന് അറിയില്ല. ഭക്ഷണം കഴിക്കാന്‍ മാസ്‌ക് മാറ്റുമെന്നതാണ് ന്യായമെങ്കില്‍ ഭക്ഷണം കഴിക്കാനല്ലാതെയും മാസ്‌ക് മാറ്റാറുണ്ട്, അതിന്റെ സ്ഥാനം തെറ്റാറുമുണ്ട്. കേരളത്തിലെ മിക്കവാറും ഓഫീസുകള്‍ തുറന്നു കഴിഞ്ഞു. അവിടെയെല്ലാം എല്ലാവരും കൃത്യമായി മാസ്‌കും സാമൂഹിക അകലവും സാനിട്ടൈസിംഗ് ചെയ്യലുമുണ്ടെന്നാണ് കരുതുന്നതെങ്കില്‍ തെറ്റി. നിവൃത്തിയില്ലാത്തതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നതും പ്രിവിലേജിന്റെ പുറത്ത് അത് ചെയ്യുന്നതും രണ്ടും രണ്ടാണ്. പക്ഷേ, പലപ്പോഴും ഇതിന്റെ പേരില്‍ നിവൃത്തികേടുകൊണ്ട് ചെയ്യുന്നവരാണ് കുറ്റക്കാരായി മാറുന്നത്. പ്രിവിലേജ്ഡ് ക്ലാസിന് കോവിഡ് പ്രോട്ടോക്കോളൊന്നും ഒരു കാര്യത്തിനും തടസ്സമല്ല. അതുകൊണ്ടുതന്നെ പ്രോട്ടോക്കോളിലെ അനാവശ്യ കാര്യങ്ങള്‍ പുനര്‍വിചിന്തനം നടത്താന്‍ ഇനിയെങ്കിലും തയ്യാറാകേണ്ടിയിരിക്കുന്നു.”

തിന്‍ ദാസ് എന്ന യുവാവ് പറഞ്ഞത്: ”വീഡിയോ പിടിക്കുന്ന യുവാവിനെ ‘സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ അഹിംസയുടെ മാര്‍ഗത്തില്‍’ തലോടുന്നുമുണ്ട് …ഏതായാലും ആ യുവാവ് വീഡിയോ പിടിച്ചത് വളരെ നന്നായി . ഇല്ലെങ്കില്‍ എന്നെത്തെയും പോലെ അടുത്ത കരച്ചിലും ഷോയുമായി രമ്യ ഹരിദാസ് ഇറങ്ങുമായിരുന്നു. അവസാനം നിയമലംഘനം നടത്തിയ രമ്യ ഇരയും നിയമലംഘനം മാന്യമായി ചോദ്യം ചെയ്ത യുവാവ് വേട്ടക്കാരനും ആകുമായിരുന്നു.മാധ്യമങ്ങളും രമ്യയുമൊക്കെ ഓവര്‍ടൈം പണിയെടുത്ത് അങ്ങനെ ആക്കുമായിരുന്നു. സ്വന്തം മാസ്‌ക്‌വെച്ച് മുഖം തുടച്ചതിന് മാപ്പുപറയേണ്ടിവന്ന ഇടതുപക്ഷ MLA യെ നാം കേരളത്തില്‍ കണ്ടിട്ടുണ്ട്. കോവിഡ് പടരുന്ന കാലത്ത് നിയമങ്ങള്‍ കാറ്റില്‍പറത്തി ഷോ ഓഫുമായി ഇറങ്ങിയ രമ്യ ഹരിദാസെന്ന എംപിക്ക് പക്ഷെ മാധ്യമ ഓഡിറ്റിംഗ് നേരിടേണ്ടി വരില്ല. ഖേദവും പ്രകടിപ്പിക്കേണ്ടി വരില്ല. കാരണം അവര്‍ കോണ്‍ഗ്രെസ്സാണ് .. അതാണ് പ്രിവിലേജ്…നാണവും മാനവും ഇല്ലാത്ത കൂട്ടരായതുകൊണ്ടുതന്നെ അതിനെക്കുറിച്ച് ചോദിക്കുന്നില്ല .. അവനവനോടെങ്കിലും ഇവര്‍ക്ക് ആത്മാര്‍ത്ഥത പുലര്‍ത്താന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുമില്ല… കോണ്‍ഗ്രെസ്സുകാരുടെ കാര്യത്തില്‍ അങ്ങനെ ആഗ്രഹിക്കുന്നത് തന്നെ അബദ്ധമാണ്. ”

ALSO READ: ‘മുഖംമറച്ച വിടിയും സിസിടിവിയുമായി മാത്രം സമീപിക്കേണ്ട രമ്യയും’


അതേസമയം, വിഷയത്തില്‍ രമ്യക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ രംഗത്തെത്തി. ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിച്ച ഹോട്ടലിനെതിരെയും ഇത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ചവര്‍ക്കെതിരെയും കര്‍ശന നടപടി വേണമെന്ന് രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

കോവിഡിന്റെ മൂന്നാംതരംഗ ഭീഷണി നിലനില്‍ക്കുമ്പോഴാണ് എംപിയുടെ നേതൃത്വത്തില്‍ ഒരുസംഘം ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനെത്തിയത്. കേരളത്തില്‍ ഒരു ഹോട്ടലിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ നിലവില്‍ അനുമതിയില്ല. പാഴ്‌സലിന് മാത്രമാണ് അനുവാദം. ഇത് ലംഘിച്ച് സാമൂഹ്യ അകലം പാലിക്കാതെ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. സമൂഹത്തിന് മാതൃകയാകേണ്ട ജനപ്രതിനിധി സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചതിനെയാണ് യുവാവ് ചോദ്യം ചെയ്തത്. എന്നാല്‍, ആ യുവാവിനെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നയാള്‍ ‘നീയാരാ ഗുണ്ടയാണോ’ എന്ന് ചോദിച്ച് മര്‍ദിച്ചു. പരിക്കേറ്റ യുവാവ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കോവിഡ് പ്രതിരോധത്തിനായാണ് ശനിയും ഞായറും സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്. ആര്‍ക്കും ഇളവുനല്‍കാതെ പൊലീസും ആരോഗ്യപ്രവര്‍ത്തകരും പ്രവര്‍ത്തിക്കുമ്പോഴാണ് ഇത്തരം പരസ്യ ലംഘനം. ഇത് ജനങ്ങളോടും സര്‍ക്കാരിനോടുമുള്ള വെല്ലുവിളിയും കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കലുമാണ്. ‘നോ ഡൈനിങ്’ എന്ന ബോര്‍ഡ് ഹോട്ടലിന് പുറത്ത് തൂക്കിയിട്ടുണ്ട്. ഇത് കണ്ടിട്ടും ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിയമലംഘനമാണ്. ഇവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ വര്‍ഷം മേയില്‍ ആദ്യം വാളയാറില്‍ ഇതര സംസ്ഥാനത്തുനിന്ന് വരുന്നവരെ പാസും രജിസ്‌ട്രേഷനും ഇല്ലാതെ അതിര്‍ത്തി കടത്തണമെന്ന് ആവശ്യപ്പട്ട് സമരം ചെയ്തത്. കോവിഡ് പടര്‍ത്താന്‍ ബോധപൂര്‍വ ശ്രമമായാണ് അതിനെ നാട് കണ്ടത്. ഞായറാഴ്ച നടന്നതും കോവിഡ് പ്രതിരോധം അട്ടിമറിക്കാനുള്ള ബോധപൂര്‍വ ശ്രമമാണെന്ന് സംശയിക്കാമെന്നും സി കെ രാജേന്ദ്രന്‍ പറഞ്ഞു.

Next Story

Popular Stories