കൊവിഡ് രോഗിയായ പിതാവ് മരിച്ചതറിയാതെ ഭക്ഷണമെത്തിച്ച് മകന്‍; അജ്ഞാത മൃതദേഹമാക്കി മെഡിക്കല്‍ കോളെജുകളുടെ അനാസ്ഥ

കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്നയാള്‍ മരിച്ചത് ബന്ധുക്കളെ അറിയിക്കാതെ ആരോഗ്യവകുപ്പ്. കൊല്ലം തലവൂര്‍ സ്വദേശി സുലൈമാന്‍ കുഞ്ഞിന്റെ മൃതദേഹമാണ് ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ച്ച മൂലം അജ്ഞാത മൃതേദഹങ്ങളുടെ പട്ടികയില്‍പ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടവെയാണ് തലവൂര്‍ സ്വദേശി സുലൈമാന്‍ കുഞ്ഞ് എന്ന 85കാരന്‍ സെപ്റ്റംബര്‍ 11ന് കൊവിഡ് പോസിറ്റീവാകുന്നത്. പിതാവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയാണെന്ന് മകന്‍ നൗഷാദിനെ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. അടുത്ത ദിവസം പാരിപ്പള്ളിയില്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു രോഗിയില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് നൗഷാദ് പറയുന്നു. സുലൈമാന്‍ കുഞ്ഞ് എസ്എന്‍ കോളജിലെ കൊവിഡ് വിഭാഗത്തില്‍ ചികിത്സയിലാണെന്ന് അറിഞ്ഞ മകന്‍ അവിടെയെത്തി കാണുകയായിരുന്നു.

പിന്നീട് വിവരങ്ങള്‍ കിട്ടാതായതോടെ വീണ്ടും അന്വേഷിക്കുകയും, സുലൈമാന്‍ കുഞ്ഞിനെ പാരിപ്പള്ളിയിലേക്ക് മാറ്റിയെന്ന് അറിയുകയും ചെയ്തു. തുടര്‍ന്ന് പിതാവിന് എല്ലാ ദിവസവും പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജില്‍ ഭക്ഷണം എത്തിക്കുകയും ഇവ കൃത്യമായി ആശുപത്രി അധികൃതര്‍ കൈപ്പറ്റുകയും ചെയതിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച പിതാവ് കൊവിഡ് മുക്തനായെന്ന് അറിഞ്ഞ് ആശുപത്രിയിലെത്തിയ മകന്‍ കണ്ടത് മറ്റൊരു സുലൈമാന്‍ കുഞ്ഞിനെ ആയിരുന്നു. പിന്നിട് നടത്തിയ അന്വേഷണത്തിലാണ് മകന്‍ എത്തിച്ചിരുന്ന ഭക്ഷണം നല്‍കിയിരുന്നത് മറ്റൊരു രോഗിക്കായിരുന്നു എന്ന് തിരിച്ചറിഞ്ഞത്.

തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലായിരുന്നു ചികിത്സ നടത്തിയിരുന്നത് എന്നറിഞ്ഞ് ബന്ധുക്കള്‍ എത്തുമ്പോള്‍ സൂലൈമാന്‍ കുഞ്ഞ് മരിച്ച് 5 ദിവസം കഴിഞ്ഞെന്നും, അജ്ഞാത മൃതശരീരം എന്ന നിലയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു എന്നുമാണ് മറുപടി ലഭിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പാരിപ്പള്ളി മെഡിക്കല്‍ കോളേജിലുമാണ് ഗുരുതര അനാസ്ഥയുണ്ടായത് എന്നാണ് ആന്നാല്‍ വിലാസത്തില്‍ പിഴവുണ്ടായിരുന്നതിനാല്‍ ബന്ധുക്കളെ ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Covid 19 updates

Latest News