കൊവിഡ് പ്രതിരോധം; പരിശോധന കര്‍ശനമാക്കി പൊലീസ്; മാസ്‌കും സാമൂഹ്യഅകലവും ഉറപ്പാക്കും

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധം ശക്തമാക്കുന്നു. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് പൊലീസ് പരിശോധന കര്‍ശനമാക്കും.

മാസ്‌കും സാമൂഹ്യഅകലവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. എല്ലാ പോളിങ് ഏജന്റുമാര്‍ക്കും കൊവിഡ് പരിശോധന നടത്തും. കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേട്ടുമാരെ നിയമിക്കും. ഇതര സംസ്ഥാനക്കാര്‍ക്കുള്ള ഏഴു ദിവസത്തെ ക്വാറന്റൈന്‍ തുടരും. പരിശോധനകളുടെ എണ്ണം കൂട്ടാനും തീരുമാനമായി. കൂടാതെ വാക്‌സിനേഷനും ഊര്‍ജിതമാക്കും. തദ്ദേശസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെ പ്രതിരോധത്തില്‍ പങ്കാളികളാക്കും. ചീഫ് സെക്രട്ടറി ബുധനാഴ്ച വിളിച്ച കൊവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

കൊവിഡ് വ്യാപനം തടയുന്നതിനായി നിര്‍ദ്ദേശങ്ങളുമായി തിരുവനന്തപുരം കളക്ടര്‍ നവജ്യോത് ഖോസയും രംഗത്തെത്തി. ഒരാഴ്ച്ചത്തേക്ക് കര്‍ശന നിയന്ത്രണം പാലിക്കണം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത എല്ലാവരും കൊവിഡ് പരിശോധന നടത്തണം. കൊവിഡിന്റെതായ എന്തെങ്കിലും ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

Latest News