അണ്ണാത്തെ സെറ്റിൽ കൊവിഡ്; രജനികാന്ത് ക്വാറന്റീനിൽ പോയേക്കും

സൂപ്പർ താരം രജനികാന്ത് അഭിനയിക്കുന്ന പുതിയ ചിത്രം അണ്ണാത്തെയുടെ അണിയറപ്രവർത്തകർക്ക് കൊവിഡ്. അണ്ണാത്തെയുടെ സെറ്റിൽ എട്ട് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ താരം ക്വാറന്റീനിൽ പോയേക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.

റാമോജി റാവു ഫിലിം സിറ്റിയിലെ ചിത്രീകരണ വേളയിലാണ് അണിയറപ്രവർത്തകരിൽ എട്ട് പേർക്ക് കൊവിഡ് സ്ഥിതികരിച്ചത്. തുടർന്ന് രജനികാന്ത് ഉൾപ്പടെയുള്ള എല്ലാ പ്രവർത്തകർക്കും കൊവിഡ് പരിശോധന നടത്തും. താരം ചെന്നൈയിലേക്ക് മടങ്ങും. ചിത്രീകരണം പൂർണമായി നിർത്തിവച്ചതായി അണിയറപ്രവർത്തകർ വ്യക്തമാക്കി.

മീന, ഖുശ്ബു, നയന്‍താര, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ഇമാന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ വെട്രിയാണ്. സണ്‍ പിക്‌ച്ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘പേട്ട’യ്ക്ക് ശേഷം സണ്‍പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന രജനി ചിത്രമാണ് ‘അണ്ണാത്തെ’. രജനികാന്തിന്റെ 168ാമത്തെ ചിത്രമാണിത്. അതേസമയം രാഷ്ട്രീയത്തിന്റെ പുതിയ പാതയിലേക്ക് ചുവടുവെക്കാനൊരുങ്ങുന്ന രജനികാന്ത് ഈ മാസം 31 ന് മുന്‍പ് തന്നെ രാഷ്ട്രീയ പാര്‍ട്ടിയും നിലപാടും പ്രഖ്യാപിക്കും.

Latest News