‘ഇന്ത്യയുടെ വാക്സിൻ വിതരണ നടപടി നിർണായകം’; ദൃഢനിശ്ചയത്തെ പുകഴ്ത്തി ഡോ.ടെഡ്രോസ് അദാനോം

ന്യൂ ഡൽഹി : കൊവിഡിനെ പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ വാക്സിൻ വിതരണ നടപടിയെ നിർണായകമെന്ന് വിശേഷിപ്പിച്ചും ദൃഢനിശ്ചയത്തെ പ്രശംസിച്ചും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ.ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ലോകത്തിൽ തന്നെ ഏറ്റവും വലിയ വാക്സിൻ ഉൽ‌പാദന ശേഷിയുള്ള രാജ്യമാണ് ഇന്ത്യ. 2021ൻറെ ആദ്യപാദത്തിൽ രാജ്യം വാക്സിൻ വിതരണം ആരംഭിക്കുമെന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡിനെതിരായ് സ്വീകരിച്ചിരിക്കുന്ന ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. “നമ്മൾ ഒരുമയോടെ നിന്നാൽ ഫലപ്രദവും സുരക്ഷിതവുമായ വാക്സിനുകൾ ഉപയോഗിച്ച് എല്ലായിടങ്ങളിലുമുള്ള ദുർബലരെ സംരക്ഷിക്കാനാകും എന്ന് ഉറപ്പാക്കാം’, അദ്ദേഹം നരേന്ദ്രമോദിയെ പരാമർശിച്ച് ട്വീറ്റ് ചെയ്തു.

ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ എന്നിവ കൂടാതെ നോവാവാക്സ്, ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വാക്സിനുകളും വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിനുള്ള അംഗീകാരം ഇന്ത്യ നേടിയിട്ടുണ്ട്. 130 കോടിയിലധികം ജനങ്ങളുള്ള ഇന്ത്യയിൽ നടക്കുന്ന വാക്സിനേഷൻ പ്രക്രിയ ബൃഹത്തായ ഒന്നായിരിക്കും.

മുൻനിര ആരോഗ്യപ്രവർത്തകർക്കും 50 വയസ്സിനു മുകളിലുള്ള വ്യക്തികൾക്കും മുൻ‌ഗണന നൽകിക്കൊണ്ടാണ് രാജ്യത്ത് വാക്സിൻ വിതരണം ആരംഭിക്കുക. ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ 250 ദശലക്ഷം ആളുകൾക്ക് വാക്സിനേഷൻ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വാക്സിൻ വിതരണത്തിന് മുന്നോടിയായി ശനിയാഴ്ച്ച മുതല്‍ രാജ്യത്തു ഡ്രൈ റണ്‍ നടത്തിവരികയാണ്.

Latest News