കൊവിഡ് ഒന്നാം തരംഗം Vs രണ്ടാം തരംഗം: കാരണങ്ങളും ശ്രദ്ധിക്കേണ്ടതും

‘പ്രതിദിന കൊവിഡ് കേസുകളുമായി ഇന്ത്യ മുന്നിൽ’ എന്ന വാർത്തക്ക് ഇന്ന് പുതുമയില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രേഖപ്പെടുത്തിയ പുതിയ കൊവിഡ് കേസുകൾ അനുസരിച്ച് രാജ്യം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ദിവസങ്ങൾക്ക് മുൻപ് വരെ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ രാജ്യമായിരുന്നു ഇന്ത്യ. എന്നാലിന്ന് ലോകത്ത് ഏറ്റവും കൂടുതൽ പുതിയ കൊവിഡ് രോഗികൾ ദിനവും സ്ഥിരീകരിക്കപ്പെടുന്നത് ഇന്ത്യയിലാണ്. അങ്ങനെ ബ്രസീലിനെ പിന്തള്ളി ഇന്ത്യ ലോകറാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നു. അല്ലെങ്കിൽ 3.15 കോടി രോഗികളുമായി അമേരിക്കയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത് ഇന്ത്യയിലാണ്.

മാളുകൾ, മാർക്കറ്റുകൾ, പൊതു സ്ഥലങ്ങൾ, പൊതു ഗതാഗത സംവിധാനങ്ങൾ എന്നുവേണ്ടാ എല്ലായിടത്തും വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് രാജ്യം. കർഫ്യൂ, ലോക് ഡൗൺ, കണ്ടെയിൻമെന്റ് സോൺ, കൊവിഡ് മാനദണ്ഡങ്ങൾ എന്നിങ്ങനെ നമുക്ക് പരിചിതമായതും അല്ലാത്തതുമായ പല രീതിയിലുമാകാം അത്. ഇതിപ്പോ നമ്മളൊന്ന് കണ്ടതല്ലേ..എന്നൊരു ലാഘവ ചിന്തയിലാണ് ഇനിയുമെങ്കിൽ പടിവാതിൽക്കൽ നിൽക്കുന്ന അപകടത്തെ കൈ പിടിച്ചു അകത്തേക്ക് ക്ഷണിക്കലാകും അത്. കാരണം ലോകത്ത്‌ ഇന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന അഞ്ചിലൊരു കൊവിഡ് രോഗി ഇന്ത്യയിൽ നിന്നാണ്.

കൊവിഡ് 19 എന്ന സ്‌ട്രെയ്‌നിനെ കൂടാതെ ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ജനിതക വ്യതിയാനങ്ങൾ സംഭവിച്ച വൈറസുകളും ചേർന്നാണ് ഇന്ന് രാജ്യം നേരിടുന്ന കൊവിഡ് രണ്ടാം തരംഗത്തിന് കളമൊരുക്കുന്നത്. ഓരോ രോഗാണുവും ഓരോ ശരീരത്തിലും വ്യത്യസ്‍ത രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന തത്വം ഇവിടെയും ബാധകമാണ്. അതേപോലെ ഓരോ ശരീരം തിരിച്ചു പ്രതികരിക്കുന്നതും ഓരോ തരത്തിലാണ്.

ചിലരിൽ ലക്ഷണങ്ങളോടെയും മറ്റു ചിലരിൽ യാതൊരു ലക്ഷണങ്ങളില്ലാതെയും ആകാം രോഗബാധ ഉണ്ടാകുന്നത്. കടുത്തതും നീണ്ടു നിൽക്കുന്നതുമായ പനി-തലവേദന, ഗന്ധം ലഭിക്കാതിരിക്കുക, കഠിനമായ ക്ഷീണം അനുഭവപ്പെടുക, രൂക്ഷമായ ശ്വാസം മുട്ടൽ ഉണ്ടാവുക അങ്ങനെ കൊവിഡ് രണ്ടാം തരംഗത്തിൽ ലക്ഷണങ്ങളും അനന്തര ഫലങ്ങളും തികച്ചും വ്യത്യസ്‍തമാണ്.

ഇപ്പറഞ്ഞതിൽ പലതും ഇന്ന് നമുക്ക് വ്യക്തമായി അറിയാവുന്നതാണ്. എന്നാൽ കൊവിഡിന്റെ രണ്ടാം തരംഗം ഒന്നാം തരംഗത്തേക്കാൾ തീവ്രമാണ് എന്ന് മാത്രമാകും ഒരുപക്ഷെ നമുക്ക് അറിയാവുന്നത്. കൊവിഡ് രണ്ടാം തരംഗം ഇത്ര തീവ്രമാകാൻ കാരണമെന്താകാം ? കൂടുതൽ ചെറുപ്പക്കാരിലും കുട്ടികളിലും കൊവിഡ് പിടി മുറുക്കുന്നുണ്ടോ ? സർക്കാർ സംവിധാനങ്ങളും, കൈക്കൊള്ളേണ്ട പ്രതിരോധ നടപടികളും എന്തൊക്കെയാണ് ?

ഇവയിൽ പലതിനും കൃത്യവും ശാസ്ത്രീയവുമായ ഒരുത്തരം തരാൻ വ്യക്തമായ ഡാറ്റകളൊന്നും ഇതുവരെയില്ല. പഠനങ്ങൾ നടന്നു വരുന്നതേ ഉള്ളൂ. പക്ഷെ ഡോക്ടർമാർക്ക് ഇപ്പോഴും സ്പഷ്ടമായ സൂചന തരാനാകുന്ന ചില ചോദ്യങ്ങളുണ്ട്. അതൊന്ന് ശ്രദ്ധിക്കാം.

കൊവിഡ് രണ്ടാംതരംഗം യുവാക്കളെ കൂടുതലായി ബാധിക്കുന്നുണ്ടോ..?

കൊവിഡിന്റെ ആരംഭം മുതൽ കഴിഞ്ഞ ഡിസംബർ വരെയുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 60%ത്തോളം രോഗബാധിതരും 45 വയസ്സിന് താഴെയുള്ളവരായിരുന്നു. പക്ഷെ മരണപ്പെട്ടവരിൽ 55% പേരും 60 വയസ്സിന് മുകളിലുള്ളവരും. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രായം കുറഞ്ഞ കൊവിഡ് രോഗികൾ ഇപ്പോൾ കൂടുതലുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. മുപ്പതുകളിലുള്ള കൊവിഡ് ബാധിതരും ഇപ്പോൾ ധാരാളമുണ്ടെന്നത് ഒരു ആശങ്കയാണ്. 30 വയസ്സിന് മുകളിലുള്ള മറ്റ് ശാരീരിക അസ്വസ്ഥതകൾ ഇല്ലാത്തവർക്കിടയിലും കൊവിഡ് മരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ഒരുപക്ഷെ ഇപ്പോൾ വാക്സിൻ സ്വീകരിച്ചിട്ടുള്ളവരിൽ അധികവും പ്രായമായവർ ആണെന്നുള്ളതും പ്രതിരോധ കുത്തിവയ്പ്പ് അവർക്ക് സംരക്ഷണം നൽകുന്നതുമാകാം കാരണം എന്നൊരു സാധ്യത സംസ്ഥാന ടാസ്‌ക് ഫോഴ്‌സ് അംഗമായ ഡോ.മഹർഷി ദേശായി സൂചിപ്പിക്കുന്നുണ്ട്.

രണ്ടാം തരംഗത്തിൽ കുട്ടികൾ കൂടുതൽ ദുർബലരാണോ..?

ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ കമ്മ്യൂണിറ്റി ഹോസ്പിറ്റൽ നടത്തുന്ന ഡോ.യോഗേഷ് ജെയിൻ പറയുന്നത് കൂടുതൽ കുട്ടികൾ രണ്ടാം തരംഗത്തിൽ രോഗബാധിതരാകുന്നുണ്ട് എന്ന് തന്നെയാണ്. മാത്രമല്ല, ഈ തരംഗത്തിൽ രോഗബാധ കൂടുതൽ കഠിനമായിട്ടുണ്ടെന്നും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് കുഞ്ഞുങ്ങൾ നേരിടേണ്ടി വരുന്നതെന്നും സൂചനകളുണ്ട്. 2020 ഒക്ടോബറിൽ ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ചു കൊവിഡ് ബാധ മുതിർന്നവരേക്കാൾ കുട്ടികളിൽ വളരെ കുറവായിരുന്നു. അതായത് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ വെറും 8 ശതമാനം മാത്രം.

എന്നാലിന്ന് 5-6 ദിവസത്തേക്ക് നീണ്ടുനിൽക്കുന്ന 103-04 ഡിഗ്രിയുള്ള പനി, വയറിളക്കം ചിലപ്പോൾ ന്യുമോണിയയും ശ്വാസം മുട്ടലും എന്നീ പ്രത്യക്ഷ ലക്ഷണങ്ങളുമായി ഒരു വയസ്സുള്ള കുഞ്ഞുങ്ങളിൽ വരെ കൊവിഡ് പിടി മുറുക്കുന്നുണ്ട്. ഇന്ത്യയിൽ മാർച്ച് ഒന്നിനും ഏപ്രിൽ നാലിനും ഇടയിലുള്ള ചെറിയ കാലയളവിൽ പോലും മഹാരാഷ്ട്ര, ഛത്തീസ്ഗഡ്‌, ഉത്തർപ്രദേശ്, കർണാടക, ദില്ലി എന്നിവിടങ്ങളിൽ നിന്നുള്ള 80,000ത്തോളം കുട്ടികൾക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. രണ്ടാം തരംഗത്തിന്റെ ഒരു പ്രത്യേകതയാണ് ഇതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

ഈ വൈറസ് കൂടുതൽ വിനാശകാരിയും രോഗം കൂടുതൽ കഠിനവുമാകുന്നത് എന്തുകൊണ്ട് ..?

വൈറസിന്റെ വ്യാപന ശേഷിയാണ് ഇതിന് പിന്നിലെന്ന ഉറച്ച നിഗമനത്തിലാണ് ഡോക്ടർമാർ. അതായത് വൈറസിന് ഇപ്പോൾ മുമ്പത്തേക്കാൾ കൂടുതൽ വ്യാപനശേഷി കൈവന്നിട്ടുണ്ടെന്ന്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, മുത്തശ്ശി മുതൽ മാതാപിതാക്കൾ മുതൽ കുട്ടികൾ വരെ രോഗബാധിതരാണെന്ന് വിദഗ്ദ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

‘ആദ്യ കൊവിഡ് തരംഗത്തിൽ ഒരു രോഗിക്ക് അവരുടെ സമ്പർക്കത്തിൽ വരുന്ന 30 മുതൽ 40% വരെ ആളുകളിലാണ് അണുബാധ പടർത്താനായത്. എന്നാലിത്തവണ ഒരു രോഗിയുമായി സമ്പർക്കം പുലർത്തുന്ന 80 മുതൽ 90% വരെ ആളുകൾ രോഗബാധിതരാകുന്ന അവസ്ഥയാണുള്ളത്.’, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയ പറയുന്നു. ഇത്ര പെട്ടന്ന് രോഗവ്യാപനം ഉണ്ടാകുന്നത് തന്നെ പ്രത്യുൽപാദന നിരക്ക് ആദ്യ തരംഗത്തെ അപേക്ഷിച്ച് രണ്ടാമത്തെ തരംഗത്തിൽ കൂടുതലായത് കൊണ്ടാണെന്നും ഗവേഷകർ സൂചിപ്പിക്കുന്നു.

കൂടുതൽ കഠിനമായ മറ്റുരോഗങ്ങൾക്ക് ഈ അണുബാധ കരണമാകുന്നുണ്ടോ..?

ശ്വാസകോശ സംബന്ധിയായ രോഗങ്ങൾക്ക് രണ്ടാം തരംഗം കൂടുതൽ സാക്ഷിയാകുന്നുണ്ട് എന്ന് തന്നെയാണ് മിക്കവാറും ഡോക്ടർമാരും അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ തവണത്തേക്കാൾ വളരെ നേരത്തെ ശ്വാസകോശത്തിൽ പഴുപ്പ് കാണപ്പെടുന്നു.. അനുബന്ധമായുണ്ടാകുന്ന പനി കൂടുതൽ ദിവസങ്ങളോളം നിൽക്കുന്നു. ഈ രണ്ടു ലക്ഷണങ്ങളും രണ്ടാം തരംഗത്തിൽ കൂടുതൽ പ്രകടമാകുന്നുണ്ട്…ശരീരം കൂടുതൽ ദുർബലമാകുന്നുമുണ്ട്. ഉയരുന്ന കൊവിഡ് രോഗനിരക്കിനൊപ്പം കൂടുതൽ മെഡിക്കൽ ഓക്സിജൻ രാജ്യം ആവശ്യപ്പെടുന്നതിന് ഒരു കാരണം ഇതുമാകാം എന്നൊരു നിഗമനവും അതുകൊണ്ടു തന്നെ പങ്കു വെക്കപ്പെടുന്നുണ്ട്.

പുതിയ വകഭേദങ്ങളുടെ സാന്നിധ്യത്തോടൊപ്പം കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകാനുള്ള മറ്റൊരു കാരണം രാജ്യവ്യാപകമായി പ്രതിരോധ നടപടികളിൽ കൈകൊണ്ട അലസത കൂടിയാണ്. പല സംസ്ഥാനങ്ങളും പ്രതിരോധ മരുന്നുകളുടെ അഭാവം, ആശുപത്രി കിടക്കകളുടെ കുറവ്, ഓക്സിജന്റെയും മരുന്നുകളുടെയും വിതരണത്തിലെ അപാകത എന്നിവയൊക്കെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ 90 രാജ്യങ്ങളിലേക്കായി 60 മില്യൺ വാക്സിനുകൾ ഇന്ത്യ കയറ്റുമതി ചെയ്‌ത കേന്ദ്രനടപടി വൻവിമർശനം സൃഷ്ടിച്ചിരുന്നു. മരണസംഖ്യ ഉയരുന്നത് മൂലം ശവസംസ്കാരത്തിന് ഇടം തികയാതെ മോർച്ചറികളിലെയും ശ്മശാനങ്ങളിലെയും ദയനീയ സാഹചര്യങ്ങൾ വരെ റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ആർടിപിസിആർ ടെസ്റ്റുകൾ ഈ സാഹചര്യത്തിൽ നൂറു ശതമാനവും വിശ്വസനീയമല്ല..!

അത്തരമൊരു വാദവും രണ്ടാം തരംഗത്തിൽ ഉയർന്ന്‌ കേൾക്കുന്നുണ്ട്. ആദ്യടെസ്റ്റിൽ നെഗറ്റീവ് എന്ന് തിരിച്ചറിയുന്ന വ്യക്തിയിൽ തന്നെ 48 മണിക്കൂറിനുള്ളിൽ രോഗബാധ കണ്ടെത്താനാകുന്നുണ്ട് എന്നതാണ് കാരണം. എന്നിരിക്കലും ഇപ്പോഴത്തെ അവസ്ഥയിൽ ആർടിപിസിആർ ടെസ്റ്റിനെ പൂർണ്ണമായും തള്ളികളയുക ആശ്വാസ്യകരമല്ല. പക്ഷെ ആർടിപിസിആർ ടെസ്റ്റുകൾ രോഗനിർണയത്തിന് ഒരു അവസാന വാക്കല്ല എന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്.

ലാൻസെറ്റ് കൊവിഡ്-19 കമ്മീഷൻ പറയുന്നത് :-

കടുത്ത രോഗവ്യാപനത്തിലും ഇന്ത്യയുടെ മരണനിരക്ക് താഴേക്കാണ് എന്നുള്ളത് ഇപ്പോൾ ഒരാശ്വാസമായി തോന്നിയേക്കാം. എന്നാൽ രോഗത്തെ എത്രയും പെട്ടന്ന് നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ 1.4% പോലുള്ള കുറഞ്ഞ മരണനിരക്കിൽ പോലും നമ്മൾ കൊവിഡിനെ അതിജീവിക്കും അല്ലെങ്കിൽ ജീവനോടെ ഇരിക്കും എന്നതിന് ഒരു ഉറപ്പില്ല എന്നാണ് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്.

കൂടാതെ സാഹചര്യങ്ങൾ കൈവിട്ടു പോയാൽ 2021 ജൂൺ ആദ്യ വാരത്തോടെ ഇന്ത്യയിൽ പ്രതിദിനം 1,750 മുതൽ 2,320 പേർ വരെ മരണപ്പെട്ടേക്കാമെന്നും ലാൻസെറ്റ് കൊവിഡ്-19 കമ്മീഷന്റെ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ആഗോളതലത്തിൽ കൊവിഡിനെ ഏറ്റവും മികച്ച രീതിയിൽ എങ്ങനെ അടിച്ചമർത്താം എന്നതിനെക്കുറിച്ചുള്ള ശുപാർശകൾ നൽകുക, മഹാമാരിയുടെ ഭാഗമായി ഉടലെടുക്കുന്ന വൈകാരിക-സാമ്പത്തിക പ്രതിസന്ധികളെ പരിഹരിക്കുക, സമഗ്രവും നീതിയുക്തവും സുസ്ഥിരവുമായ ഒരു ലോകത്തെ പുനർനിർമ്മിക്കുക എന്നീ ആശയങ്ങളെ മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ലാൻസെറ് കമ്മീഷൻ.

സ്വാഭാവികമായും കാര്യങ്ങളുടെ ഗതി ശരിയായ ദിശയിലല്ല എന്ന് ഇതിനകം മനസ്സിലാക്കാവുന്നതാണ്. മരണനിരക്കിലേക്ക് ചേർക്കപ്പെടുന്ന ഓരോ നമ്പറും ഒരു വ്യക്തിയാണെന്ന് ഓർമ്മിക്കുക..അതിൽ നമ്മളുമുണ്ട് എന്ന് മറക്കാതിരിക്കുക..രാഷ്ട്രീയം പറയലോ കൊവിഡിന്റെ ആരോഗ്യ പ്രശ്ങ്ങളുടെ കണക്കെടുക്കലോ അല്ല ഇപ്പോൾ മുഖ്യം..പകരം സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കുക..പ്രതിരോധ മരുന്ന് സ്വീകരിക്കുക.. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുക എന്നതൊക്കെയാണ്. ‘രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുക എന്നതാണ് കൂടുതൽ നല്ലത് ‘എന്ന പഴഞ്ചൊല്ല് മറക്കാതിരിക്കുക.

Covid 19 updates

Latest News