Top

‘നെഗറ്റീവാണെന്ന് ഉറപ്പുള്ളവര്‍ മാത്രം ടെസ്റ്റ് ചെയ്താല്‍ മതി’; ടിപിആര്‍ കുറക്കാനുള്ള വലപ്പാട് പഞ്ചായത്ത് പ്രസിഡന്റിന്റെ ‘തന്ത്രം’ വിവാദത്തില്‍

തൃശ്ശൂര്‍ ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുപ്പതിന് മുകളിലുള്ള ഏക ഗ്രാമ പഞ്ചായത്ത് വലപ്പാടാണ്.

25 Jun 2021 6:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘നെഗറ്റീവാണെന്ന് ഉറപ്പുള്ളവര്‍ മാത്രം ടെസ്റ്റ് ചെയ്താല്‍ മതി’; ടിപിആര്‍ കുറക്കാനുള്ള വലപ്പാട് പഞ്ചായത്ത് പ്രസിഡന്റിന്റെ ‘തന്ത്രം’ വിവാദത്തില്‍
X

കൊവിഡ് വ്യാപനത്തെ ചെറുക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഓരോ പ്രദേശത്തയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് നിര്‍ണ്ണയിക്കുന്ന പശ്ചാത്തലത്തില്‍ ടിപിആര്‍ കുറയ്ക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ തെറ്റായ നിര്‍ദ്ദേശം വിവാദത്തില്‍. തൃശ്ശൂര്‍ ജില്ലയിലെ വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖിന്റെ നിര്‍ദ്ദേശമാണ് വിവാദത്തിലായത്. കൊവിഡ് നെറ്റീവാണെന്ന് ഉറപ്പുള്ളവരെ മാത്രം കൊവിഡ് ടെസ്റ്റ് ചെയ്യിപ്പിച്ചാല്‍ മതിയെന്നായിരുന്നു ഇവരുടെ നിര്‍ദ്ദേശം. ആശാ വര്‍ക്കര്‍മാര്‍ക്കും ചില പഞ്ചായത്തംഗങ്ങള്‍ക്കും ഷിനിത അയച്ച ശബ്ദ സന്ദേശം മാധ്യമങ്ങള്‍ക്ക് ലഭിച്ചതോടെ വിവാദം കത്തിപ്പടരുകയായിരുന്നു.

തൃശ്ശൂര്‍ ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുപ്പതിന് മുകളിലുള്ള ഏക ഗ്രാമ പഞ്ചായത്ത് വലപ്പാടാണ്. അടുത്ത ദിവസം കൊവിഡ് പരിശോധന നടത്തേണ്ട 20 പേരെ തെരഞ്ഞെടുക്കുമ്പോള്‍ അവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് ഇവര്‍ പറയുന്നത് ശബ്ദ സന്ദേശത്തില്‍ കേള്‍ക്കാം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ടിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴി വാക്കുന്നതിനാണ് പഞ്ചായത്ത് പ്രസിഡന്റ് ഈ വിധമുള്ള ഒരു നിര്‍ദ്ദേശം നല്‍കിയതെന്നാണ് വിവരം. സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധമുയരുന്നുണ്ട്.

Next Story