
ന്യൂ ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3.2 ലക്ഷമായി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അവധി ദിനമായതിനാൽ ടെസ്റ്റിംഗ് കുറഞ്ഞതു കൊണ്ടാകാം എണ്ണവും കുറഞ്ഞതെന്നാണ് വിലയിരുത്തൽ.
രാജ്യത്ത് മരണനിരക്ക് ഇന്നും 2500ന് മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 2771 പേരാണ്. തുടർച്ചയായ നാലാം ദിവസവും മൂന്ന് ലക്ഷത്തിന് മുകളിലാണ് രോഗികളുടെ എണ്ണം. മരണനിരക്ക് മൂവായിരത്തിനടുത്തേക്ക് നീങ്ങുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ആരോഗ്യരംഗവും മഹാമാരിയുടെ പിടിയിലാണ്. പല ആശുപത്രികളിലും ഓക്സിജന്റെ അഭാവവും കിടത്തി ചികിത്സക്കുള്ള അപര്യാപ്തതയും ഉണ്ട്. ഇതിനിടയിൽ ഇന്ത്യയിലേക്ക് ഓക്സിജനെത്തിക്കാന്‍ പാകിസ്താന് തയ്യാറാണെന്നും കേന്ദ്രതീരുമാനത്തിനായി കാത്തിരിക്കുകയാണെന്നുമാണ് അറിയുന്നത്.
കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ രാജ്യം കടുത്ത ഓക്സിജന്‍ ക്ഷാമത്തിലേക്ക് പോകവെയാണ് അമേരിക്ക, ബ്രിട്ടന്, സിംഗപൂര്‍, റഷ്യ, ചൈന തുടങ്ങിയ വികസിത രാജ്യങ്ങള്‍ സഹായ ഹസ്തവുമായി മുന്നോട്ടെത്തിയത്. ബ്രിട്ടന് ഇന്ത്യയിലേക്ക് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും വെന്റിലേറ്ററുകളും അടങ്ങുന്ന 600 മെഡിക്കല്‍ ഉപകരണങ്ങള്‍ അയക്കുമെന്ന് വാഗ്ദാനം നല്കിയപ്പോള് വാക്സിന് നിര്‍മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളും മെഡിക്കല്‍ ഉപകരണങ്ങളും ഇന്ത്യക്ക് നല്‍കുമെന്നാണ് യുഎസ് അറിയിച്ചത്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് നിര്‍മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളാണ് അമേരിക്ക നല്‍കുക. റാപ്പിഡ് ഡയഗനോസ്റ്റിക് ടെസ്റ്റ് കിറ്റുകളും വെന്റിലേറ്ററുകളും പിപിഇ കിറ്റുകളും ഇന്ത്യക്ക് നല്‍കുമെന്നും യുഎസ അറിയിച്ചിരുന്നു.
രാജ്യത്ത് ഓക്സിജന്‍ ലഭ്യമല്ലാത്ത ഗുരുതര സാഹചര്യത്തില്‍ സഹായ വാഗ്ദാനവുമായി റഷ്യയും സിംഗപൂരും ചൈനയും രംഗത്തെത്തിയിരുന്നു. ഓക്സിജനും കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ റംഡെസിവിറും നല്കാന് തയ്യാറാണെന്ന് റഷ്യ അറിയിച്ചു. ആഴ്ചയില്‍ നാലുലക്ഷം വരെ റംഡെസിവിര്‍ ഡോസ് നല്‍കാമെന്നാണ് റഷ്യ അറിയിച്ചിട്ടുള്ളത്.
നിലവില്‍ ഗള്‍ഫ് രാജ്യങ്ങള്‍, സിംഗപൂര്‍,എന്നിവിടങ്ങളില്‍ നിന്നും ഓക്സിജന്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. അതേസമയം ചൈനയില്‍ നിന്നും ഇവ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടില്ല.