2020ല്‍ ഇറക്കിയത് 81 ഓര്‍ഡിനന്‍സുകള്‍; ചര്‍ച്ചകള്‍ക്ക് വേണ്ടത്ര സമയം ലഭിച്ചില്ല; സര്‍ക്കാര്‍ കുറുക്കുവഴിയായി കണ്ടെന്ന് വിമര്‍ശനം
കൊവിഡ് എന്ന അടിയന്തിര സാഹചര്യങ്ങള്‍ മുന്നില്‍ നില്‍ക്കുന്നതുകൊണ്ടാണ് സര്‍ക്കാര്‍ ഇത്രയധികം ഓര്‍ഡിനന്‍സുകള്‍ പുറത്തിറക്കിയതെന്ന് ഇടതുപക്ഷം വിശദീകരിച്ചിരുന്നു.
4 Jun 2021 3:56 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊവിഡ് മഹാമാരി ഏറ്റവുമധികം ബാധിക്കപ്പെട്ട 2020ല്‍ മാത്രം കേരള സര്‍ക്കാര്‍ പുറത്തിറക്കിയത് 81 ഓര്‍ഡിനന്‍സുകളെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനങ്ങളും പുറത്തിറക്കിയിട്ടില്ലാത്ത അത്രയും ഓര്‍ഡിനന്‍സുകളാണ് കേരളം പുറത്തിറക്കിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇക്കാലയളവില്‍ കര്‍ണാടക 24 ഓര്‍ഡിനന്‍സുകളും ഉത്തര്‍ പ്രദേശ് 23 ഓര്‍ഡിനന്‍സുകളുമാണ് പുറത്തിറക്കിയിരുന്നത്. മഹാരാഷ്ട്ര 21, ആന്ധ്രാ പ്രദേശ് 16 എന്നിങ്ങനെയാണ് കൊവിഡ് കാലത്ത് മറ്റ് സംസ്ഥാനങ്ങള്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിന്റെ കണക്കുകള്‍.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന പിആര്‍എസ് ലെജിസ്ലേറ്റീവാണ് ഈ വിവരങ്ങള്‍ അവലംബിച്ചുകൊണ്ട് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഒരു വര്‍ഷത്തിനിടെ ഇത്രയധികം ഓര്‍ഡിനന്‍സുകള്‍ കേരളം പുറത്തിറക്കിയതിനാല്‍ ഓരോന്നും വിശദമായി ചര്‍ച്ച ചെയ്യാന്‍ സഭയ്ക്ക് സമയമുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. പുറത്തിറക്കിയ 81 ഓര്‍ഡിനന്‍സുകളില്‍ പലതും സര്‍ക്കാര്‍ പുനപ്രസിദ്ധീകരിച്ചവയാണ്. ഓര്‍ഡിനന്‍സ് കാലാവധി കഴിഞ്ഞ് അസാധുവാകുന്നത് തടയാനായി അവ പുനപ്രസിദ്ധീകരിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് മുന്‍പ് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
കൊവിഡ് എന്ന അടിയന്തിര സാഹചര്യങ്ങള്‍ മുന്നില്‍ നില്‍ക്കുന്നതുകൊണ്ടാണ് സര്‍ക്കാര്‍ ഇത്രയധികം ഓര്‍ഡിനന്‍സുകള്‍ പുറത്തിറക്കിയതെന്ന് ഇടതുപക്ഷം വിശദീകരിച്ചിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയ ഉടന്‍ തന്നെ ഓര്‍ഡിനന്‍സുകള്‍ വഴി നിയമഭേദഗതി നടത്തുന്ന മോദി സര്‍ക്കാരിനെ ഏറ്റവുമധികം വിമര്‍ശിച്ചത് ഇടതുപക്ഷമാണെന്നും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.
പകര്‍ച്ചവ്യാധി തടയുന്നതിനുള്ള ഓര്‍ഡിനന്‍സാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടിരുന്നത്. സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്കുന്ന ഈ ഓര്‍ഡിനന്‍സിന് 2020 മാര്‍ച്ച് മാസത്തിലാണ് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നത്. നിയമങ്ങള്‍ പ്രാബല്യത്തില്ക്കൊണ്ടുവരുന്നതിനുള്ള കുറുക്കുവഴിയായി കേരളം ഓര്‍ഡിനന്‍സുകളെ കാണുന്നു എന്ന പ്രവണതയുടെ സൂചനകളാണ് കണക്കുകളില്‍ നി്ന്ന് ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.