Top

‘ഒരു ഭാഗത്ത് ബിജെപി സര്‍ക്കാരും മറുവശത്ത് മനുഷ്യരും’; കേരളം ഇന്ത്യക്ക് പ്രചോദനമെന്ന് പി രാജീവ്

ബിജെപി സര്‍ക്കാര്‍ ഒരു വശത്തും മനുഷ്യരാകെ മറുവശത്തുമെന്നതാണ് രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ്. ലോകത്ത് ഒരു ഭരണാധികാരിയും നരേന്ദ്രമോദിയെ പോലെ ഇത്ര ക്രൂരമായി മഹാമാരികാലത്ത് പെരുമാറിയിട്ടുണ്ടാവില്ലെന്നും കേരളത്തില്‍ സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത് രാജ്യത്തിന് മാതൃകയാണെന്നും പി രാജീവ് പറഞ്ഞു. ഓക്‌സിജന്‍ ദൗര്‍ലഭ്യം, വാക്‌സിന്‍ നയം തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് പി രാജീവിന്റെ വിമര്‍ശനം. ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് അത് കൃത്യമായി നടപ്പാക്കിയില്ലെന്നും ഇതേസമയം 9000 മെട്രിക് ടണ്‍ […]

26 April 2021 12:37 AM GMT

‘ഒരു ഭാഗത്ത് ബിജെപി സര്‍ക്കാരും മറുവശത്ത് മനുഷ്യരും’; കേരളം ഇന്ത്യക്ക് പ്രചോദനമെന്ന് പി രാജീവ്
X

ബിജെപി സര്‍ക്കാര്‍ ഒരു വശത്തും മനുഷ്യരാകെ മറുവശത്തുമെന്നതാണ് രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ്. ലോകത്ത് ഒരു ഭരണാധികാരിയും നരേന്ദ്രമോദിയെ പോലെ ഇത്ര ക്രൂരമായി മഹാമാരികാലത്ത് പെരുമാറിയിട്ടുണ്ടാവില്ലെന്നും കേരളത്തില്‍ സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത് രാജ്യത്തിന് മാതൃകയാണെന്നും പി രാജീവ് പറഞ്ഞു. ഓക്‌സിജന്‍ ദൗര്‍ലഭ്യം, വാക്‌സിന്‍ നയം തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് പി രാജീവിന്റെ വിമര്‍ശനം.

ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് അത് കൃത്യമായി നടപ്പാക്കിയില്ലെന്നും ഇതേസമയം 9000 മെട്രിക് ടണ്‍ ഓക്‌സിജന്‍ കയറ്റുമതി ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഇതില്‍ നിന്നും വ്യത്യസ്തമായ സമീപനമാണ് കേരളം സ്വീകരിച്ചത്, ഒരു മിനിറ്റില്‍ 50 ലിറ്റര്‍ ഓക്സിജന്‍ മാത്രമാണ് ഉല്‍പ്പാദിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് മിനിറ്റില്‍ 1250 ലിറ്ററായി വര്‍ധിച്ചിരിക്കുന്നുവെന്ന് പി രാജീവ് പഞ്ഞു.

പ്രസ്താവനയുടെ പൂര്‍ണരൂപം-

ലോകത്ത് ഒരു ഭരണാധികാരിയും നരേന്ദ്ര മോഡിയെപ്പോലെ ഇത്രയും ക്രൂരമായി മഹാമാരിക്കാലത്ത് മനുഷ്യരോട് പെരുമാറിയിട്ടുണ്ടാകില്ല. സ്വന്തം ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നതിന്റെ കരള്‍പിളരും രംഗങ്ങളാണ് രാജ്യതലസ്ഥാനത്തുനിന്നും മറ്റിടങ്ങളില്‍നിന്നും മാധ്യമങ്ങളില്‍ കാണുന്നത്. ഓക്‌സിജന്‍ കിട്ടാതെയുള്ള മരണങ്ങളാണ് ഇവയില്‍ കൂടുതലും. മറ്റു രാജ്യങ്ങളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ അനുഭവമാണ് ഇത്. ഒന്നര വര്‍ഷത്തോളം സമയം ലഭിച്ചിട്ടും മഹാമാരിയെ നേരിടുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നു. കോവിഡിനെ ഗൗരവത്തോടെ കാണുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടെന്ന വിമര്‍ശനം ലോകാരോഗ്യ സംഘടന തന്നെ പരസ്യമായി ഉന്നയിച്ചിരിക്കുന്നു.
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുപ്രകാരം 150 ജില്ലാ ആശുപത്രിയിലായി 162 ഓക്‌സിജന്‍ ഉല്‍പ്പാദനകേന്ദ്രം പുതുതായി ആരംഭിക്കുന്നതിന് 2020 ഒക്ടോബറില്‍ത്തന്നെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതുവരെയായിട്ടും 33 എണ്ണം മാത്രമാണ് തുടങ്ങാന്‍ കഴിഞ്ഞത്. അതില്‍ പലതും പൂര്‍ണമായും പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടില്ല. 200 കോടി രൂപ മാത്രം ചെലവ് കണക്കാക്കിയിരുന്ന പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് ഒരു നടപടിയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചില്ല. ഇതില്‍ 14 എണ്ണം ആരംഭിക്കേണ്ടിയിരുന്ന യുപിയില്‍ ഒരെണ്ണംപോലും തുടങ്ങാന്‍ കഴിഞ്ഞില്ല. ഓക്‌സിജന്‍ പ്ലാന്റുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ 200 കോടി രൂപയും പിഎം കെയറില്‍നിന്നു നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഇതേസമയംതന്നെ 9000 മെട്രിക് ടണ്‍ ഓക്സിജന്‍ കയറ്റുമതി ചെയ്തെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്.
ഇതില്‍നിന്നും വ്യത്യസ്തമായി ദീര്‍ഘവീക്ഷണത്തോടെയുള്ള സമീപനമാണ് കേരളം സ്വീകരിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ കേരളത്തില്‍ ഒരു മിനിറ്റില്‍ 50 ലിറ്റര്‍ ഓക്സിജന്‍ മാത്രമാണ് ഉല്‍പ്പാദിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് മിനിറ്റില്‍ 1250 ലിറ്ററായി വര്‍ധിച്ചിരിക്കുന്നു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ നടത്തിയ ആസൂത്രണവും തുടര്‍ച്ചയായ പിന്തുടരലുമാണ് ഈ കുതിച്ചുചാട്ടത്തിന് കാരണമെന്ന് ഇംഗ്ലീഷ് ചാനലായ സിഎന്‍ബിസി തന്നെ പറയുന്നു. മനുഷ്യരോടുള്ള സമീപനത്തില്‍ രണ്ടു സര്‍ക്കാരുകള്‍ എവിടെ നില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇത്.
മനുഷ്യജീവനേക്കാളും കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കാണ് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ പരിഗണനയെന്ന് ഏറ്റവും കൂടുതല്‍ പ്രകടമായത് വാക്‌സിന്‍ നയത്തിലാണ്. ചൈന മാത്രമല്ല, അമേരിക്കയും ബ്രിട്ടനും ജപ്പാനും തുടങ്ങി എല്ലാ രാജ്യവും തങ്ങളുടെ പൗരന്‍മാര്‍ക്ക് സൗജന്യമായാണ് വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിന്റെ വില നിശ്ചയിക്കുന്നതിനും വില്‍ക്കുന്നതിനുമുള്ള അവകാശം ഉല്‍പ്പാദക കമ്പനികള്‍ക്ക് നല്‍കിയ ലോകത്തിലെ ഏക ഭരണാധികാരിയാണ് നരേന്ദ്ര മോഡി. കമ്പോളമാണ് രാജാവ് എന്നു പ്രഖ്യാപിച്ച അമേരിക്കയ്ക്കു പോലും മഹാമാരിയുടെ കാലത്ത് മനുഷ്യര്‍ പുഴുക്കളെപ്പോലെ മരിച്ചുവീണപ്പോള്‍ അതേ നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ ധൈര്യപ്പെട്ടില്ല. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കോ കമ്പോളത്തിനോ വാക്സിനേഷനുള്ള അധികാരം അവര്‍ നല്‍കിയില്ല. മറ്റു രാജ്യങ്ങളും ഇതേ നിലപാട് സ്വീകരിച്ചപ്പോള്‍ എല്ലാം കമ്പോളം തീരുമാനിക്കുമെന്ന നിലപാട് സ്വീകരിക്കാനുള്ള മനുഷ്യത്വരാഹിത്യം മോഡി സര്‍ക്കാരിനു മാത്രമാണ് ഉണ്ടായത്.
വില നിര്‍ണയിക്കുന്നതിനുള്ള അധികാരം കമ്പനികള്‍ക്ക് വിട്ടുകൊടുക്കാതിരിക്കുന്നതിന് മറ്റു രാജ്യങ്ങളെ പ്രേരിപ്പിച്ച വേറൊരു ഘടകം കൂടിയുള്ളതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ലോകത്ത് ഒരു കമ്പനിയുടെ വാക്‌സിനും പൂര്‍ണമായ രീതിയില്‍ വിപണിയില്‍ വിറ്റഴിക്കുന്നതിന് ആവശ്യമായ ലൈസന്‍സ് ലഭിച്ചിട്ടില്ല. സാധാരണഗതിയില്‍ പത്തുവര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന പ്രക്രിയയിലൂടെയാണ് വാക്‌സിനുകള്‍ മനുഷ്യര്‍ക്ക് വില്‍ക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കുന്നത്. എന്നാല്‍, മഹാമാരി മനുഷ്യരെ കൊന്നൊടുക്കുന്ന സാഹചര്യത്തിലാണ് ഫാസ്റ്റ് ട്രാക്കിലൂടെ താല്‍ക്കാലികമായി ഉപയോഗിക്കുന്നതിന്, പരീക്ഷണം പൂര്‍ത്തിയാക്കിയ വാക്‌സിനുകള്‍ക്ക് പല രാജ്യവും അനുമതി നല്‍കിയത്. എമര്‍ജന്‍സി യൂസ് ഓതറൈസേഷന്‍ മാത്രം ലഭിച്ചിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ തുറന്ന വിപണിയിലൂടെ വില്‍ക്കാന്‍ പാടില്ലെന്നതാണ് പൊതുവെ പിന്തുടരുന്ന നയം. അതില്‍നിന്നും വ്യത്യസ്തമായി മനുഷ്യജീവന്‍ വച്ച് കൊള്ളലാഭം കൊയ്യുന്നതിന് കുത്തകകള്‍ക്ക് അവസരം നല്‍കുന്ന അത്യസാധാരണ നടപടിയാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിച്ചത്.
പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് നിര്‍ബന്ധിതവും സൗജന്യവുമായ വാക്‌സിനേഷന്‍ എന്ന നയമാണ് ഇന്ത്യ ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. ആരോഗ്യം സംസ്ഥാന വിഷയമാണെങ്കിലും സംസ്ഥാനാതിര്‍ത്തികള്‍ ബാധകമല്ലാത്ത പകര്‍ച്ചവ്യാധികളെ കൈകാര്യം ചെയ്യുന്നത് സമവര്‍ത്തി വിഷയമാണ്. അതുകൊണ്ട് സ്വതന്ത്ര ഇന്ത്യയില്‍ ഇതുവരെ നടന്നിട്ടുള്ള എല്ലാ വാക്‌സിനേഷനും ദേശീയ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരാണ് നടപ്പാക്കിയിട്ടുള്ളത്. കോവിഡ് കാലത്ത് അവതരിപ്പിച്ച ബജറ്റില്‍ വാക്‌സിനേഷനായി 35,000 കോടി രൂപയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. ആവശ്യമാണെങ്കില്‍ കൂടുതല്‍ പണം അനുവദിക്കുമെന്നും അവര്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. അപ്പോള്‍ ബജറ്റില്‍ പ്രഖ്യാപിച്ചതില്‍നിന്നും വ്യത്യസ്തമായി കമ്പോളത്തിന് വാക്‌സിനേഷന്‍ വിട്ടുകൊടുക്കുന്നത് കോര്‍പറേറ്റിന് ജനങ്ങളുടെ ജീവന്‍ വിട്ടുകൊടുക്കലാണ്. ജീവിക്കാനുള്ള അവകാശം മൗലികാവകാശമായി പ്രഖ്യാപിച്ച ഭരണഘടന നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ജീവന് വില നിശ്ചയിക്കാന്‍ കുത്തക കമ്പനിക്ക് പ്രധാനമന്ത്രി അനുവാദം നല്‍കുന്നത്.
ഇപ്പോള്‍ പ്രഖ്യാപിച്ച വാക്‌സിന്‍ നയത്തിന്, സംസ്ഥാനങ്ങളുടെ മേല്‍ ഉത്തരവാദിത്തം അടിച്ചേല്‍പ്പിക്കുന്നുവെന്നതിനേക്കാളും ഗൗരവമായ മാനങ്ങളുണ്ട്. സംസ്ഥാനങ്ങളെ സ്വകാര്യ ആശുപത്രികളുടെയും സ്ഥാപനങ്ങളുടെയും കൂടെ തുറന്ന വിപണിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നത് ഭരണഘടനാവിരുദ്ധമായ നടപടിയാണ്. ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ സ്വകാര്യ പട്ടികയില്‍ ഉള്‍പ്പെടുത്തുക വഴി സര്‍ക്കാരിനെ സ്വകാര്യ സ്ഥാപനമാക്കി മാറ്റുകയാണ് കേന്ദ്രം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിന് 150 രൂപയ്ക്കു ലഭിക്കുന്ന വാക്‌സിന്‍ സംസ്ഥാന സര്‍ക്കാരിന് 400 രൂപയ്ക്കാകും വില്‍ക്കുകയെന്ന് ഒരു സ്വകാര്യ കമ്പനി പ്രഖ്യാപിക്കുന്നതിന് കേന്ദ്രം അംഗീകാരം നല്‍കുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്.ഇന്ത്യ തന്നെ വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍ കേന്ദ്രത്തിന് 150 രൂപയ്ക്ക് നല്‍കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് നാലിരട്ടിയിലധികം വിലയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് എട്ടിരട്ടിയിലധികം വിലയ്ക്കും നല്‍കുമെന്നാണ് ഭാരത് ബയോടെക് പ്രഖ്യാപിച്ചിട്ടുള്ളത്. ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ജനങ്ങളുടെ പണം ഉപയോഗിച്ച് വികസിപ്പിച്ച വാക്സിനാണ് കൊള്ളലാഭം കൈയടക്കാന്‍ മോഡി സര്‍ക്കാര്‍ വിട്ടുകൊടുത്തത്.
150 രൂപയ്ക്ക് വാക്‌സിന്‍ വില്‍ക്കുമ്പോള്‍ തന്നെ ലാഭം കിട്ടുന്നുവെന്ന് സിറം കമ്പനിയുടെ സിഇഒ, എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി. ഇതേ കമ്പനി മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് വില്‍ക്കുന്ന വിലയേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ചുമത്തിയിരിക്കുന്നത്. അതുതന്നെ സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കാകും നല്‍കുന്നതെന്നും പറഞ്ഞിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനും സ്വകാര്യ സ്ഥാപനങ്ങള്‍ക്കുംകൂടി 50 ശതമാനം വാക്‌സിന്‍ നല്‍കുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാരുകള്‍ വാങ്ങണമെന്ന് നിര്‍ബന്ധമില്ലെന്നും സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്നതിനാണ് തങ്ങള്‍ക്ക് കൂടുതല്‍ താല്‍പ്പര്യമെന്ന് സീറം കമ്പനിയുടെ സിഇഒ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുന്നതിനേക്കാളും ഉയര്‍ന്ന വില സ്വകാര്യസ്ഥാപനങ്ങളില്‍നിന്നും വാങ്ങാമെന്നിരിക്കെ കൂടുതല്‍ ലാഭമുണ്ടാക്കാന്‍ അവര്‍ക്ക് വില്‍ക്കാന്‍ മാത്രമാകും ഇവര്‍ ശ്രമിക്കുന്നത്. ഒരേ മരുന്ന് വ്യത്യസ്ത വിലയ്ക്ക് വില്‍ക്കുന്നതും നിയമപരമായി നിലനില്‍ക്കുന്നതല്ല.
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വാക്സിനും വിപണിയില്‍നിന്ന് വില കൊടുത്ത് വാങ്ങാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, അമേരിക്കന്‍ കമ്പനിയായ ഫിസര്‍ തങ്ങള്‍ സര്‍ക്കാരിനു മാത്രമേ നല്‍കുകയുള്ളൂവെന്നാണ് വ്യക്തമാക്കിയത് എന്നതും ശ്രദ്ധേയം. രോഗപ്രതിരോധം കമ്പോളത്തിന് വിട്ടുകൊടുക്കുകയും വില നിര്‍ണയിക്കുന്നതിനുള്ള അവകാശം കമ്പനികള്‍ക്ക് പ്രഖ്യാപിക്കുകയും ചെയ്യുന്ന നിലപാട് രാജ്യവിരുദ്ധവും മനുഷ്യജീവനെ ചരക്കായി മാത്രം കാണുന്നതുമാണ്. അവശ്യഘട്ടത്തില്‍ പേറ്റന്റുളള മരുന്നുകള്‍ തന്നെ കമ്പനികളുടെ അനുമതിയില്ലാതെ നിര്‍ബന്ധിത ലൈസന്‍സ് നല്‍കി ജനറിക് രീതിയില്‍ ഉല്‍പ്പാദിപ്പിക്കാന്‍ അനുമതി നല്‍കുന്ന വകുപ്പുകള്‍ ഇപ്പോഴും നിലനില്‍ക്കുന്ന നിയമമുള്ള രാജ്യമാണ് ഇന്ത്യ. ഇതിന്റെ അടിസ്ഥാനത്തിലാണ് മലയാളിയായ പി എച്ച് കുര്യന്‍ പേറ്റന്റ് കണ്‍ട്രോളര്‍ ജനറലായിരിക്കുമ്പോള്‍ നോവാര്‍ട്ടിസിന് പേറ്റന്റുള്ള ക്യാന്‍സര്‍ മരുന്ന് കുറഞ്ഞ വിലയ്ക്ക് കിട്ടുന്നതിനായി മറ്റു കമ്പനികള്‍ക്ക് നിര്‍ബന്ധിത ലൈസന്‍സ് നല്‍കിയത്. അപ്പോഴാണ് മഹാമാരിയുടെ ഘട്ടത്തില്‍ അടിയന്തരാവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ അംഗീകാരം നല്‍കിയിട്ടുള്ള, പേറ്റന്റില്ലാത്ത വാക്‌സിന് തന്നിഷ്ടംപോലെ വില നിശ്ചയിക്കാന്‍ കുത്തക കമ്പനികള്‍ക്ക് മോഡി സര്‍ക്കാര്‍ അനുമതി നല്‍കിയത്.
സാര്‍വത്രികമായ രോഗപ്രതിരോധത്തിനായി പൊതുമേഖലയില്‍ വാക്സിന്‍ ഉല്‍പ്പാദനം നടത്താനാണ് ഇന്ത്യ നേരത്തെ ശ്രമിച്ചിരുന്നത്. എന്നാല്‍, ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന സമീപനം കോണ്‍ഗ്രസ് സ്വീകരിച്ചു. ബിജെപി അധികാരത്തില്‍വന്നതിനുശേഷം കുത്തക താല്‍പ്പര്യങ്ങള്‍ക്ക് പൂര്‍ണമായും കീഴടങ്ങി. കോവിഡ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവസരം നല്‍കിയില്ല. സ്വകാര്യ കമ്പനികളായ സിറത്തിനും ഭാരത് ബയോടെക്കിനും വാക്‌സിന്‍ ഉല്‍പ്പാദനത്തിനായി 3500 കോടി രൂപയും 1567 കോടി രൂപയും നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ പരിഗണിച്ചില്ല. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ഉല്‍പ്പാദകരായ സിറം കമ്പനിയാകട്ടെ വിദേശ രാജ്യങ്ങളില്‍നിന്ന് പണം മുന്‍കൂറായി വാങ്ങി കുറഞ്ഞ വിലയ്ക്ക് വാക്‌സിന്‍ കയറ്റുമതി ചെയ്യുന്നു. ഉല്‍പ്പാദിപ്പിക്കുന്ന രാജ്യത്ത് ഏറ്റവുമുയര്‍ന്ന വില വാങ്ങുകയും മറ്റു രാജ്യങ്ങള്‍ക്ക് കുറഞ്ഞവിലയ്ക്ക് വില്‍ക്കുകയും ചെയ്യുന്ന രാജ്യദ്രോഹ നടപടിക്ക് ചൂട്ടുപിടിക്കുകയാണ് മോഡി സര്‍ക്കാര്‍.
45 വയസ്സ് വരെയുള്ളവര്‍ക്ക് തങ്ങള്‍ സൗജന്യമായി നല്‍കുന്നുണ്ടെന്നും ബാക്കിയുള്ളവര്‍ മാത്രം വിലകൊടുത്ത് വാങ്ങിയാല്‍ മതിയെന്ന വാദവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. രാജ്യത്ത് നിലവിലുള്ള ഭരണഘടനപ്രകാരം ജീവിക്കാനുള്ള അവകാശത്തിന് പ്രായത്തെ അടിസ്ഥാനപ്പെടുത്തി വിവേചനമില്ല. 45 വയസ്സിന് താഴയുളളവരുടെ ജീവന്‍ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം രാജ്യത്തിനില്ലെന്നും ഈ പ്രായപരിധിയില്‍പ്പെട്ടവരില്‍ വാക്‌സിന് മുടക്കാന്‍ പണമുള്ളവര്‍ മാത്രം ജീവിച്ചാല്‍ മതിയെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
ബിജെപി സര്‍ക്കാര്‍ ഒരു വശത്തും മനുഷ്യരാകെ മറുവശത്തുമെന്നതാണ് ഇപ്പോള്‍ രാജ്യത്തെ സ്ഥിതി. മനുഷ്യജീവനെ മഹാമാരിക്കാലത്ത് വിപണിക്ക് വിട്ടുകൊടുക്കുന്നവര്‍ക്കെതിരെ മാനവ ഐക്യനിര ഉയര്‍ന്നുവരുന്നുവെന്നത് പ്രത്യാശാനിര്‍ഭരമാണ്. കേരളത്തില്‍ വാക്സിന്‍ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയന്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചതും കേരള ജനത അതിനായി സമര്‍പ്പിക്കുന്നതും ഇന്ത്യക്ക് പ്രചോദനമാണ്.

Next Story