Top

ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്; വി മുരളീധരനോട് സിപിഐഎം

കേരളം വിലകൂടിയ വാക്‌സിനുകള്‍ പുറത്ത് നിന്നും വാങ്ങണമെന്ന കേന്ദ്ര മന്ത്രി വി മുരളീധരന്റെ പരാമര്‍ശത്തിനെതിരെ സിപിഐഎം. ഉപകാരമൊന്നും ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കണമെന്നും കേരളത്തിന്റെ കൊവിഡ്-19 പ്രതിരോധ നടപടികളിലും വികസന പ്രവര്‍ത്തനങ്ങളിലും കുറ്റംമാത്രം ആരോപിക്കുന്നത് കേരളത്തോടുള്ള വെല്ലുവിളിയാണെന്നും സിപിഐഎം നേതാവ് കെ ജെ തോമസ് പറഞ്ഞു. കൊവിഡിനെ തുരത്താന്‍ പാത്രം കൊട്ടി ശബ്ദമുണ്ടാക്കാന്‍ ആഹ്വാനം ചെയ്തവരെ എന്ത് പേരാണ് വിളിക്കേണ്ടതെന്നും കെജെ തോമസ് ചോദിക്കുന്നു. മഹാരാഷ്ട്രയിലെ രാജ്യസഭാംഗമാണെങ്കില്‍ കൂടി കേരളത്തിനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടികൊടുക്കേണ്ടത് മുരളീധരന്റെ ഉത്തരവാദിത്തവും കടമയും ആണെന്നും അദ്ദേഹം […]

25 April 2021 12:28 AM GMT

ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്; വി മുരളീധരനോട് സിപിഐഎം
X

കേരളം വിലകൂടിയ വാക്‌സിനുകള്‍ പുറത്ത് നിന്നും വാങ്ങണമെന്ന കേന്ദ്ര മന്ത്രി വി മുരളീധരന്റെ പരാമര്‍ശത്തിനെതിരെ സിപിഐഎം. ഉപകാരമൊന്നും ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കണമെന്നും കേരളത്തിന്റെ കൊവിഡ്-19 പ്രതിരോധ നടപടികളിലും വികസന പ്രവര്‍ത്തനങ്ങളിലും കുറ്റംമാത്രം ആരോപിക്കുന്നത് കേരളത്തോടുള്ള വെല്ലുവിളിയാണെന്നും സിപിഐഎം നേതാവ് കെ ജെ തോമസ് പറഞ്ഞു. കൊവിഡിനെ തുരത്താന്‍ പാത്രം കൊട്ടി ശബ്ദമുണ്ടാക്കാന്‍ ആഹ്വാനം ചെയ്തവരെ എന്ത് പേരാണ് വിളിക്കേണ്ടതെന്നും കെജെ തോമസ് ചോദിക്കുന്നു.

മഹാരാഷ്ട്രയിലെ രാജ്യസഭാംഗമാണെങ്കില്‍ കൂടി കേരളത്തിനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടികൊടുക്കേണ്ടത് മുരളീധരന്റെ ഉത്തരവാദിത്തവും കടമയും ആണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കൊവിഡിനെ നേരിടുന്നതില്‍ കേരളം മികച്ച മാതൃകയാണെന്നും കെജെ തോമസ് പറഞ്ഞു.

പ്രതികരണത്തിന്റെ പൂര്‍ണരൂപം-

സ്വന്തം നാടിനോട് കൂറും സ്നേഹവും അതിലുപരി അഭിമാനബോധവും ഉയര്‍ത്തിപ്പിടിക്കുന്ന പൗരന്മാരെ ദേശാഭിമാനികള്‍ എന്നാണ് അഭിസംബോധന ചെയ്യുന്നത്. സമൂഹത്തിലെ പദവി, വഹിക്കുന്ന സ്ഥാനം എന്നിവയനുസരിച്ച് സാധാരണക്കാര്‍വരെ പുലര്‍ത്തേണ്ടതും ഉള്ളില്‍ ഉദിച്ചുയരേണ്ടതുമായ നാടിന്റെ ബോധ്യവും ബോധവുമാണത്. കേരളമെന്നോ കേരള മോഡല്‍ എന്നോ കേട്ടാല്‍ കുറേക്കാലമായി കലിബാധ ഏറ്റതുപോലെയുള്ള വാക്കുകളും പ്രസ്താവനകളും തൊടുത്തുവിടുന്ന കേന്ദ്രസഹമന്ത്രി ആ സ്ഥാനത്തു വന്നതുമുതല്‍ ആക്ഷേപങ്ങളും കുറ്റപ്പെടുത്തലുകളുമായി പോകുന്നതിനുപിന്നില്‍ അദ്ദേഹത്തിന് ചില നിക്ഷിപ്ത താല്‍പ്പര്യങ്ങളും സങ്കുചിത ചിന്തകളും അല്ലേ എന്ന് സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകര്‍ നിഗമനത്തിലെത്തിയാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല.
കോവിഡാരംഭഘട്ടം പ്രവാസികളെ നാട്ടിലെത്തിക്കല്‍, നയതന്ത്ര ബാഗിലെ സ്വര്‍ണം, കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സര്‍ക്കാര്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍, സര്‍ക്കാരിനെതിരായ കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ക്കുള്ള പിന്തുണ എന്നിവയിലടക്കം സംസ്ഥാനത്തെ ഇകഴ്ത്തിയും അപഹസിച്ചുമുള്ള നിലപാട് ജനം വിലയിരുത്തുന്നുണ്ട്. സംസ്ഥാനത്തെ കടുത്ത വാക്സിന്‍ ക്ഷാമത്തില്‍പ്പോലും തന്റെ ഉത്തരവാദിത്തവും കടമയും നിര്‍വഹിക്കാതെ ദുരാരോപണ മന്ത്രിയായി വി മുരളീധരന്‍ മാറിയതും നാം കണ്ടു. അതിനിര്‍ണായക ഘട്ടത്തില്‍പ്പോലും സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട സഹായങ്ങള്‍ വാങ്ങിയെടുക്കാനും സമ്മര്‍ദം ചെലുത്താനും തെല്ല് ശ്രമം നടത്താതെ, മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചുനടക്കുന്നത് മലയാള നാടിനെ അപഹസിക്കലാണ്. രാജ്യത്ത് ദിവസേന കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തോടടുക്കുന്നു.ആനുപാതികമായി കേരളത്തിലും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്. കേന്ദ്ര അവഗണന ഉള്ളപ്പോഴും സാധ്യമായ എല്ലാ പ്രതിരോധ പ്രവര്‍ത്തനവും കേരളം നടത്തുന്നത് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്.
ആവശ്യത്തിന് കിടക്കകളില്ലാത്തതിനാല്‍ മധ്യപ്രദേശ് ഇന്‍ഡോര്‍ ആശുപത്രിയില്‍ രോഗികളുടെ ബന്ധുക്കളുടെ ആക്രമണം, ഫ്രീസറുകള്‍ നിറഞ്ഞതിനെ തുടര്‍ന്ന് ഛത്തീസ്ഗഢിലെ ആശുപത്രി വരാന്തയില്‍ മൃതദേഹങ്ങള്‍ നിറയുന്ന അതിദാരുണമായ അവസ്ഥ, പ്രാണവായു കിട്ടാത്തതിനാല്‍ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ ബഹളവും സംഘര്‍ഷവും, ദില്ലി ഉള്‍പ്പെടെ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തൊഴിലാളികളുടെ ക്ലേശകരമായ കൂട്ട പലായനം-കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡുമായി ബന്ധപ്പെട്ട് രാജ്യം കണ്ട യാഥാര്‍ഥ്യങ്ങളാണിവ. ഒരുവര്‍ഷം പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ആ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്നതിന്റെ ദൃഷ്ടാന്തമാണിത്. പിഎം കെയറിലൂടെ കോടികള്‍ എത്തിയിട്ടും വാക്സിന്‍, മരുന്നുകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്റര്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങളെ സഹായിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായതുമില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ യുപി, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ പ്രതിരോധം താറുമാറായി. ഇത്തരമൊരു സംഭവവും കേരളത്തില്‍ ഉണ്ടായിട്ടില്ല.
കേന്ദ്രം ആവശ്യത്തിന് വാക്സിന്‍ നല്‍കാത്തതിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ തിരക്ക് അനുഭവപ്പെട്ടതൊഴിച്ചാല്‍ സ്ഥിതി ശാന്തം. രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ചില പ്രയാസങ്ങളുണ്ടാകുക സ്വാഭാവികം. കോവിഡ് ഫലപ്രദവും ശാസ്ത്രീയവുമായി നേരിടുന്നതില്‍ സംസ്ഥാനം മികച്ച മാതൃകയാണെന്ന് എല്ലാവരും അംഗീകരിച്ചതാണ്. രാജ്യ-രാജ്യാന്തര തലങ്ങള്‍ ഉള്‍പ്പെടെ ലോകാരോഗ്യ സംഘടനകളുടെയും അന്താരാഷ്ട്ര മാധ്യമങ്ങളുടെയും പ്രശംസ കേരളത്തിന് ലഭിച്ചു. ഇതൊന്നും കേന്ദ്ര സഹമന്ത്രിക്കും ബിജെപിക്കും യുഡിഎഫിനും ദഹിക്കുന്നില്ല. രാജ്യത്താകെ വന്ന രണ്ടാംതരംഗം പല സംസ്ഥാനത്തും മരണനിരക്ക് കൂട്ടുന്നുണ്ട്. രോഗവ്യാപനം ഉണ്ടെങ്കിലും ഏറ്റവും കുറവ് മരണനിരക്കുള്ള സംസ്ഥാനമാണ് കേരളം, 0.39 മാത്രം. ദേശീയ ശരാശരിയുടെ എത്രയോ താഴെയാണിത്. സര്‍ക്കാരിന്റെ കാര്യക്ഷമവും ചിട്ടയോടെയുമുള്ള പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണിത്. ഏറ്റവുമൊടുവില്‍ പരിശോധന വീടുകളിലേക്കും എത്തുകയാണ്. കൂടുതല്‍ കേസുകള്‍ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അതേസമയം, രണ്ടാം തരംഗത്തിലും കുംഭമേളയ്ക്കായി ലക്ഷക്കണക്കിന് ആളുകള്‍ ഒത്തുചേരാന്‍ അനുവദിച്ചതിലും ബംഗാളിലെ വന്റാലികളില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തതിലും കേന്ദ്രം തെറ്റ് കണ്ടില്ല.
മഹാരാഷ്ട്രയില്‍നിന്നാണ് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും വി മുരളീധരന്‍ കേരളത്തിന്റെകൂടി മന്ത്രിയാണ്. കേരളത്തിനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കുകയെന്ന ഉത്തരവാദിത്തവും കടമയും അദ്ദേഹത്തിനുണ്ട്. എന്നാല്‍, ഏറ്റവുമൊടുവില്‍ അദ്ദേഹം ഉപദേശിച്ചത് കേരളം വിലകൂടിയ വാക്സില്‍ പുറത്തുനിന്ന് വാങ്ങണമെന്നാണ്. അതൊക്കെ പോകട്ടെ, ഉപകാരമൊന്നും ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കണം. സംസ്ഥാനം കൈക്കൊള്ളുന്ന കോവിഡ് പ്രതിരോധ നടപടികളിലും വികസന പ്രവര്‍ത്തനങ്ങളിലും കുറ്റംമാത്രം ആരോപിക്കുന്നത് കേരളത്തോടുള്ള വെല്ലുവിളിയാണ്. നാടിന്റെ സംസ്‌കാരത്തിനും പദവിക്കും ചേരാത്ത വാക്കുകള്‍ പ്രയോഗിച്ച് ആക്ഷേപിക്കുന്നത് കേരള ജനതയോടുള്ള അവഹേളനംകൂടിയാണ്. ഇവയെല്ലാം നിരന്തരം ഉന്നയിക്കുമ്പോഴാകട്ടെ കേരളജനതയോടുള്ള പുച്ഛമനോഭാവവും മറനീക്കി പുറത്തുവരുന്നു. അന്തസ്സിന്റെയും മാന്യതയുടെയും സീമകള്‍ അതിലംഘിച്ച് നടത്തുന്ന ഇത്തരം ജല്‍പ്പനങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കാനും ആവര്‍ത്തിക്കാനും ചില വലതുപക്ഷ മാധ്യമങ്ങള്‍ കാണിക്കുന്ന അത്യുല്‍സാഹവും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.
വി മുരളീധരന്‍ പറയുന്ന കാര്യങ്ങള്‍ പ്രതിപക്ഷനേതാവും പ്രതിപക്ഷം ഉന്നയിക്കുന്നവ ബിജെപിയും ഏറ്റുപിടിക്കുന്ന രാഷ്ട്രീയമാണ് സംസ്ഥാനമിന്ന് കാണുന്നത്. ഇന്നത്തെ കോണ്‍ഗ്രസ് നാളെത്തെ ബിജെപിയാണെന്ന യാഥാര്‍ഥ്യം സമീപകാല അനുഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. എന്തുചെയ്യാം; ഇങ്ങനെയും ഒരു കേന്ദ്രമന്ത്രി. പ്രിയപ്പെട്ട മുരളീധരന്‍ജി, അങ്ങയോട് മൃദുവായ ഒരു ചോദ്യം. കോവിഡിനെ തുരത്താന്‍ പാത്രംകൊട്ടി ശബ്ദമുണ്ടാക്കാന്‍ ആഹ്വാനം ചെയ്തവരെ എന്തുപേരാണ് വിളിക്കേണ്ടത്?

Next Story