Top

‘രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് രോഗം ബാധിച്ചാല്‍ വീടുകളില്‍ തുടരാം’; ആശുപത്രിയില്‍ പ്രവേശനം ശാസ്ത്രീയ മാനദണ്ഡം അനുസരിച്ച്

തിരുവനന്തപുരം: രണ്ട് ഡോസ് കൊവിഡ് വാക്‌സിനേഷനും കഴിഞ്ഞവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ ആശുപത്രിയില്‍ ചികിത്സിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുത്തിവെയ്‌പ്പെടുത്തവര്‍ക്ക് രോഗബാധ ഉണ്ടായാല്‍ സാധാരണ നിലയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. അത്തരം ആളുകള്‍ വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതിയാകും. അതെല്ലാം കണക്കിലെടുത്ത് ആശുപത്രി പ്രവേശനം സംബന്ധിച്ചു ശാസ്ത്രീയ മാനദണ്ഡമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉറപ്പാക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. സിറം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് 70 ലക്ഷം ഡോസ് വാക്‌സിന്‍ […]

28 April 2021 8:09 AM GMT

‘രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് രോഗം ബാധിച്ചാല്‍ വീടുകളില്‍ തുടരാം’; ആശുപത്രിയില്‍ പ്രവേശനം ശാസ്ത്രീയ മാനദണ്ഡം അനുസരിച്ച്
X

തിരുവനന്തപുരം: രണ്ട് ഡോസ് കൊവിഡ് വാക്‌സിനേഷനും കഴിഞ്ഞവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ ആശുപത്രിയില്‍ ചികിത്സിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുത്തിവെയ്‌പ്പെടുത്തവര്‍ക്ക് രോഗബാധ ഉണ്ടായാല്‍ സാധാരണ നിലയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. അത്തരം ആളുകള്‍ വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതിയാകും. അതെല്ലാം കണക്കിലെടുത്ത് ആശുപത്രി പ്രവേശനം സംബന്ധിച്ചു ശാസ്ത്രീയ മാനദണ്ഡമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉറപ്പാക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. സിറം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് 70 ലക്ഷം ഡോസ് വാക്‌സിന്‍ അടുത്ത മൂന്നു മാസത്തേയ്ക്ക് വാങ്ങാനാണ് തീരുമാനം. ഇതിന് 294 കോടി രൂപ ചെലവു വരും. 400 രൂപയാണ് ഒരു ഡോസിന് അവര്‍ ഈടാക്കുന്ന വില. പുറമേ അഞ്ച് ശതമാനം ജി.എസ്.ടി.യും വരും. ഭാരത് ബയോടെക്കില്‍ നിന്ന് അടുത്ത മൂന്നു മാസത്തേയ്ക്ക് 30 ലക്ഷം ഡോസാണ് വാങ്ങുന്നത്. ഒരു ഡോസിന് 600 രൂപാ നിരക്കില്‍ ജി.എസ്.ടി. ഉള്‍പ്പടെ 189 കോടി രൂപ ചെലവു വരും. വാക്‌സിന്റെ വില സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകള്‍ നിലവിലുണ്ട്. ഈ കേസുകളിലെ തീര്‍പ്പിന് വിധേയമായിട്ടായിരിക്കും സംസ്ഥാനം വാക്‌സിന്‍ വാങ്ങുന്നത്. വാക്‌സിന് ഓര്‍ഡര്‍ കൊടുക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനിടെ സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ഡോസിന് 300 രൂപ നിരക്കില്‍ നല്‍കുമെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. നേരത്തെ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിച്ചിരുന്നത് ഡോസിന് 400 രൂപയായിരുന്നു. ഈ നിരക്കിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. മറ്റ് നിരക്കുകള്‍ നിശ്ചയിച്ചിരുന്നത് പോലെ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനങ്ങല്‍ക്ക് നിലവില്‍ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ച നിരക്കില്‍ 25 ശതമാനം കുറവ് വരുത്താന്‍ തീരുമാനിച്ചതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനെവാലെ അറിയിച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായാണ് ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചു കൊണ്ടുവരാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യും. കൂടുതല്‍ വളണ്ടിയര്‍മാരെ കണ്ടെത്തുന്നുണ്ട്. വാര്‍ഡ് തല സമിതികളുടെ ഇടപെടലും ശക്തിപ്പെടുത്തും. ആദ്യഘട്ടത്തില്‍ വളണ്ടിയര്‍മാരും പൊലീസും ഒന്നിച്ച ഇടപെട്ടത് ഫലം ചെയ്തിരുന്നു. ആ രീതി ആവര്‍ത്തിക്കും.

കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം വേണ്ടതുണ്ട്. ഡോക്ടര്‍മാരും നഴ്‌സുമാരും ഇനിയും വേണം. അത് ലഭ്യമാക്കാന്‍ അടിയന്തര നടപടിയെടുക്കും.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. സി എഫ് എല്‍ ടി സികള്‍ എല്ലാ താലൂക്കിലും ഉണ്ട് എന്ന് ഉറപ്പു വരുത്തും.
വാക്‌സിന്‍ കാര്യത്തില്‍, രണ്ടാം ഡോസ് ഉറപ്പാക്കുന്നതിന് മുന്‍ഗണന നല്‍കും. നിര്‍മാണ ജോലികള്‍ ഇന്നത്തെ സ്ഥിതിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്താം.

വലിയ തോതിലാണ് വ്യാപനം ഉണ്ടാകുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിനേഷന്‍ നയത്തിന്റെ ഫലമായി 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഉല്‍പ്പാദകരില്‍ നിന്നും വാക്‌സിന്‍ സംസ്ഥാനങ്ങള്‍ വിലകൊടുത്തു വാങ്ങേണ്ട സാഹചര്യം വന്നിരിക്കുകയാണ്. ഈ നയം തിരുത്തണമെന്നും എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്നും കേന്ദ്രത്തോട് നാം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. ഇതുവരെ അനുകൂലമായ നടപടി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി രണ്ട് ഡോസ് വാക്‌സിന്‍ നല്‍കുന്നതിനായി ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം ചില പ്രധാന തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.
വാക്‌സിന്‍ നിര്‍മ്മാതക്കാളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് (കോവിഷീല്‍ഡ്), ഭാരത് ബയോടെക് (കോവാക്‌സിന്‍) എന്നീ കമ്പനികളില്‍ നിന്നായി അടുത്ത മൂന്ന് മാസത്തേയ്ക്ക് (മെയ്, ജൂണ്‍, ജുലൈ) ഒരു കോടി ഡോസ് വാക്‌സിന്‍ വിലകൊടുത്ത് വാങ്ങാന്‍ തീരുമാനിച്ചു. വാക്‌സിന്‍ വിലക്കുവാങ്ങുന്നതു സംബന്ധിച്ച കാര്യങ്ങള്‍ ശുപാര്‍ശ ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് ഈ തീരുമാനമെടുത്തത്.

18 നും 45 നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കു കൂടി വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ കഴിയുന്ന രീതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയം ഭേദഗതി ചെയ്യണമെന്ന് കേന്ദ്രത്തോട് ഒരിക്കല്‍ കൂടി ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും നല്‍കുമ്പോള്‍ വ്യത്യസ്ത വില ഈടാക്കുന്നതിന് രാജ്യത്തെ രണ്ട് വാക്‌സിന്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഈ നയവും തിരുത്തണം. കേന്ദ്രത്തിനു നല്‍കുന്ന അതേ വിലയ്ക്ക് സംസ്ഥാനങ്ങള്‍ക്കും വാക്‌സിന്‍ ലഭിക്കും എന്ന് ഉറപ്പാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജന്റെ ശേഖരം സംസ്ഥാനത്തെ ആവശ്യങ്ങള്‍ക്ക് ഇപ്പോള്‍ പര്യാപ്തമാണ്. എന്നാല്‍ കോവിഡിന്റെ അതിതീവ്ര വ്യാപനം മൂലം നമ്മുടെ ആവശ്യം വളരെയേറെ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് സംസ്ഥാനത്തിന്റെ ആവശ്യത്തില്‍ കൂടുതല്‍ വരുന്ന മെഡിക്കല്‍ ഓക്‌സിന്‍ മാത്രമേ പുറത്തേയ്ക്ക് അയക്കാന്‍ പാടുള്ളുവെന്നും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നിലവിലുള്ള കേസുകളില്‍ സര്‍ക്കാരിന്റെ ഇതുസംബന്ധിച്ച നിലപാടുകള്‍ അറിയിക്കാനും തീരുമാനിച്ചു.

Next Story