ആരോഗ്യമന്ത്രി പങ്കെടുത്ത അദാലത്തില്‍ ജനങ്ങള്‍ തിക്കിതിരക്കി; തെളിയുന്നത് സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രഹസനമെന്ന് പിസി വിഷ്ണുനാഥ്
കണ്ണൂര്‍: തളിപറമ്പില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ പങ്കെടുത്ത പരാതി പരിഹാര അദാലത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ജനങ്ങള്‍ തിക്കിതിരക്കിയെന്നാരോപണം. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുയര്ന്ന് നില്ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സാമൂഹിക അകലം പോലും പാലിക്കാതെ എത്തുന്നതില്‍ വലിയ ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്. ആരോഗ്യമന്ത്രി പങ്കെടുക്കുന്ന വേദിയില്‍ തന്നെ ഇത്തരത്തിലൊരു പ്രോട്ടോക്കോള്‍ ലംഘനം നടന്നതിനെതിരെ പ്രതിഷേധവും അണപൊട്ടി. മാസ്ക് ധരിച്ചിരുന്നു എന്നതൊഴിച്ചാല്‍ മാറ്റൊരുവിധ കൊവിഡ് മാനദണ്ഡങ്ങളും അദാലത്തില്‍ എത്തിയവര്‍ സ്വീകരിച്ചിട്ടില്ല. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. വ്യാഴാഴ്ച്ച നടക്കുന്ന […]

കണ്ണൂര്‍: തളിപറമ്പില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ പങ്കെടുത്ത പരാതി പരിഹാര അദാലത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ജനങ്ങള്‍ തിക്കിതിരക്കിയെന്നാരോപണം. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുയര്ന്ന് നില്ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സാമൂഹിക അകലം പോലും പാലിക്കാതെ എത്തുന്നതില്‍ വലിയ ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്. ആരോഗ്യമന്ത്രി പങ്കെടുക്കുന്ന വേദിയില്‍ തന്നെ ഇത്തരത്തിലൊരു പ്രോട്ടോക്കോള്‍ ലംഘനം നടന്നതിനെതിരെ പ്രതിഷേധവും അണപൊട്ടി.
മാസ്ക് ധരിച്ചിരുന്നു എന്നതൊഴിച്ചാല്‍ മാറ്റൊരുവിധ കൊവിഡ് മാനദണ്ഡങ്ങളും അദാലത്തില്‍ എത്തിയവര്‍ സ്വീകരിച്ചിട്ടില്ല. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. വ്യാഴാഴ്ച്ച നടക്കുന്ന അദാലത്തിലാണ് ഇത്തരത്തിലൊരു ജാഗ്രതക്കുറവ് സംഭവിച്ചിരിക്കുന്നത്. നൂറിലധികം പേരാണ് സ്ഥലത്തെത്തിയത്. അകലം പാലിച്ചുകൊണ്ട് കസേരകള്‍ നിരത്തിയിരുന്നെങ്കിലും ആളുകള്‍ കൂട്ടംകൂടുകയായിരുന്നു.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യമന്ത്രിയുള്പ്പടെ മൂന്ന് മന്ത്രിമാരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. അവിടെ ഇത്തരത്തിലൊരു പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടാകുന്നതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുള്‍പ്പടെ ഉയര്‍ത്തുന്നത്.
തളിപറമ്പിലെ അദാലത്തിലെ പ്രോട്ടോക്കോള്‍ ലംഘനം ചൂണ്ടിക്കാട്ടി ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥും രംഗത്തെത്തി. ഉമ്മന്‍ചാണ്ടി ജനസമ്പര്‍ക്ക പരിപാടി നടത്തിയപ്പോള്‍ വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട ജോലി മുഖ്യമന്ത്രി എന്തിനാണ് ചെയ്യുന്നതെന്ന് ചോദിച്ച് പരിഹസിച്ചവരും അത് തടയാന്‍ ആ വേദിയിലേക്ക് മാര്‍ച്ച് നടത്തിയവരുമാണ് ഇന്ന് ഭരിക്കുന്നതെന്ന് വിഷ്ണുനാഥ് കുറ്റപ്പടുത്തി. അന്ന് കൊവിഡ് ഉണ്ടായിരുന്നില്ല. സാമൂഹ്യ അകലവും നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല. ഇന്ന് കര്‍ശന കോവിഡ് മാനദണ്ഡം പാലിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന മന്ത്രി തന്നെ നേരിട്ട് പങ്കെടുക്കുന്ന ദൃശ്യങ്ങളാണിതെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം വിമര്‍ശിച്ചത്.
രാഷ്ട്രീയ പാര്‍ട്ടിയുടേയോ മുന്നണിയുടെയോ പരിപാടിയില്‍ പങ്കെടുക്കാന്‍ ആരും നിര്‍ബന്ധിതരാവുന്നില്ല. അതിനോട് അനുഭാവമുള്ളവരാണ് പങ്കെടുക്കുക. ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് മുഖ്യമന്ത്രി പങ്കെടുത്ത എസ്എഫ്ഐ സമ്മേളനവും സിപിഎം നേതാക്കള്‍ പങ്കെടുത്ത സമ്മേളനങ്ങളുടെയും ആരോഗ്യ മന്ത്രിയുള്‍പ്പെടെ പങ്കെടുത്ത യോഗങ്ങളുടെയും ചിത്രങ്ങള്‍ നമ്മള് കണ്ടിട്ടുണ്ട്. പാര്‍ട്ടി പരിപാടിയിലേക്ക് സ്വയം താത്പര്യപ്പെട്ട് വരുന്നവരാണ്. അവിടേക്ക് പോവാന്‍ ആരും നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍ പരാതി പരിഹാര അദാലത്തിലേക്ക് വരുന്നവരുടെ കാര്യം അതല്ലെന്നും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും ഇതുവരെ നീതി ലഭിക്കാത്ത ആളുകള്‍ ഒരു ഗവര്‍മെന്റിന്റെ അവസാന കാലഘട്ടത്തില്‍ എന്തെങ്കിലും കരുണ പ്രതീക്ഷിച്ച് വരുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
വൃദ്ധരും രോഗികളും ഉള്‍പ്പെടെ കൊവിഡ് മാനദണ്ഡം വെച്ച് ഹൈ റിസ്ക് കാറ്റഗറിയില്‍പെട്ടവരാണ് കൂടുതലും. അവര്‍ ആരോഗ്യ മന്ത്രിയുടേത് ഉള്‍പ്പെടെയുള്ള അദാലത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. ഇവിടെയാണ് സര്‍ക്കാറിന്റെ കൊവിഡ് പ്രതിരോധം പ്രഹസനവും ആത്മാര്‍ത്ഥതയില്ലാത്തതുമാണെന്ന് തെളിയുന്നതെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി.