Top

ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് അനുമതി; ജയിലിലെത്തി അറസ്റ്റ് ചെയ്യും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. കസ്റ്റംസ് ജയിലിലെത്തി അറസ്റ്റ് ചെയ്യും. ഇന്ന് രാവിലെയായിരുന്നു കസ്റ്റംസ് അറസ്റ്റിന് അനുമതി തേടിയത്. കേസില്‍ ശിവശങ്കറിനെതിരെ തെളിവ് കിട്ടിയെന്ന് കസ്റ്റംസ് വ്യക്തമാക്കി. വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന കേസിലാണ് കസ്റ്റംസിന്റെ അറസ്റ്റ്. യുഎഇ കോണ്‍സുല്‍ ജനറലും അറ്റാഷെയും ഡോളര്‍ കടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.നിരവധി തവണ ഇരുവരും വിദേശത്തേക്ക് ഡോളര്‍ കടത്തി. നിയമവിരുദ്ധമായാണ് ഡോളര്‍ സംഘടിപ്പിച്ചതെന്ന് സ്വപ്ന മൊഴി നല്‍കിയെന്നും […]

23 Nov 2020 5:55 AM GMT

ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് അനുമതി; ജയിലിലെത്തി അറസ്റ്റ് ചെയ്യും
X

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. കസ്റ്റംസ് ജയിലിലെത്തി അറസ്റ്റ് ചെയ്യും. ഇന്ന് രാവിലെയായിരുന്നു കസ്റ്റംസ് അറസ്റ്റിന് അനുമതി തേടിയത്. കേസില്‍ ശിവശങ്കറിനെതിരെ തെളിവ് കിട്ടിയെന്ന് കസ്റ്റംസ് വ്യക്തമാക്കി.

വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന കേസിലാണ് കസ്റ്റംസിന്റെ അറസ്റ്റ്. യുഎഇ കോണ്‍സുല്‍ ജനറലും അറ്റാഷെയും ഡോളര്‍ കടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.
നിരവധി തവണ ഇരുവരും വിദേശത്തേക്ക് ഡോളര്‍ കടത്തി. നിയമവിരുദ്ധമായാണ് ഡോളര്‍ സംഘടിപ്പിച്ചതെന്ന് സ്വപ്ന മൊഴി നല്‍കിയെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വപ്നയേയും സരിതിനെയും കസ്റ്റഡി ആവശ്യപ്പെട്ടുള്ള റിപ്പാര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. പ്രതികളെ 7 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡിസംബര്‍ 2 ലേക്കാണ് മാറ്റിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കസ്റ്റംസിന്റെ നീക്കം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം തള്ളിയ സാഹച്യത്തിലായിരുന്നു ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇഡിയുടെ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

കള്ളക്കടത്ത് കേസില്‍, തന്നെ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുകയാണ്. അതിന് വഴങ്ങാത്തത് കൊണ്ടാണ് തന്നെ ജയിലിലേക്ക് മാറ്റിയതെന്നും ശിവശങ്കര്‍ പറഞ്ഞിരുന്നു. ശിവശങ്കര്‍ കോടതിയില്‍ നല്‍കിയ കുറിപ്പിന് ഇഡിയും മറുപടി നല്‍കിയിരുന്നു.

വാട്സ് ആപ് ചാറ്റുകളില്‍ സ്വര്‍ണ്ണ കള്ളക്കടത്തിലും ലൈഫ് മിഷന്‍ പ്രോജക്റ്റുകളിലും സ്വപ്നയ്ക്കും ശിവശങ്കറിനുമുള്ള പങ്കാളിത്തം വ്യക്തമാണെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. കോഴ സ്വീകരിച്ചതിനും തെളിവുണ്ടെന്നും ശിവശങ്കര്‍ കോടതിയില്‍ സമര്‍പ്പിച്ച കുറിപ്പില്‍ ആ ചാറ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഇഡി പറഞ്ഞിരുന്നു. അന്വേഷണത്തിനിടയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവയിലെ എം ശിവശങ്കറിന്റെ പങ്ക് വ്യക്തമായിട്ടുണ്ടെന്ന് ഇഡി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Next Story