Top

‘ഈ രാജ്യം നിലനില്‍ക്കുന്നത് നിയമങ്ങളിലൂടെയാണ്, വാക്കാലെയുള്ള വെറും ഉറപ്പിന്മേലല്ല’; പ്രധാനമന്ത്രിയുടെ വാക്കുകളില്‍ അവിശ്വാസമറിയിച്ച് രാകേഷ് ടിക്കായത്ത്

താങ്ങുവില ഉറപ്പാക്കാന്‍ നിയമം രൂപീകരിക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും നിമയമുണ്ടാക്കിയാല്‍ കച്ചവടക്കാര്‍ കര്‍ഷകരെ കൊള്ളയടിക്കുന്നത് തടയാനാകുമെന്നും ടികായത്ത് പറഞ്ഞു.

8 Feb 2021 11:11 AM GMT

‘ഈ രാജ്യം നിലനില്‍ക്കുന്നത് നിയമങ്ങളിലൂടെയാണ്, വാക്കാലെയുള്ള വെറും ഉറപ്പിന്മേലല്ല’; പ്രധാനമന്ത്രിയുടെ വാക്കുകളില്‍ അവിശ്വാസമറിയിച്ച് രാകേഷ് ടിക്കായത്ത്
X

രാജ്യത്ത് താങ്ങുവില ഉറപ്പാക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കാലെയുള്ള ഉറപ്പില്‍ അവിശ്വാസമറിയിച്ച് കര്‍ഷക നേതാവ് രാക്ഷ് ടിക്കായത്ത്. ഈ രാജ്യം നിലനില്‍ക്കുന്നത് നിയമങ്ങളിലൂടെയാണെന്നും വാക്കാലുള്ള ഇത്തരം ഉറപ്പിന്മേലല്ലെന്നും ടികായത്ത് തുറന്നടിച്ചു. താങ്ങുവില ഉറപ്പാക്കാന്‍ നിയമം രൂപീകരിക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും നിമയമുണ്ടാക്കിയാല്‍ കച്ചവടക്കാര്‍ കര്‍ഷകരെ കൊള്ളയടിക്കുന്നത് തടയാനാകുമെന്നും ടികായത്ത് പറഞ്ഞു.

താങ്ങുവില സര്‍ക്കാര്‍ ഉറപ്പുവരുത്തിയിരുന്നുവെന്നും തുടര്‍ന്നും അങ്ങനെ തന്നെയായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കര്‍ഷകരെ അറിയിച്ചിരുന്നു. എന്നാല്‍ നിയമം കൊണ്ടുവരുമോ ഇല്ലയോ എന്ന കാര്യത്തില്‍ മോദി ഉരുണ്ടുകളിക്കുകയായിരുന്നുവെന്നും രാകേഷ് ടിക്കായത്ത് കുറ്റപ്പെടുത്തി. പുതിയ മൂന്ന് കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങളും പിന്‍വലിച്ച് താങ്ങുവില ഉറപ്പുവരുത്താന്‍ നിയനിര്‍മ്മാണം നടത്തണമെന്നാണ് കര്‍ഷകര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. ഇക്കാര്യം കേന്ദ്രസര്‍ക്കാരുമായി ഒരുവട്ടം കൂടി ചര്‍ച്ചചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്നും രാകേഷ് ടികായത്ത് ദേശീയ മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു.

കേന്ദ്രവുമായി അടുത്ത വട്ട ചര്‍ച്ചയ്ക്ക് തയ്യാറാണെന്നറിയിച്ച് കര്‍ഷക യൂണിയനുകള്‍ അറിയിച്ചിരുന്നു. ചര്‍ച്ച എന്ന് വേണമെന്ന കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ യൂണിയനുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കര്‍ഷക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം അവസാനിപ്പിക്കണം എന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് കര്‍ഷകര്‍ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം രാജ്യത്ത് സമരം നടത്തുന്നതിനായി പ്രത്യേക സമര ജീവികള്‍ എത്തിയിട്ടുണ്ടെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കര്‍ഷകര്‍ രംഗത്തെത്തി. ജനാധിപത്യത്തില്‍ പ്രക്ഷോഭത്തിന് പ്രധാന പങ്കുണ്ടെന്നും കര്‍ഷകര്‍ പറഞ്ഞു.

അടുത്ത ഘട്ട ചര്‍ച്ചകള്‍ക്ക് തയാറാണ്. തീയതിയും സമയവും സര്‍ക്കാര്‍ പറഞ്ഞാല്‍ ചര്‍ച്ചയ്ക്ക് തങ്ങള്‍ എത്തുമെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ശിവകുമാര്‍ കക്ക പറഞ്ഞു. ‘സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ ഒരിക്കലും വിസമ്മതിച്ചിട്ടില്ല. ഞങ്ങളെ സംഭാഷണത്തിനായി വിളിക്കുമ്പോഴെല്ലാം ഞങ്ങള്‍ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തി. അവരുമായി ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയ്യാറാണ്’, ശിവകുമാര്‍ കക്ക പറഞ്ഞു. പിടി ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Next Story