Top

‘തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ല’; പിടി തോമസിനെതിരെ 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കിറ്റെക്‌സ്

കൊച്ചി: പിടി തോമസ് എംഎല്‍എക്കെതിരെ 100 കോടിയുടെ മാനനഷ്ടകേസുമായി കിറ്റക്‌സ്. കമ്പനിക്കെതിരായ ആരോപണങ്ങളില്‍ തെളിവുനല്‍കാനാകാത്ത പശ്ചാത്തലത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുന്നു എന്ന് കിറ്റെക്‌സ് അറിയിച്ചു. അഡ്വ. ബ്ലെയ്സ് ജോസ് വഴിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. കിറ്റെക്സ് ഗാര്‍മെന്റസ് ലിമിറ്റഡ്, കിറ്റെക്സ് ചില്‍ഡ്രന്‍സ് വെയര്‍ ലിമിറ്റഡ്, കിറ്റെക്സ് ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികള്‍ ചേര്‍ന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. കിറ്റെക്‌സ് കമ്പനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നും അതുവഴി 52 വര്‍ഷം കൊണ്ട് അന്ന-കിറ്റെക്സ് ഗ്രൂപ്പ് ഉണ്ടാക്കിയ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും വക്കീല്‍ […]

22 Jun 2021 5:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ല’; പിടി തോമസിനെതിരെ 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കിറ്റെക്‌സ്
X

കൊച്ചി: പിടി തോമസ് എംഎല്‍എക്കെതിരെ 100 കോടിയുടെ മാനനഷ്ടകേസുമായി കിറ്റക്‌സ്. കമ്പനിക്കെതിരായ ആരോപണങ്ങളില്‍ തെളിവുനല്‍കാനാകാത്ത പശ്ചാത്തലത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുന്നു എന്ന് കിറ്റെക്‌സ് അറിയിച്ചു. അഡ്വ. ബ്ലെയ്സ് ജോസ് വഴിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. കിറ്റെക്സ് ഗാര്‍മെന്റസ് ലിമിറ്റഡ്, കിറ്റെക്സ് ചില്‍ഡ്രന്‍സ് വെയര്‍ ലിമിറ്റഡ്, കിറ്റെക്സ് ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികള്‍ ചേര്‍ന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.

കിറ്റെക്‌സ് കമ്പനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നും അതുവഴി 52 വര്‍ഷം കൊണ്ട് അന്ന-കിറ്റെക്സ് ഗ്രൂപ്പ് ഉണ്ടാക്കിയ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു.

‘എംഎല്‍എ ഉയര്‍ത്തിയ പ്രചരണങ്ങള്‍ വിദേശത്തും ഇന്ത്യയിലുമുള്ള ഗുണഭോക്താക്കളിലും ഉപഭോക്താക്കളിലും കമ്പനികളെ സംശയത്തിന്റെ നിഴലിലാക്കി. കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡിന്റെ ഓഹരി ഉടമകള്‍ക്കിടയിലും പലവിധത്തിലുള്ള ആശങ്കയാണ് ഈ ആരോപണങ്ങള്‍ സൃഷ്ടിച്ചത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും കിറ്റെക്സിനെതിരെ നിരവധിയായ തെറ്റായ കാര്യങ്ങള്‍ പ്രചരിച്ചിരുന്നു. പി ടി തോമസ് ഉന്നയിച്ച നിരവധിയായ ആരോപണങ്ങളില്‍ ഗുരുതരമായ അഞ്ച് കാര്യങ്ങള്‍ക്കാണ് തെളിവു ഹാജരാക്കാനാണ് പി ടി തോമസിന് ഏഴ് ദിവസം നല്‍കിയത്. എന്നാല്‍ ഒരു ചോദ്യത്തിന് പോലും നിയമപരമായി യാതൊരു തെളിവും ഹാജരാക്കാന്‍ പിടിക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കമ്പനികളെ അപകീര്‍ത്തിപ്പെടുത്തിയതിന് സിവിലായും, ക്രിമിനലായും നിയമനടപടിയുടെ ഭാഗമായി 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്’-സാബു ജേക്കബ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സാബു ജേക്കബിന്റെ വെല്ലുവിളിക്ക് പി ടി തോമസിന്റെ മറുപടി വന്നതിന് പിന്നാലെയാണ് കിറ്റെക്‌സിന്റെ നടപടി. കിറ്റെക്‌സിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിച്ചാല്‍ സാബു ജേക്കബ് നല്‍കുമെന്ന് പ്രഖ്യാപിച്ച 50 കോടി രൂപ വേണ്ടെന്നായിരുന്നു പി ടി തോമസിന്റെ പ്രഖ്യാപനം. ജീവന്റേയും പരിസ്ഥിതിയുടേയും കുടിവെള്ളത്തിന്റേയും പ്രശ്നമാണ്. അതിനെയെല്ലാം കേവലം 50 കോടിയുടെ വലിപ്പം കാണിച്ച് ലളിതമാക്കേണ്ടതില്ല. തെറ്റായ മാര്‍ഗങ്ങളിലൂടെയുള്ള പണമായതിനാല്‍ തനിക്ക് ആ തുക ആവശ്യമില്ലെന്നും പി ടി തോമസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം, താന്‍ നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും പി ടി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 10 ലക്ഷത്തിലധികം ജനങ്ങളുടെ കുടിവെള്ള സ്രോതസാണ് കടമ്പ്രയാര്‍ നദി. നദിയിലേക്ക് ഒഴുക്കുന്ന മാലിന്യം ശുദ്ധജല ശ്രോതസിനെ ഗുരുതരമായി ബാധിക്കും. എന്നിരിക്കെ 13 വര്‍ഷം പിന്നിട്ടിട്ടും സുപ്രീംകോടതി നിഷ്‌കര്‍ഷിക്കുന്ന സീറോ ലിക്വിഡ് ഡിസ്ചാര്‍ജ് സിസ്റ്റം കിറ്റെക്സ് കമ്പനി സ്ഥാപിച്ചിട്ടില്ല. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്നും ലഭിച്ച മറുപടി ചൂണ്ടിക്കാട്ടിയായിരുന്നു പിടി തോമസിന്റെ പ്രതികരണം.

എല്ലാ നിയമങ്ങളും പാലിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന ഉടമ സാബു ജേക്കബിന്റെ വാദം തെറ്റാണ്. കിറ്റെക്സ് കമ്പനിയില്‍ നിന്നുള്ള മാലിന്യം കടമ്പ്രയാര്‍ നദി മലിനപ്പെടുത്തുന്നുണ്ടെന്ന് 2021 ഫെബ്രുവരിയിലെ ജില്ലാ പഞ്ചായത്ത് വികസന സെമിനാറില്‍ ഉന്നയിക്കപ്പെട്ടിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുന്‍പാണ് താന്‍ ഇതുസംബന്ധിച്ച് നടപടികളിലേക്ക് കടന്നതെന്നും ആ കാരണത്താലാണ് തനിക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തി പ്രതികാരം ചെയ്യാന്‍ സാബു ജേക്കബ് ശ്രമിച്ചതെന്നും പി ടി തോമസ് എംഎല്‍എ ആരോപിച്ചു. എന്നാല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതുകൊണ്ട് താന്‍ വിരോധം തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആരോപണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

250 പേര്‍ മാത്രം ജോലി ചെയ്യുന്ന ഡൈയിംഗ് ആന്‍ഡ് ബ്ലീച്ചിംഗ് കമ്പനി അടച്ചുപൂട്ടുകയല്ല പകരം രാജ്യത്തെ നിയമം നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ കമ്പനി പ്രവര്‍ത്തിക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. യുഡിഎഫിന് ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടാറുള്ള എറണാകുളത്താണ് ട്വന്റി ട്വന്റി സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. പിണറായി വിജയന്റെ ബി ടീമാണ് ട്വന്റി ട്വന്റിയെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും പിടി തോമസ് പറഞ്ഞു.

Also Read: ‘മുല്ലപ്പള്ളി മര്യാദ കാണിച്ചില്ല; സുധാകരന്‍ ചോദിക്കുമോയെന്ന് അറിയില്ല, നീതി പ്രതീക്ഷിക്കേണ്ട; സിപിഐഎമ്മില്‍ അങ്ങനെയല്ല’; തുറന്നടിച്ച് ധര്‍മജന്‍

Next Story

Popular Stories