Top

കോര്‍പ്പറേഷനുകള്‍ ആരു ഭരിക്കും? ; തിരുവനന്തപുരത്ത് ഇന്നും കൊച്ചിയില്‍ നാളെയും തീരുമാനം

യുഡിഎഫിന് ലഭിച്ച ഏക കോര്‍പ്പറേഷനായ കണ്ണൂരില്‍ ഞായറാഴ്ചയോടെയായിരിക്കും മേയറെ തീരുമാനിക്കുക

25 Dec 2020 1:50 AM GMT

കോര്‍പ്പറേഷനുകള്‍ ആരു ഭരിക്കും? ; തിരുവനന്തപുരത്ത് ഇന്നും കൊച്ചിയില്‍ നാളെയും തീരുമാനം
X

സംസ്ഥാനത്തെ വിവിധ കോര്‍പ്പറേഷനുകളിലെ മേയര്‍ സ്ഥാനങ്ങളിലേക്ക് ആരെല്ലാം എന്ന ചര്‍ച്ച പുരോഗമിക്കുന്നു. ഇന്നും നാളെയുമായി നടക്കുന്ന ചര്‍ച്ചകളില്‍ നിന്നുണ്ടാകുന്ന തീരുമാനങ്ങള്‍ രണ്ടുദിവസത്തിനകം പുറത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരതത്ത് ഇന്നും കൊച്ചിയില്‍ നാളെയുമാണ് തീരുമാനമുണ്ടാകാനിരിക്കുന്നത്. യുഡിഎഫിന് ലഭിച്ച ഏക കോര്‍പ്പറേഷനായ കണ്ണൂരില്‍ ഞായറാഴ്ചയോടെയായിരിക്കും മേയറെ തീരുമാനിക്കുക.

തിരുവനന്തപുരം

രാജ്യമൊട്ടാകെ ഉറ്റു നോക്കിയ തെരഞ്ഞെടുപ്പാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലേത്. കോര്‍പ്പറേഷന്‍ പിടിച്ചെടുക്കാം എന്ന പ്രതീക്ഷയോടെ ഇറങ്ങിയ ബിജെപിക്ക് ഒരു സീറ്റ് അധികം നേടാന്‍ മാത്രമാണായത്. കോണ്‍ഗ്രസ് വന്‍ തിരിച്ചടി നേരിട്ടപ്പോള്‍ കേവലഭൂരിപക്ഷം നേടിയാണ് ഇടതുമുന്നണി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തിയത്.

ഇന്ന് ചേരുന്ന സിപിഎം ജില്ലാ സെക്ട്രട്ടറിയേറ്റ് മേയര്‍ ആരാകുമെന്ന തീരുമാനമെടുക്കും. നാളെ നടക്കുന്ന ജില്ലാ കമ്മിറ്റി കഴിഞ്ഞായിരിക്കും പ്രഖ്യാപനം. മുന്‍ പി.എസ്.സി അംഗമായ ജമീല ശ്രീധര്‍ തന്നെ മേയര്‍ സ്ഥാനത്തേക്കെത്തുമെന്നാണ് സൂചന. അതേസമയം, കൊല്ലം മാതൃകയില്‍ ഒരു വര്‍ഷം മേയര്‍ സ്ഥാനം വേണമെന്ന ആവശ്യം തിരുവനന്തപുരത്തും സിപിഐ മുന്നോട്ടുവെച്ചിട്ടുണ്ട്. ഒപ്പം യുവത്വത്തിന് സ്ഥാനത്തേക്ക് വരനൂള്ള അവസരമുണ്ടാക്കണമെന്നും പാര്‍ട്ടിയില്‍ വാദമുണ്ട്. ഇക്കാര്യങ്ങളില്‍ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ് ഇടതുമുന്നണി.

കൊല്ലം

കൊല്ലം ജില്ലയില്‍ ഇടതുതരംഗം ഉണ്ടായിട്ടും കോര്‍പ്പറേഷനില്‍ മേയറെ തീരുമാനിക്കാനാകാത്ത പ്രതിസന്ധിയിലാണ് സിപിഎം. മുന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് അഴിമതി ആരോപണം നേരിടുന്നതിനാല്‍ മാറ്റി നിര്‍ത്തണമെന്നാണ് ജില്ലാ കമ്മിറ്റിയും കോര്‍പ്പറേഷന്‍ നിലനില്‍ക്കുന്ന ഏരിയ കമ്മിറ്റികളും ആവശ്യപ്പെടുന്നത്. പകരം 22 വയസുള്ള യു പവിത്രയെ മേയറാക്കണമെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. എന്നാല്‍ ജില്ലാ സെക്രട്ടറിയേറ്റിലെ ഭൂരിഭാഗവും പ്രസന്ന ഏണസ്റ്റിനെ മേയറാക്കണമെന്ന ആവശ്യമാണുയര്‍ത്തുന്നത്.

മുതിര്‍ന്ന നേതാവെന്ന നിലയില്‍ പ്രസന്ന ഏണസ്റ്ര് തന്നെ മേയറാകണമെന്ന് ജില്ലാ സെക്ട്രട്ടറിയേറ്റ് വാദിക്കുമ്പോള്‍ യു പവിത്ര മേയറാകുന്നതില്‍ തെറ്റില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിലപാട്. തര്‍ക്കം മൂര്‍ച്ചിച്ചതിനാല്‍ ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഡിസംബര്‍ 27 ന് സെക്രട്ടറിയേറ്റ് വീണ്ടും ചേരുമ്പോള്‍ തര്‍ക്കത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

തൃശ്ശൂര്‍

ഇടതുപക്ഷം 24 ഉം യുഡിഎഫ് 23 ഉം സീറ്റുകള്‍ നേടിയ തൃശ്ശൂരില്‍ വിമതനെ കൂട്ടുപിടിച്ച് അധികാരം പിടിക്കാനാണ് ഇടതുമുന്നണിയുടെ നീക്കം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഷാജനെ മേയറാക്കാനാണ് സിപിഎമ്മിന്റെ ആഗ്രഹമെങ്കിലും യുഡിഎഫ് വിമതനായി മല്‍സരിച്ച എം കെ വര്‍ഗീസിന്റെ പിന്തുണയില്ലാതെ ഭരണം കിട്ടില്ലെന്നിരിക്കെ ആദ്യ ടേമിലെ മേയര്‍ സ്ഥാനമെന്ന വര്‍ഗീസിന്റെ ആവശ്യം പാര്‍ട്ടിക്ക് അംഗീകരിക്കേണ്ടി വരും. ആവശ്യത്തില്‍ സിപിഎം തീരുമാനമറിഞ്ഞിട്ട് ക്രിസ്മസ് ദിനത്തില്‍ മുന്നണിയോടൊപ്പം നില്‍ക്കുന്നതില്‍ നിലപാടറിയിക്കാമെന്നായിരുന്നു വര്‍ഗീസ് അറിയിച്ചിരുന്നത്.

ഇന്നലെ ചേര്‍ന്ന ജില്ലാസെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങള്‍ മേയര്‍ പദവി സംബന്ധിച്ച് വ്യക്തമായ തീരുമാനമെടുക്കാതെയാണ് പിരിഞ്ഞത്. വിമതന്റെ പിന്തുണ ലഭിക്കുന്നില്ലെങ്കിലും തുല്യവോട്ടുകള്‍ വന്നാല്‍ ടോസ് സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇടതുമുന്നണി സ്ഥാനാര്‍ഥി മരിച്ചതിനാല്‍ തൃശൂരില്‍ ഒരു ഡിവിഷനിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനുമുണ്ട്.

കൊച്ചി

74 അംഗ കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന് 31ഉം എല്‍ഡിഎഫിന് 34ഉം സീറ്റുകളാണ് ലഭിച്ചത്. അതില്‍ ബിജെപി മാറി നില്‍ക്കുമെന്നതിനാല്‍ 69 അംഗങ്ങളില്‍ ഭൂരിപക്ഷമായ 35 തികയ്ക്കുക എന്ന ലക്ഷ്യം വിമതരുടെ പിന്തുണയോടെ നേടിയിരിക്കുകയാണ് ഇടതുമുന്നണി. ഇതോടെ ജില്ലാകമ്മിറ്റിയംഗവും ജനകീയനുമായ എം അനില്‍കുമാര്‍ മേയറാകാനാണ് സാധ്യതയാണ് ഉയര്‍ന്നുവരുന്നത്. നാളെ ജില്ലാ സെക്രട്ടേറിയറ്റായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഞായറാഴ്ച ജില്ല കമ്മിറ്റി യോഗത്തിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

അതേസമയം ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐ ആവശ്യപ്പെട്ടില്ലെങ്കില്‍ അതും സിപിഎം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഡിഎഫിന് കോര്‍പ്പറേഷനില്‍ 31 അംഗങ്ങള്‍ ഉള്ളതിനാല്‍ രണ്ട് സ്ഥിരംസമിതി ചെയര്‍മാന്‍ സ്ഥാനം അവര്‍ക്കു നല്‍കേണ്ട സാഹചര്യവും മുന്നിലുണ്ട്.

കോഴിക്കോട്

തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടിയ കോഴിക്കോട് കോര്‍പ്പറേഷനില്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായി വിമരിച്ച പൊറ്റമ്മല്‍ ഡിവിഷന്‍ കൗണ്‍സിലര്‍ ഡോ. ബീന ഫിലിപ്പിനെ സിപിഎം കഴിഞ്ഞദിവസം മേയറായി തീരുമാനിച്ചിരുന്നു. സിപിഐഎം നേതൃത്വം മുന്‍കൈയ്യെടുത്ത് മത്സരരംഗത്തേക്കിറക്കിയ ബീന ഫിലിപ്പിനെ മേയര്‍ സ്ഥാനാര്‍ഥി എന്ന നിലയില്‍ തന്നെയായിരുന്നു തെരഞ്ഞെടുപ്പില്‍ അവതരിപ്പിച്ചത്.

കപ്പക്കല്‍ വാര്‍ഡില്‍ നിന്ന് ജയിച്ച മുസാഫിര്‍ അഹമ്മദാകും ഡെപ്യൂട്ടി മേയര്‍. സംസ്ഥാന സമിതിയുടെ അംഗീകാരത്തിന് ശേഷമായിരിക്കും ഔദ്യോഗികമായി പ്രഖ്യാപനമുണ്ടാവുക.

കണ്ണൂര്‍

ഇടതുതരംഗത്തില്‍ സംസ്ഥാനത്താകെ തിരിച്ചടിനേരിട്ടപ്പോഴും കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 34 സീറ്റുമായാണ് യുഡിഎഫ് വിജയമുറപ്പിച്ചത്. ഒരു സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ് വിമതനും യുഡിഎഫിനൊപ്പം ചേര്‍ന്നിട്ടുണ്ട്. പതിവുപോലെ ഇത്തവണയും മേയര്‍ സ്ഥാനം കോണ്‍ഗ്രസും ലീഗും മേയര്‍ സ്ഥാനം പങ്കിട്ടെടുക്കാനാണ് സാധ്യത. ആദ്യ രണ്ടര വര്‍ഷം കോണ്‍ഗ്രസായിരിക്കും മേയര്‍ സ്ഥാനത്ത്. എന്നാല്‍ ലീഗിന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം മാത്രം കൊടുത്താല്‍ മതിയെന്ന നിലപാടും കോണ്‍ഗ്രസിലെ ചില വിഭാഗം ഉയര്‍ത്തുന്നുണ്ട്. അതേസമയം 34 സീറ്റില്‍ 14ഉം നേടിയിരിക്കുന്നത് മുസ്ലിം ലീഗാണ്.

മാര്‍ട്ടിന്‍ ജോര്‍ജ്, ടി ഒ മോഹനന്‍, പി കെ രാജേഷ് എന്നിവരാണ് കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനത്തിനായി രംഗത്തുള്ളത്.

Next Story