
ന്യൂ ഡൽഹി: നിലവിലെ സാഹചര്യത്തിൽ കൊവിഡ് വാക്സിന്റെ നിർമ്മാണവും വിതരണവും എത്ര പ്രാധാന്യമേറിയതാണെന്ന് മനസ്സിലാക്കുക ഒരു ‘റോക്കറ്റ് സയൻസ് ‘ അല്ലെന്ന് ഓൾ ഇന്ത്യ ഇന്സ്ടിട്യൂട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയ. വാക്സിന്റെ അഭാവത്തെ തുടർന്ന് രാജ്യത്ത് പലയിടങ്ങളിലും കൊവിഡ് വാക്സിൻ സെന്ററുകൾ അടച്ചു പൂട്ടിയ പശ്ചാത്തലത്തിലാണ് ഡോ.രൺദീപ് ഗുലേറിയയുടെ ഈ പരാമർശം. എൻഡിടിവിക്ക് കൊടുത്ത ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക് അടുക്കവെ രാജ്യത്ത് വാക്സിന്റെ അഭാവം വാർത്തയാകുയാണ്. ‘ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് മുഴുവനും കൊവിഡ് വാക്സിൻ ആവശ്യമാണ്. അതുകൊണ്ടു തന്നെ മരുന്നിന്റെ ഉത്പാദന ചുമതല നിർമ്മാതാവിന്റേതാണ് ‘,എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വാക്സിന്റെ ലഭ്യതയും സംഭരണവും എത്രമാത്രം അടിയന്തിരമാണെന്ന് ആറുമാസം മുൻപേ തന്നെ മനസ്സിലാക്കാമെന്നും ഇതൊരു റോക്കറ്റ് സയൻസ് അല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
‘വാക്സിൻ മനുഷ്യരാശിക്ക് മാത്രമായല്ല മറിച്ചു ഇത് വിപണിമൂല്യം ഉള്ള വസ്തുവും കൂടിയാണ്. 50 ഓളം പേരാണ് രാജ്യത്ത് വാക്സിൻ നിർമ്മാണ പ്രക്രിയയിൽ ഏർപ്പെട്ടിട്ടുള്ളത്. ഉല്പാദന പ്രക്രിയയിൽ സാമ്പത്തിക പിന്തുണ നൽകാൻ ഉറപ്പായും പങ്കാളികളെ ലഭിക്കും’, അദ്ദേഹം പ്രസ്താവിച്ചു.
കോവിഷീൽഡ് വാക്സിൻ നിർമ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, വാക്സിന് ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്നും വന്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ദിവസങ്ങൾ കഴിയവെയാണ് ഡോ.രൺദീപ് ഗുലേറിയയുടെ ഈ പരാമർശം. 3000 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ അടാർ പൂനാവാല കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഒരു ഡസനോളം രാജ്യങ്ങളില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ആസ്ട്ര സെനിക്ക വാക്സിന് വിതരണം ചെയ്യുന്നത്.
അതേസമയം എസ്ഐഐയിൽ നിന്ന് ഒരാഴ്ച്ച മുൻപ് ഈ വിഷയത്തിൽ പ്രത്യേക അപേക്ഷ ലഭിച്ചെന്നും ഇത് സംബന്ധിച്ച് ഒരു തീരുമാനം ഉടനുണ്ടാകുമെന്നും നീതി ആയോഗ്-ദേശീയ കോവിഡ് വാക്സിനേഷൻ പാനലിലെ അംഗമായ ഡോ.വി കെ പോൾ അറിയിച്ചു.