Top

‘ഇതൊരു തുടക്കം മാത്രമോ എന്ന് ഞാൻ ഭയപ്പെടുന്നു’, മോദിക്ക് മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി

ഇന്ത്യയിലെ ജനസംഖ്യയുടെ വലുപ്പത്തെയും ജനിതക വൈവിധ്യത്തെയും കുറിച്ചും ഓർമിപ്പിക്കുന്ന കത്തിൽ മറ്റു ജനിതകമാറ്റങ്ങൾ സംഭവിച്ച രോഗാണുവിന്റെ സാന്നിധ്യം രാജ്യത്ത് പരിശോധിക്കപ്പെടാതെ പോകരുത് എന്നും ഓർമിപ്പിക്കുന്നുണ്ട്.

7 May 2021 2:03 AM GMT

‘ഇതൊരു തുടക്കം മാത്രമോ എന്ന് ഞാൻ ഭയപ്പെടുന്നു’, മോദിക്ക് മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി
X

ന്യൂ ഡൽഹി: രാജ്യത്ത് കടുത്ത കൊവിഡ് പ്രതിസന്ധിക്കിടയാക്കുന്ന കൊറോണ വൈറസിനെ നിയന്ത്രണത്തിലാക്കാൻ സാധിച്ചില്ലെങ്കിൽ ഇപ്പോൾ നേരിടുന്നത് ഒരു തുടക്കം മാത്രമാകും എന്ന് മുന്നറിയിപ്പ് നൽകി രാഹുൽഗാന്ധി. രോഗാണു വ്യാപനം തടയാനായി കേന്ദ്രം ശാസ്ത്രീയമായ മാർഗ്ഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ അപകടത്തിലേക്കാകും പോക്കെന്നാണ് കോൺഗ്രസ്സ് നേതാവ് മോദിക്കയച്ച കത്തിൽ സൂചിപ്പിച്ചത്.

ഇന്ത്യയിലെ ജനസംഖ്യയുടെ വലുപ്പത്തെയും ജനിതക വൈവിധ്യത്തെയും കുറിച്ചും ഓർമിപ്പിക്കുന്ന കത്തിൽ മറ്റു ജനിതകമാറ്റങ്ങൾ സംഭവിച്ച രോഗാണുവിന്റെ സാന്നിധ്യം രാജ്യത്ത് പരിശോധിക്കപ്പെടാതെ പോകരുത് എന്നും ഓർമിപ്പിക്കുന്നുണ്ട്. ശാസ്ത്രീയമായ പരിശോധനകൾ നടത്തി ജനിതകവ്യതിയാനം സംഭവിച്ച വൈറസുകളെ കണ്ടുപിടിക്കാനും തടയാനും സാധിച്ചില്ലെങ്കിൽ ജനസംഖ്യയിൽ മുന്നിട്ടു നിൽക്കുന്ന രാജ്യം ഇതിലും ഭീകരമായ അവസ്ഥയിലേക്കാകും പോകുക എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. കൂടാതെ ‘നമ്മുടെ രാജ്യത്ത് ഈ വൈറസ് അനിയന്ത്രിതമായി പടരുന്നത് നമുക്ക് മാത്രമല്ല ലോകത്തിന് തന്നെയും വിനാശകരമായിരിക്കും’,എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.

ഈ ലോകത്ത് ആറിലൊരാൾ ഇന്ത്യക്കാരനാണെന്ന് പറയുന്ന കത്തിൽ രാജ്യത്തെ ഉയർന്ന ജനസംഖ്യയും ജനിതക വൈവിധ്യവും വൈറസിന് അതിവേഗം മാറാനും പടർന്നു പിടിക്കാനും പറ്റിയ ഒരു സ്ഥലമാക്കി മാറ്റുന്നുണ്ട് എന്നാണ് പറയുന്നത്. അതിനാൽ ഈ രോഗം കൂടുതൽ ഗുരുതരമായും മാരകമായും മാറുന്നുവെന്നും ഇതിനകം തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം എഴുതുന്നു.

‘ജീനോം സീക്വൻസിംഗും രോഗത്തിന്റെ രീതികളും ഉപയോഗിച്ച് രോഗാണുവിനെയും ജനിതക വ്യതിയാനങ്ങളെയും ശാസ്ത്രീയമായി പിന്തുടരുക. എല്ലാ ജനിതക വ്യതിയാനങ്ങളെയും പ്രതിരോധിക്കുന്ന എല്ലാ വാക്സിനുകളുടെയും കാര്യക്ഷമത കൃത്യമായി വിലയിരുത്തുക. മുഴുവൻ ജനതക്കും എത്രയും വേഗത്തിൽ പ്രതിരോധ കുത്തിവയ്പ്പ് നൽകുക എന്നിങ്ങനെ മൂന്ന് നിർണ്ണായക പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും വേണം” അദ്ദേഹം പറഞ്ഞു.

കൊവിഡ് രോഗബാധയുടെ രണ്ടാം തരംഗത്തിൽ രാജ്യമൊട്ടാകെ കടുത്ത പ്രതിസന്ധി നേരിടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാല് ലക്ഷത്തിലധികം പുതിയ കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 35.6 ലക്ഷത്തിലധികം രോഗികളാണ് നിലവിൽ ചികിത്സയിൽ ഉള്ളത്.

Next Story

Popular Stories