Top

നാല് ദിവസത്തിനുള്ളിൽ 74 കൊവിഡ് മരണങ്ങളുമായി ഗോവ ; കാരണം ഓക്സിജൻ ക്ഷാമം

എല്ലാ മരണങ്ങളും മെഡിക്കൽ ഓക്സിജൻ വിതരണത്തിലെ അപാകത മൂലമാണെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.

14 May 2021 5:19 AM GMT

നാല് ദിവസത്തിനുള്ളിൽ 74 കൊവിഡ് മരണങ്ങളുമായി ഗോവ ; കാരണം ഓക്സിജൻ ക്ഷാമം
X

ഗോവ: ഓക്സിജൻ പ്രതിസന്ധിയെ തുടർന്ന് നാല് ദിവസത്തിനുള്ളിൽ 74 കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ച് ഗോവ. സംസ്ഥാനത്തെ ഏറ്റവും വലിയ കൊവിഡ് പരിചരണ കേന്ദ്രമായ ഗോവ മെഡിക്കൽ കോളെജിലും ആശുപത്രിയിലുമാണ് എഴുപത്തിനാല് രോഗികൾ ഓക്സിജൻ ലഭിക്കാതെ മരിച്ചത്.

എല്ലാ മരണങ്ങളും മെഡിക്കൽ ഓക്സിജൻ വിതരണത്തിലെ അപാകത മൂലമാണെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ചൊവ്വാഴ്ച 26 പേർക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ, ബുധനാഴ്ച 20 മരണങ്ങൾ ആണുണ്ടായത്. വ്യാഴാഴ്ച 15 ഉം വെള്ളിയാഴ്ച 13 ഉം പേർ മരിക്കുകയായിരുന്നു.

ഓക്സിജൻ കൊണ്ടുവരുന്ന ട്രാക്ടറുകളെ കൈകാര്യം ചെയ്യുന്നതിലും ഓക്സിജൻ സിലിണ്ടറുകളെ ബന്ധിപ്പിക്കുന്നതിലും യാന്ത്രിക പ്രശ്നങ്ങൾ ഉണ്ടായെന്നാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിനോട് സംസ്ഥാന സർക്കാർ പറഞ്ഞത്. എന്നാൽ ഇക്കാരണങ്ങൾ പറഞ്ഞു ജനതയെ മരിക്കാൻ വിടരുതെന്ന് രൂക്ഷമായ ഭാഷയിൽ കോടതി പ്രതികരിച്ചു.

ഇന്ന് രാത്രിയോടെ കൃത്യമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആശുപത്രി-സംസ്ഥാന അധികാരികൾക്ക് നിർദേശം നൽകി. റിപ്പോർട്ടിൽ ഓക്സിജൻ വിതരണത്തെക്കുറിച്ചും ഓക്സിജൻ ടാങ്കുകളുടെയും, കോൺസെൻട്രേറ്ററുകളുടെയും, ഡ്രൈവർമാരുടെയും ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടും.

അതേസമയം മെഡിക്കൽ ഓക്‌സിജന്റെ ലഭ്യതയിലും വിതരണത്തിലും ഇടയിലുള്ള ക്രമമില്ലായ്മയാണ് ഇത്തരം ചില പ്രശ്‌നങ്ങൾക്ക് കാരണമായതെന്നും അല്ലാതെ സംസ്ഥാനത്ത്‌ ഓക്സിജൻ ക്ഷാമം ഇല്ലെന്നും ജിഎംസിഎച്ച് സന്ദർശിച്ച ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

Next Story