
കൊവിഡ് പ്രതിരോധത്തില്‍ സംഭവിച്ച പാളിച്ചകളുടെ പേരില്‍ വ്യാപകമായി വിമര്‍ശനങ്ങള്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ബിജെപി നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ത്രിവേന്ദ്ര സിംഗ് റാവത്തിന്റെ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. ലോകത്താകെ വിപത്ത് വിതച്ച നോവല്‍ കൊറോണ വൈറസിനും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് റാവത്ത് പറഞ്ഞതാണ് വിവാദമായത്. വൈറസ് ഒരു ജീവനുള്ള സൂക്ഷജീവിയാണെന്നും അതിനാല്‍ വൈറസിന് ജീവിക്കാന്‍ അവകാശമുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. നമ്മളെപ്പോലെ തന്നെ ഒരു ജീവനാണ് വൈറസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ജീവനുള്ള നമ്മള് മനുഷ്യര്‍ ഏറ്റവും ബുദ്ധിയുള്ളവരും മിടുക്കന്മാരും നമ്മളാണെന്ന് ധരിക്കുന്നു. പക്ഷേ വൈറസിനും ഭൂമിയില്‍ ജീവിക്കാന്‍ ആഗ്രഹമുണ്ട്. ആ സൂക്ഷ്മജീവിയ്ക്കും അതിനുള്ള അധികാരമുണ്ട്. സ്വജീവന്‍ നിലനിര്‍ത്താനാണ് അത് പെരുകുന്നതും ജനിതകമാറ്റത്തിന് വിധേയമാകുന്നതും’. കെ ന്യൂസിന് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു റാവത്തിന്റെ പരാമര്‍ശങ്ങള്‍. വൈറസില്‍ നിന്നും സുരക്ഷിതമായ അകലം പാലിച്ച് സ്വയം രക്ഷിക്കുക മാത്രമാണ് നമ്മള് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ ടിവിയോട് റാവത്ത് സംസാരിക്കുന്ന വീഡിയോയുടെ ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുവരികയാണ്. പ്രതിസന്ധിഘട്ടത്തില്‍ വൈറസിനെ ഓര്‍ത്ത് ഇത്ര ഹൃദയവിശാലതയുള്ള മറ്റാരെങ്കിലുമുണ്ടെകുമോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അതേസമയം റാവത്തിന്റെ പരാമര്‍ശങ്ങളെ ഗൗരവകരമായ പ്രശ്നമായി കാണുന്നുവെന്നും ശക്തമായി അപലപിക്കുന്നുവെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ പരഞ്ഞു. റാവത്ത് പറഞ്ഞത് ശുദ്ധ അസംബന്ധവും മണ്ടത്തരവുമാണന്ന് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സൂര്യകാന്ത് ദസ്മന അഭിപ്രായപ്പെട്ടു.
- TAGS:
- BJP
- corona virus
- Covid 19