Top

ഡീസലടിക്കൂ..അന്വേഷിക്കാം: മകളെ കാണാനില്ലെന്ന് പരാതിപ്പെട്ട വിധവയായ അമ്മയോട് യുപി പൊലീസ്

താൻ പൊലീസുകാർക്ക് പണം കൈക്കൂലി ആയി നൽകിയിട്ടില്ല എന്നാൽ വാഹനങ്ങളിൽ ഇന്ധനം നിറക്കാനായി പണം ചെലവാക്കിയിട്ടുണ്ടെന്നുള്ളത് സത്യമാണെന്ന് അവർ സൂചിപ്പിച്ചു.

2 Feb 2021 5:55 AM GMT

ഡീസലടിക്കൂ..അന്വേഷിക്കാം: മകളെ കാണാനില്ലെന്ന് പരാതിപ്പെട്ട വിധവയായ അമ്മയോട് യുപി പൊലീസ്
X

ഉത്തർപ്രദേശ് : തട്ടിക്കൊണ്ടു പോയ മകളെ അന്വേഷിച്ചു കണ്ടുപിടിക്കാനായി പൊലീസ് വാഹനങ്ങളിൽ ഡീസൽ അടിച്ചുകൊടുക്കേണ്ടി വന്നെന്ന ആരോപണവുമായി അമ്മ. ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിലാണ് കാലിന് സ്വാധീനം ഇല്ലാത്ത വിധവയായ ഗുഡിയ എന്ന സ്ത്രീക്ക് പ്രായപൂർത്തിയാകാത്ത തന്റെ മകളെ തിരയാനായി പൊലീസ് വാഹനങ്ങളിൽ ഡീസൽ അടിച്ചുകൊടുക്കണമെന്ന ആവശ്യത്തിനായി കൈക്കൂലി കൊടുക്കേണ്ടി വന്നത്. ഇതിനായി ഏതാണ്ട് 10,000 മുതൽ 15,000 രൂപ വരെ താൻ ചെലവാക്കിയെന്നും അവർ പറയുന്നു.

കഴിഞ്ഞ മാസമാണ് പ്രായപൂർത്തിയാകാത്ത മകളെ ബന്ധുക്കളിൽ ഒരാൾ തട്ടിക്കൊണ്ടു പോയതെന്ന് ഗുഡിയ ആരോപിക്കുന്നു. തുടർന്നുള്ള പൊലീസ് അന്വേഷണത്തിനായി ചെന്ന അവരെ പൊലീസ് സഹായിച്ചില്ല. കൂടാതെ അന്വേഷണത്തിന് വേണ്ടി പോകാനായി പൊലീസ് വാഹനങ്ങളിൽ ഇന്ധനം നിറക്കേണ്ടിയും വന്നു. അന്വേഷണ പുരോഗതി അറിയാൻ ചെല്ലുന്ന തന്നെ പലപ്പോഴായി പൊലീസുകാർ ആട്ടിയോടിക്കുമായിരുന്നു എന്നും അവർ പറയുന്നു.

പൊലീസുകാരുടെ ഈ കൃത്യവിലോപത്തിനെതിരെ കഴിഞ്ഞ ദിവസം ഗുഡിയ കാൺപുർ പൊലീസ് മേധാവിയെ കണ്ട് പരാതി ഉന്നയിച്ചു. പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കവെ താൻ പൊലീസുകാർക്ക് പണം കൈക്കൂലി ആയി നൽകിയിട്ടില്ല എന്നാൽ വാഹനങ്ങളിൽ ഇന്ധനം നിറക്കാനായി പണം ചെലവാക്കിയിട്ടുണ്ടെന്നുള്ളത് സത്യമാണെന്ന് അവർ സൂചിപ്പിച്ചു. എന്നിട്ടും പൊലീസുകാരുടെ സഹായം തനിക്കു ലഭിച്ചില്ലെന്നും മറിച്ചു മകളുടെ വ്യക്തിഹത്യ നടത്തുകയായിരുന്നു അവരെന്നും ഗുഡിയ ആരോപിച്ചു.

‘ബന്ധുക്കളിൽ നിന്നും മറ്റുമായാണ് ദരിദ്രയായ ഞാൻ ഈ പണം കടം വാങ്ങിയത്. ഈ പണമുപയോഗിച്ചാണ് 3-4 തവണത്തെ യാത്രക്കുള്ള ഇന്ധനം പൊലീസ് നിറച്ചതും. ഇതിലൊരു തീരുമാനമാകാതെ എനിക്കെങ്ങനെ മാറി നിൽക്കാനാകും’, അവർ ചോദിക്കുന്നു.

ഗുഡിയ മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് കുറ്റാരോപിതരായ പൊലീസുകാരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇക്കാര്യത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ കാണാതായ പെൺകുട്ടിയെ തെരയാനായി പൊലീസുകാരുടെ നാലു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസിന്റെ ട്വീറ്റിൽ പറയുന്നു.

ഈ കേസിൽ ഉടൻ തുടർനടപടി ഉണ്ടാകണമെന്ന് ഉത്തരവാദിത്തപ്പെട്ട പൊലീസ് അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ ബ്രജേഷ് കുമാർ ശ്രീവാസ്തവ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അമ്മയുടെ എല്ലാ ആരോപണങ്ങളും പരിശോധിക്കുമെന്നും, കുറ്റക്കാരെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Next Story

Popular Stories